നിക്ഷേപം ആകര്‍ഷിക്കാന്‍ ഇറ്റലി, ഫ്രാന്‍സ് സിഇഒമാരുമായി ഗോയലിന്റെ ചര്‍ച്ച

  • 600ഓളം പ്രതിനിധികള്‍ ഇന്ത്യ-ഫ്രാന്‍സ് ബിസിനസ് സമ്മിറ്റില്‍ പങ്കെടുക്കും
  • വിവിധ മേഖലകളിലെ ബിസിനസ് നേതൃത്വങ്ങളുമായി കൂടിക്കാഴ്ച

Update: 2023-04-10 09:11 GMT

നാളെ തുടങ്ങുന്ന ത്രിദിന വിദേശ പര്യടന പരിപാടിക്കിടെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ നിരവധി ബിസിനസ് നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുന്നു. ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ സിഇഒമാരുമായാണ് ഗോയല്‍ കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള ടോപ് സിഇഒകളുടെ സംഘവും ഗോയലിനെ അനുഗമിക്കുന്നുണ്ട്.

ഫ്രാന്‍സില്‍ നാളെ നടക്കുന്ന ഇന്ത്യ-ഫ്രാന്‍സ് ബിസിനസ് സമ്മിറ്റില്‍ ഫ്രാന്‍സിന്റെ വിദേശ വ്യാപാര സഹമന്ത്രി ഒലിവര്‍ ബെഷ്റ്റിനൊപ്പം ഗോയല്‍ അധ്യക്ഷത വഹിക്കും. പരിസ്ഥിതി സൗഹൃദ ഭാവി, വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യകള്‍, പ്രതിരോധ രംഗത്തെ സഹകരണം എന്നിവയെല്ലാം ഈ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഇതിനു പുറമേ വിവിധ മേഖലകളിലെ ബിസിനസ് നേതൃത്വങ്ങളുമായി ഗോയല്‍ കൂടിക്കാഴ്ച നടത്തുകയും ഒരു സിഇഒ റൗണ്ട് ടേബിളില്‍ പങ്കെടുക്കുകയും ചെയ്യും.

600ഓളം പ്രതിനിധികള്‍ ഇന്ത്യ-ഫ്രാന്‍സ് ബിസിനസ് സമ്മിറ്റില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്രാന്‍സിലെ ഇന്ത്യന്‍ ബിസിനസ് സമൂഹവും ഉച്ചകോടിയില്‍ പങ്കുവഹിക്കും. പാരിസിലെ ഇന്ത്യന്‍ സമൂഹവുമായുള്ള ചര്‍ച്ചയ്ക്കും ഗോയല്‍ സമയം കണ്ടെത്തും. 1000 ഓളം ഫ്രഞ്ച് ബിസിനസുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിരോധം, ഐടിഇഎസ്, കണ്‍സള്‍ട്ടിംഗ്, എന്‍ജിനീയറിംഗ് സേവനങ്ങള്‍, ഭാര വ്യവസായം എന്നീ മേഖലകളിലാണ് പ്രധാനമാ.ും ഫ്രഞ്ച് നിക്ഷേമുള്ളത്.

ഇറ്റലിയില്‍ സിഇഒമാരുമായുള്ള സംവാദത്തിലും ടോപ് സിഇഒമാരുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലും ഗോയല്‍ പങ്കെടുക്കുന്നുണ്ട്. ഇറ്റലിയുടെ ഉപപ്രധാനമന്ത്രിയും വിദേശ കാര്യ സഹമന്ത്രിയുമായ അന്റോണിയോ തജാനിയുമായും അദ്ദേഹം ചര്‍ച്ച നടത്തും. യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യയുടെ ടോപ് 5 വ്യപാര പങ്കാളിയാണ് ഇറ്റലി.

Tags:    

Similar News