രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ കൊച്ചിയില്‍
- രാജ്യത്ത് സ്വകാര്യ ജെറ്റ് ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന നാല് വിമാനത്താവളങ്ങളിലൊന്നായി സിയാല്‍ മാറും
കൊച്ചി: സ്വകാര്യ/ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) സജ്ജമാക്കിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ നാളെ വൈകിട്ട് അഞ്ച് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 40,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലാണിത്. ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ, രാജ്യത്ത് സ്വകാര്യ ജെറ്റ് ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന നാല് വിമാനത്താവളങ്ങളിലൊന്നായി സിയാല്‍ മാറും.
ആധുനിക സൗകര്യങ്ങളോട് കൂടി, പരമാവധി ചെലവ് കുറച്ച് പണി കഴിപ്പിച്ചിട്ടുള്ളതിനാല്‍, താരതമ്യേന കുറഞ്ഞ ചെലവില്‍ ബിസിനസ് ജെറ്റ് യാത്രകള്‍ ഒരുക്കുക എന്ന ആശയം ടെര്‍മിനലിന്റെ ഉദ്ഘാടനത്തോടെ സാക്ഷാത്ക്കരിക്കപ്പെടും.
വ്യോമയാന മേഖലയുടെ ഭാവി മുന്നില്‍ കണ്ട്, നിരവധി പദ്ധതികള്‍ സിയാല്‍ ഇതിനോടകം ആസൂത്രണം ചെയ്തിട്ടുണ്ട്. 30 കോടി രൂപ മുടക്കി വെറും 10 മാസത്തിനുള്ളിലാണ് ടെര്‍മിനലിന്റെ പണി പൂര്‍ത്തീകരിച്ചത്. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും വിജയകരമായി നടപ്പിലാക്കാനുമുള്ള സിയാലിന്റെ വികസന നയത്തിന്റെ ഭാഗമായാണ് ബിസിനസ് ജെറ്റ് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
അന്താരാഷ്ട്ര, ആഭ്യന്തര ബിസിനസ് ജെറ്റ് സര്‍വീസുകള്‍, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാര്‍ട്ടര്‍ ഗേറ്റ്വേ പ്രവര്‍ത്തിക്കും.
സ്വകാര്യ കാര്‍ പാര്‍ക്കിംഗ് ഇടം, ഡ്രൈവ്-ഇന്‍ പോര്‍ച്ച്, മികച്ച ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകള്‍, ബിസിനസ് സെന്റര്‍, ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഹെല്‍ത്ത്, സെക്യൂരിറ്റി സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിന്‍ എക്സ്ചേഞ്ച് കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം എന്നിവയും ഗേറ്റ്വേയുടെ സവിശേഷതകളാണ്. ഇതിനുപുറമെ, അതി സുരക്ഷ ആവശ്യമുള്ള വിഐപി സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്.