ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ എസ് പി ഹിന്ദുജ അന്തരിച്ചു; ഓര്‍മ്മയായത് ബിസിനസ് ഗ്രൂപ്പിലെ അതികായന്‍

  • എസ്പി ഹിന്ദുജ മറവിരോഗബാധിതനായിരുന്നു
  • പിതാവിന്റെ തത്വങ്ങളും മൂല്യങ്ങളും അതേപടി പിന്തുടര്‍ന്നു
  • ഇന്ത്യ-യുകെ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സംഭാവന നല്‍കി

Update: 2023-05-17 16:33 GMT

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീചന്ദ് പര്‍മാനന്ദ് ഹിന്ദുജ (87) ലണ്ടനില്‍ അന്തരിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘനാളായി ചികിത്സയിലായിരുന്നതായി അദ്ദേഹത്തിന്റെ കുടുംബ വക്താവ് അറിയിച്ചു. നാല് ഹിന്ദുജ സഹോദരന്‍മാരില്‍ മൂത്തയാളായിരുന്നു എസ്പി ഹിന്ദുജ.

1952-ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഹിന്ദുജ ഗ്രൂപ്പിന്റെ സ്ഥാപകനായ പിതാവ് പി ഡി ഹിന്ദുജയ്ക്കൊപ്പം കുടുംബ ബിസിനസില്‍ ചേര്‍ന്നു. ബ്രിട്ടീഷ് പൗരനായ എസ്പി ഹിന്ദുജയ്ക്ക് ഗോപിചന്ദ്, പ്രകാശ്, അശോക് എന്നീ മൂന്ന് സഹോദരങ്ങളും ഷാനു, വിനു എന്നീ രണ്ട് പെണ്‍മക്കളുമുണ്ട്.

ശത കോടീശ്വരനായ എസ്പി ഹിന്ദുജ മറവിരോഗബാധിതനായിരുന്നു. ഭാര്യ മധു ഈ വര്‍ഷം ജനുവരിയിലാണ് മരിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായാണ് ഹിന്ദുജ ഗ്രൂപ്പിനെ കണക്കാക്കുന്നത്. മുംബൈ കേന്ദ്രീകരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

ബിസിനസ് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്ന പിഡി ഹിന്ദുജ അനുവര്‍ത്തിച്ച തത്വങ്ങളും മൂല്യങ്ങളും അതേപടി പിന്തുടര്‍ന്നു വന്നാണ് എസ് പി ഹിന്ദുജ വ്യവസായ സാമ്രാജ്യത്തിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടിയത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം ഗ്രൂപ്പിനെ അതിവേഗം മുന്നോട്ടു നയിച്ചു. കുടുംബത്തില്‍ അദ്ദേഹം മറ്റുള്ളവരുടെ പ്രധാന ഉപദേശകനുമായിരുന്നു.

ആതിഥേയ രാജ്യമായ യുകെയും ജന്മനാടും തമ്മില്‍ ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതില്‍ സഹോദരങ്ങള്‍ക്കൊപ്പം അദ്ദേഹം വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിരുന്നു.

ഗ്രൂപ്പിന്റെ സ്ഥാപക തത്വങ്ങളും മൂല്യങ്ങളും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു രീതി. ആത്മീയവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇടകലര്‍ന്ന പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. ഒരേസമയം ധീരനും ഹൃദയംകൊണ്ട് ഉദാര മനസ്‌കനുമായിരുന്നു ഈ ബിസിനസ് കുലപതി.

നാല് സഹോദരങ്ങളും ചേര്‍ന്നു യോജിച്ചായിരുന്നു ബിസിനസിലെ മുന്നോട്ടുള്ള പ്രയാണങ്ങളെന്ന് കുടുംബ വക്താവ് വിശദീകരിച്ചു.

എന്നാല്‍ കഴിഞ്ഞ മാസം സഹോദരനായ ഗോപീചന്ദ് ശ്രീചന്ദിന്റെ പെണ്‍മക്കളായ വിനുവിനും ഷാനുവിനും നല്‍കിയിട്ടുള്ള അധികാരപത്രത്തിന്റെ നിയമസാധുതയെ വെല്ലുവിളിച്ചിരുന്നു. ഹിന്ദുജ കുടുംബത്തിന്റെ ആഗോള ബിസിനസ്് സാമ്രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കള്‍ക്ക് കാരണമായി.

ഹിന്ദുജ കുടുംബത്തിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് ലണ്ടന്‍ ഹൈക്കോടതിയില്‍ നടന്ന കേസ് ഉള്‍പ്പെടെ അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന എല്ലാ തര്‍ക്കങ്ങളും അവസാനിപ്പിക്കുമെന്ന് കുടുബത്തിലെ അഭിഭാഷകര്‍ വ്യക്തമാക്കിയതായി വാര്‍ത്തയുണ്ടായിരുന്നു.

കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റലിനെ ലേലത്തില്‍ ഏറ്റെടുക്കാന്‍ 9,650 കോടി രൂപ ഹിന്ദുജ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതുമാണ്.

സ്വീഡിഷ് തോക്ക് നിര്‍മ്മാതാക്കളായ എബി ബൊഫോഴ്സിനെ ഇന്ത്യന്‍ സര്‍ക്കാരുമായി കരാര്‍ ഉറപ്പിക്കാന്‍ സഹായിക്കുന്നതിനായി ഹിന്ദുജ ഗ്രൂപ്പ് ശ്രമിച്ചിരുന്നു. ഇതിനായി സഹോദരങ്ങള്‍ അനധികൃത കമ്മീഷനുകള്‍ സ്വീകരിച്ചതു സംബന്ധിച്ച് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ തെളിവിന്റെ അഭാവത്തില്‍ സഹോദരങ്ങളെ കോടതി കുറ്റവിമുക്തരാക്കി.

Tags:    

Similar News