'പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ വിപണിയെ സ്വാധീനിക്കാം'
- സഹകരണം ശക്തിപ്പെടുത്താന്‍ ബാറ്റ ഇന്ത്യ
- ഡിജിറ്റൈസേഷനില്‍ നിക്ഷേപം നടത്തും
- ചെറുനഗരങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാന്‍ ബാറ്റ
പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആഗോള ആശങ്കകളും സംശയങ്ങളും ഉപഭോക്തൃ വികാരത്തെ ഹ്രസ്വകാലത്തേക്ക് സ്വാധീനിച്ചേക്കാമെന്ന് ബാറ്റ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗുഞ്ജന്‍ ഷാ. ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്പനിയുടെ വളര്‍ച്ചയെയും ലാഭത്തെയും കുറിച്ച് ഷാ ശുഭാപ്തിവിശ്വാസത്തിലാണ്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല.
'കഴിഞ്ഞ വര്‍ഷം കമ്പനി വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. 2023 ഞങ്ങള്‍ക്ക് മികച്ച വര്‍ഷമായിരിക്കും. കമ്പനിയുടെ ടീം സഹകരണം ശക്തിപ്പെടുത്തുകയും വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.
കൂടാതെ ഡിജിറ്റൈസേഷനില്‍ നിക്ഷേപം നടത്തുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. ഭാവിയില്‍ ലാഭകരമായ വളര്‍ച്ച കൈവരിക്കാന്‍ ഞങ്ങള്‍ തികച്ചും സജ്ജരാണ്,' അദ്ദേഹം പറഞ്ഞു.
ആദ്യമായി 2,000പ്ലസ് സ്റ്റോറുകള്‍ എന്ന നാഴികക്കല്ല് കടന്നതും സ്നീക്കര്‍ സ്റ്റുഡിയോയുടെ ആശയം വിപുലീകരിക്കുന്നതും ഉള്‍പ്പെടെ ഈ വര്‍ഷം ബാറ്റാ നിരവധി നാഴികക്കല്ലുകള്‍ കൈവരിച്ചു.
'200-ലധികം ഫ്രാഞ്ചൈസി സ്റ്റോറുകള്‍, ഷോപ്പ്-ഇന്‍-ഷോപ്പ്, കമ്പനി ഉടമസ്ഥതയിലുള്ള കമ്പനി-ഓപ്പറേറ്റഡ് സ്റ്റോറുകള്‍ എന്നിവ തുറന്നു, മൊത്തത്തിലുള്ള സ്റ്റോറുകളുടെ എണ്ണം 2,000 നാഴികക്കല്ല് പിന്നിട്ടു,' ഷാ പറഞ്ഞു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍, ഉയര്‍ന്ന നിലവാരമുള്ള ഫാഷന്‍ ഉപഭോക്താക്കള്‍ക്കായി എക്‌സ്‌ക്ലൂസീവ് ഓഫറുകളുള്ള 'റെഡ് ലേബല്‍ ബൈ ബാറ്റ' എന്ന ആശയത്തില്‍ കമ്പനി അതിന്റെ ആദ്യ സ്റ്റോര്‍ ആരംഭിച്ചു. കൂടാതെ, ഈ വര്‍ഷം ഇന്ത്യയിലുടനീളം 25 സ്ത്രീകള്‍ക്കുമാത്രമുള്ള സ്റ്റോറുകളും തുറന്നു.
ചെറുനഗരങ്ങളിലെ ഫാഷനുകള്‍ക്കുവേണ്ടിയുള്ള ആവശ്യകത പരിഗണിച്ച് അതില്‍ മുന്നിലെത്താന്‍ വേണ്ട നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. ബാറ്റയുടെ മുഴുവന്‍ പോര്‍ട്ട്ഫോളിയോകളിലേക്കും എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കുന്നതിന് വേണ്ട നടപടികളാണ് കമ്പനി കൈക്കൊണ്ടിട്ടുള്ളത്.
ബാറ്റ ഇന്ത്യയുടെ അറ്റാദായം 2022-23ല്‍ 319 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തില്‍ ഇത് 100 കോടിയായിരുന്നു. ഈ വര്‍ഷത്തെ വരുമാനം 3,451.5 കോടി രൂപയാണ്.