അറ്റാദായം ഇരട്ടിച്ചു; 4,500 കോടിയുടെ ഓഹരി മൂലധന സമാഹരണം ലക്ഷ്യമിട്ട് ബിഒഐ
- 2023 -24ല്‍ ലക്ഷ്യമിടുന്നത് 11-12 ശതമാനം വളർച്ച
- ജിഎന്‍പിഎ അനുപാതം 7.31 ശതമാനമായി കുറഞ്ഞു
- 6,500 കോടിയുടെ മൂലധന സമാഹരണ പദ്ധതിക്ക് അനുമതി
മാർച്ച് പാദത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം 115 ശതമാനം ഉയർന്ന് 1,388.19 കോടി രൂപയിലെത്തി. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കിന്‍റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ലാഭം 3,882 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 3,406 കോടി രൂപ രേഖപ്പെടത്തിയ സ്ഥാ നത്താണിത്.
നടപ്പു സാമ്പത്തിക വർഷത്തിൽ ഓഹരി മൂലധനമായി 4,500 കോടി രൂപയുടെ മൂലധന സമാഹരണമാണ് ബാങ്ക് പദ്ധതിയിടുന്നത്, ഇത് ബാങ്കിലെ സർക്കാരിന്‍റെ ഓഹരി പങ്കാളിത്തെ സെബി നിഷ്കര്‍ഷിച്ചിട്ടുള്ള 75 ശതമാനത്തിലേക്ക് കുറയ്ക്കാൻ സഹായിക്കും.
ബാങ്കിന്റെ പ്രധാന അറ്റ പലിശ വരുമാനം 37 ശതമാനത്തിലധികം ഉയർന്ന് 5,493 കോടി രൂപയായി. ഇത് അറ്റ പലിശ മാർജിൻ മുൻവർഷം സമാന കാലയളവിലെ 2.56 ശതമാനത്തിൽ നിന്ന് 3.15 ശതമാനമായി ഉയർത്തി. 13 ശതമാനം വര്‍ധനയാണ് വായ്പകളില്‍ ഉണ്ടായത്. നാലാം പാദത്തിൽ പലിശേതര വരുമാനം മുന്‍ വര്‍ഷം നാലാംപാദത്തിലെ 1,587 കോടി രൂപയിൽ നിന്ന് ഏകദേശം ഇരട്ടിയായി 3,099 കോടി രൂപയിലെത്തി. തൊട്ടുമുമ്പത്തെ ഡിസംബറിലെ പാദത്തിൽ ഇത് 1,432 കോടി രൂപയായിരുന്നു.
നിക്ഷേപങ്ങളുടെ വിൽപ്പനയിൽ നിന്നും പുനർമൂല്യനിർണ്ണയത്തിൽ നിന്നും 1,717 കോടി രൂപയുടെ ലാഭമാണ് ലഭിച്ചത്. ഇത് മുൻ വർഷം ഇതേ കാലയളവിൽ 111 കോടി രൂപ നഷ്ടമായിരുന്നു. കഴിഞ്ഞ ഡിസംബർ പാദത്തിൽ 115 കോടി രൂപ ലാഭമാണ് ഈയിനത്തില്‍ രേഖപ്പെടുത്തിയിരുന്നത്. 2022-23 ൽ, കോർപ്പറേറ്റ് വായ്പകളിൽ 9 ശതമാനം വളർച്ച രേഖപ്പെടുത്തി,
നടപ്പു സാമ്പത്തിക വർഷത്തിൽ 11-12 ശതമാനം വളർച്ചയാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ബിഒഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. റീട്ടെയിൽ, കൃഷി, എംഎസ്എംഇ (റാം) പോർട്ട്ഫോളിയോയുടെ വിഹിതം നിലവിലെ 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
മൊത്ത നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം മുൻവർഷത്തെ 9.98 ശതമാനത്തിൽ നിന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ 7.31 ശതമാനമായി കുറഞ്ഞു. 24 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ജിഎൻപിഎ അനുപാതം 6-6.25 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
മാർച്ച് 31-ന് ബാങ്കിന്‍റെ മൊത്തത്തിലുള്ള മൂലധന പര്യാപ്തത 16.28 ശതമാനമാണ്, ഇത് നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള ചുരുങ്ങിയ മൂലധന ആവശ്യകതയ്ക്ക് മുകളിലാണ്. മൊത്തം 6,500 കോടി രൂപയുടെ മൂലധന സമാഹരണ പദ്ധതിക്ക് ബോർഡ് അനുമതി നൽകിയിട്ടുണ്ട്. സമാഹരണത്തിന് ഏത് വഴിയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിച്ചതിന് ശേഷം സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ ബാങ്ക് വിപണിയിലെത്തും.