വീട്ടിലിരുന്നും ഷോപ്പ് ചെയ്യാം: വരുന്നു, ബോബി ചെമ്മണ്ണൂരിന്റെ വമ്പനൊരു മെറ്റാവേഴ്സ് ഷോപ്പിംഗ് മാള്‍
- ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെയും ഉല്ലാസത്തിന്റെയും പുതിയൊരു അനുഭവമായിരിക്കും മെറ്റാ മാളില്‍ ഒരുങ്ങുന്നത്
വീട്ടിലിരുന്ന് തന്നെ വസ്ത്രങ്ങള്‍ ധരിച്ചു നോക്കി ഷോപ്പ് ചെയ്യാം, പ്രമുഖ സിനിമാ താരങ്ങള്‍ക്കൊപ്പമിരുന്ന് സിനിമ കാണാം... പറഞ്ഞുവരുന്നത് മെറ്റാവേഴ്സില്‍ ഒരുങ്ങുന്ന കേരളത്തിലെ ആദ്യത്തെ മാളിനെപ്പറ്റിയാണ്. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ഷോപ്പിംഗ് മാളാണ് മെറ്റാവേഴ്സില്‍ തയ്യാറായി വരുന്നത്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലൂസിയ ലാബാണ് ഇതിനുവേണ്ട സാങ്കേതിക സഹായം ചെയ്യുന്നത്. വൈകാതെ തന്നെ മെറ്റാവേഴ്സ് ഷോപ്പിംഗ് മാള്‍ ലോഞ്ചിംഗ് ഉണ്ടാവും.
പ്രമുഖ എന്റര്‍ടൈനിംഗ് കമ്പനിയായ സൈനയുമായി ചേര്‍ന്നാണ് മാളിലെ എംമാക്സ് തിയേറ്റര്‍ സജ്ജമാവുന്നത്. വിആര്‍ ഹെഡ്സെറ്റും വെച്ച് എന്‍എഫ്ടി ടോക്കണെടുത്ത് തിയേറ്ററിനകത്ത് കയറി സിനിമ കാണാം. ഒപ്പം, പ്രമുഖ താരങ്ങളും സിനിമ കാണാനും നിങ്ങളുമായി അല്‍പ്പനേരം സംസാരിച്ചിരിക്കാനും എത്തിയേക്കാം. ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെയും ഉല്ലാസത്തിന്റെയും പുതിയൊരു അനുഭവമായിരിക്കും മെറ്റാ മാളില്‍ ഒരുങ്ങുന്നത്പ്രമുഖ ബ്രാന്‍ഡുകളെ അണിനിരത്തിയായിരിക്കും ഷോപ്പിംഗ് മാള്‍.
മാളിലെ വെര്‍ച്വല്‍ സ്പേസ് വാടകയ്ക്കെടുക്കുന്നതോടൊപ്പം കൂട്ടിച്ചേര്‍ക്കാനുള്ള ഓപ്പണ്‍ സീ മാര്‍ക്കറ്റ് സ്പേസും ഉണ്ടാവും. ഷോപ്പിംഗ് മാളിലെ ഔട്ട്ലെറ്റുകള്‍ക്ക് പുറമെ, വരുന്നവര്‍ക്കെല്ലാം ഇടപെടാനായി ഓപ്പണ്‍ മാര്‍ക്കറ്റും ഒരുക്കിയിട്ടുണ്ട്.
ഷോപ്പിംഗിനൊപ്പം, ഇലൂസിയ ലാബിന്റെ പ്രത്യേക പരിശീലന ലാബും ഷോപ്പിംഗ് മാളിനൊപ്പമുണ്ടാകും. ഒപ്പം, ഇന്റീരിയര്‍ ഡിസൈനിംഗ്, ഫാഷന്‍ ഡിസൈനിംഗ് ഷോറൂമുകളും വെര്‍ച്വല്‍ മാളിലുണ്ടാവും.
എന്താണ് മെറ്റാവേഴ്സ്?
വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ബ്ലോക്ക്ചെയ്ന്‍ സാങ്കേതികവിദ്യകളെയെല്ലാം സമ്മേളിപ്പിച്ചാണ് മെറ്റാവേഴ്സ് ലോകമൊരുക്കുന്നത്. ഉദാഹരണത്തിന്, ഒരാള്‍ക്ക് മെറ്റാവേഴ്സിലൂടെ താജ്മഹലിലേക്ക് ഒരു വെര്‍ച്വല്‍ ടൂര്‍ നടത്തണമെന്നിരിക്കട്ടേ. അതിനായി താജ്മഹലിന്റെ 3ഡി ചിത്രങ്ങള്‍ നിര്‍മിച്ച് വെര്‍ച്വല്‍ ബോക്സില്‍ അറ്റാച്ച് ചെയ്യണം.
വിവിധ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെയാണ് 3ഡി ചിത്രങ്ങള്‍ നിര്‍മിക്കുന്നതും അറ്റാച്ച് ചെയ്യുന്നതും. മെറ്റാവേഴ്സിലേക്ക് പ്രവേശിക്കാനായി പ്രത്യേകം വിആര്‍ ഗ്ലാസുകളും ആവശ്യമാണ്. ഇങ്ങനെ പ്രവേശിക്കാനായി ഓരോരുത്തര്‍ക്കും അവരുടെ അവതാറുകളും വേണം.
ചുരുക്കത്തില്‍, 3ഡി സോഫ്റ്റ്വെയറിന്റെ സഹായത്തോടെ നിര്‍മിച്ചെടുത്ത സ്ഥലങ്ങളിലേക്ക് (അത് സാങ്കല്‍പ്പിക ലോകമാവാം, യഥാര്‍ത്ഥ ലോകത്തിന്റെ വെര്‍ച്വല്‍ പതിപ്പാകാം) വിആര്‍ ബോക്സിന്റെ സഹായത്തോടെ പ്രവേശിക്കാനും അവിടെ കാര്യങ്ങള്‍ ചെയ്യാനും മറ്റുള്ളവരുമായി സംവദിക്കാനും സാധ്യമാക്കുന്നതാണ് മെറ്റാവേഴ്സ്.