മുംബൈ മലബാര്‍ ഹില്ലില്‍ ലക്ഷ്വറി പദ്ധതിക്ക് ഭൂമി ഏറ്റെടുത്ത് ബിര്‍ള ഗ്രൂപ്പ്
- ലക്ഷ്യമിടുന്നത് 600 കോടി രൂപ വരുമാന സാധ്യതയുള്ള പദ്ധതി
- ദീര്‍ഘകാല വളര്‍ച്ചാ തന്ത്രം ആഡംബരത്തില്‍ ഊന്നി
- സമാനതകളില്ലാത്ത കടല്‍ക്കാഴ്ചകളും പ്രദാനം ചെയ്യും
ആദിത്യ ബിർള ഗ്രൂപ്പിന്‍റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ബിർള എസ്റ്റേറ്റ്സ് തങ്ങളുടെ സൂപ്പര് ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് പദ്ധതിക്കായി ദക്ഷിണ മുംബൈയിലെ മലബാർ ഹില്ലിലുള്ള വാൽകേശ്വറിലെ മുന്‍നിര റസിഡൻഷ്യൽ ഏരിയയിൽ ഒരു പ്രീമിയം ഭൂമി ആസ്തി സ്വന്തമാക്കി. 600 കോടി രൂപ വരുമാന സാധ്യതയുള്ള ഒരു റെസിഡൻഷ്യൽ പ്രോജക്റ്റ് വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വർളിയിലെ ബിർള നിയാരയുടെ വിജയത്തിന് പിന്നാലെ സൂപ്പർ ലക്ഷ്വറി റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ബിർള എസ്റ്റേറ്റ്സ്. മുംബൈയിലെ വന്‍കിട മേഖലകളില്‍ ബോട്ടിക് വസതികൾ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
ആഡംബര പാർപ്പിട മേഖലയിൽ ഒരു ഇടം സൃഷ്ടിക്കുക എന്നത് തങ്ങളുടെ ദീർഘകാല വളർച്ചാ തന്ത്രമെന്നും വാൽകേശ്വറിലെ പ്രധാന ഇടത്തില്‍ സ്ഥലം ഏറ്റെടുക്കുന്നത് ബിർള എസ്റ്റേറ്റിനെ സംബന്ധിച്ച് സുപ്രധാന നാഴികക്കല്ലാണെന്നും ബിർള എസ്റ്റേറ്റ്സ് എംഡിയും സിഇഒയുമായ കെ ടി ജിതേന്ദ്രൻ പറഞ്ഞു. “സൗത്ത് മുംബൈയിലെ ഏറ്റവും ആവശ്യകതയുള്ള സ്ഥലങ്ങളിലൊന്നിൽ ബെസ്‌പോക്ക് ബോട്ടിക് വസതികൾ അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ ഞങ്ങൾ ആവേശഭരിതരാണ്. ഈ പ്രോജക്റ്റ് നഗരത്തിലെ ആഡംബര ജീവിതത്തിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കും," അദ്ദേഹം പറയുന്നു.
നിലവിൽ രാജ്യത്തെ പ്രധാന വിപണികളിലായി കമ്പനിക്ക് നിരവധി പ്രോജക്ടുകൾ ഉണ്ട്. പുതിയ ഏറ്റെടുക്കൽ ലോകോത്തര സൗകര്യങ്ങള്‍ക്കൊപ്പം സമാനതകളില്ലാത്ത കടൽ കാഴ്ചകളും ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
ആദിത്യ ബിർള ഗ്രൂപ്പ് കമ്പനി സ്വന്തം ലാൻഡ് പാഴ്സലുകൾ വികസിപ്പിക്കുന്നതിന് പുറമെ, നേരിട്ടുള്ള വാങ്ങലുകളിലൂടെയും സംയുക്ത സംരംഭങ്ങളിലൂടെയും ഭൂമി ആസ്തികള്‍ വിപുലീകരിക്കുകയാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിർള എസ്റ്റേറ്റ്സിന് എൻസിആർ, ബെംഗളൂരു എന്നിവിടങ്ങളിൽ പ്രാദേശിക ഓഫീസുകളുണ്ട്.