2023-24ല്‍ 20,000 കോടി രൂപയുടെ പ്രൊജക്റ്റുകള്‍ക്കൊരുങ്ങി ഡിഎല്‍എഫ്
- പുതിയ പ്രൊജക്റ്റുകള്‍ പ്രധാനമായും ഡെല്‍ഹിയിലും ചെന്നൈയിലും
- 2022-23ല്‍ നടന്നത് റെക്കോഡ് വില്‍പ്പന ബുക്കിംഗ്
- ആഡംബര വിഭാഗത്തില്‍ ആവശ്യകത വര്‍ധിക്കുന്നു
റിയൽറ്റി വമ്പന്‍മാരായ ഡിഎൽഎഫ് ലിമിറ്റഡ് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 19,710 കോടി രൂപയുടെ പ്രോജക്ടുകൾ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ശക്തമായ ഭവന ആവശ്യകതയുടെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക വർഷത്തിൽ ഏകദേശം 12,000 കോടി രൂപയുടെ വിൽപ്പന ബുക്കിംഗ് കൈവരിക്കാൻ സാധിക്കുമെന്നാണ് ഡിഎല്‍എഫ് പ്രതീക്ഷിക്കുന്നത്
കഴിഞ്ഞ സാമ്പത്തിക വർഷം വിൽപ്പന ബുക്കിംഗ് രണ്ട് മടങ്ങ് വർധിച്ച് 15,058 കോടി രൂപയെന്ന റെക്കോർഡ് തലത്തിലെത്തിയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 2021-22ല്‍ 7,273 കോടി രൂപയുടെ ബുക്കിംഗാണ് നടന്നിരുന്നത്. മാർച്ച് പാദത്തിൽ ഗുരുഗ്രാമിൽ ആരംഭിച്ച "ദി ആർബർ" എന്ന ഒരൊറ്റ ആഡംബര ഭവന പദ്ധതിയിൽ നിന്ന് മാത്രം കമ്പനി 8,000 കോടി രൂപ നേടി.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ റെക്കോർഡ് വിൽപ്പന ബുക്കിംഗിൽ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ്, 2023-24 വർഷത്തേക്ക് 11.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണവും 19,710 കോടി രൂപയുടെ വിൽപ്പന വരുമാന സാധ്യതയുമുള്ള പ്രൊജക്റ്റുകളുടെ ആസൂത്രണം നടത്തുന്നത്. ഈ സാമ്പത്തിക വർഷം ആരംഭിക്കുന്ന പദ്ധതികളിൽ ഭൂരിഭാഗവും ഡൽഹി-എൻസിആർ, ചെന്നൈ എന്നിവിടങ്ങളിലെ ഭവന വിഭാഗത്തിലായിരിക്കും.
കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം 10 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും 14,600 കോടി രൂപ വിലമതിക്കുന്നതുമായ പ്രൊജക്റ്റുകളാണ് കമ്പനി ആരംഭിച്ചത്. 2021-22ൽ 1,500.32 കോടി രൂപയായിരുന്ന ഡിഎൽഎഫിന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 36 ശതമാനം വർധിച്ച് 2,033.95 കോടി രൂപയായി. മൊത്തവരുമാനം മുൻവർഷത്തെ 6,137.85 കോടിയിൽ നിന്ന് 2022-23ൽ 6,012.14 കോടിയായി കുറഞ്ഞു.
2021-22 നാലാം പാദത്തിലെ 405.54 കോടി രൂപയിൽ നിന്ന് ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പാദത്തിൽ ഏകീകൃത അറ്റാദായം 40 ശതമാനം വർധിച്ച് 569.60 കോടി രൂപയായതായും വെള്ളിയാഴ്ച ഡിഎൽഎഫ് റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് പാദത്തിൽ മൊത്തവരുമാനം മുൻവർഷം ഇതേ കാലയളവിലെ 1,652.13 കോടി രൂപയിൽ നിന്ന് 1,575.70 കോടി രൂപയായി കുറഞ്ഞു.
ആഡംബര വിഭാഗത്തില് വർദ്ധിച്ചുവരുന്ന ആവശ്യകതക്കൊപ്പം ഭവനനിലവാരം ഉയര്‍ത്തുന്നതിനുള്ള ആവശ്യകതയും പുതിയ ഓഫറുകൾ വർദ്ധിപ്പിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായി തുടരാൻ പ്രേരിപ്പിക്കുന്നുവെന്ന് കമ്പനി കൂട്ടിച്ചേർത്തു. ഗ്രൂപ്പിന് മൊത്തം 40 മില്യൺ ചതുരശ്ര അടിയുടെ വാർഷിക പോർട്ട്‌ഫോളിയോയുണ്ട്. റെസിഡൻഷ്യൽ, കൊമേഴ്സ്യൽ വിഭാഗങ്ങളിലായി മൊത്തം 215 ദശലക്ഷം ചതുരശ്ര അടി വികസന സാധ്യതയാണ് കമ്പനിക്കുള്ളത്.