അദാനി ഗ്രീന്‍ എനര്‍ജിയുടെ അറ്റാദായം 4 മടങ്ങ് ഉയര്‍ന്നു

  • 2,676 മെഗാവാട്ട് പുനരുപയോഗ ശേഷി 2022- 23ല്‍ കൂട്ടിച്ചേര്‍ത്തു
  • ഊർജ്ജ വിൽപ്പന 58 ശതമാനം വർധിച്ചു
  • സോളാര്‍, കാറ്റാടി പദ്ധതികള്‍ക്കായി പങ്കാളിത്ത കരാറുകള്‍

Update: 2023-05-02 03:10 GMT

അദാനി ഗ്രീൻ എനർജിയുടെ ഏകീകൃത അറ്റാദായം മാർച്ച് പാദത്തിൽ 507 കോടി രൂപയിലേക്ക് ഉയർന്നു. 2022 മാർച്ച് 31 ന് അവസാനിച്ച പാദത്തില്‍ 121 കോടി രൂപയായിരുന്നതില്‍ നിന്ന് നാലു മടങ്ങ് വളര്‍ച്ചയാണ് കമ്പനിയുടെ ഏകീകൃത അറ്റാദായത്തില്‍ ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ മൊത്തവരുമാനം മുൻവർഷം നാലാം പാദത്തിലെ 1,587 കോടി രൂപയിൽ നിന്ന് 2,988 കോടി രൂപയായി ഉയർന്നു.

കമ്പനിയുടെ ഏകീകൃത അറ്റാദായം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി 973 കോടി രൂപയായി ഉയർന്നു. മുൻ സാമ്പത്തിക വർഷത്തിലിത് 489 കോടി രൂപയായിരുന്നു. മൊത്തവരുമാനം 2021-22ലെ 5,548 കോടി രൂപയിൽ നിന്ന് 2021-23ല്‍ 8,633 കോടി രൂപയായി ഉയർന്നു.

വിനീത് എസ് ജെയ്‌നിന്റെ പദവി മാനേജിംഗ് ഡയറക്ടർ & ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നതിൽ നിന്ന് 2023 മെയ് 11 മുതൽ മാനേജിംഗ് ഡയറക്ടർ എന്നതിലേക്ക് മാറിയതായും കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

ഊർജ്ജ വിൽപ്പന 58 ശതമാനം വർധിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ 14,880 മില്യൺ യൂണിറ്റുകളിലേക്കെത്തി. രാജസ്ഥാനിലെ 2,140 മെഗാവാട്ട് സൗരോർജ്ജ-കാറ്റ് ഹൈബ്രിഡ് പ്ലാന്റുകൾ, മധ്യപ്രദേശിലെ 325 മെഗാവാട്ട് കാറ്റാടി വൈദ്യുത പ്ലാന്റ്, രാജസ്ഥാനിലെ 212 മെഗാവാട്ട് സൗരോർജ്ജ പ്ലാന്റുകൾ എന്നിവ ഉൾപ്പടെ 2,676 മെഗാവാട്ട് പുനരുപയോഗ ശേഷി കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൂട്ടിച്ചേർത്തു.

450 മെഗാവാട്ട് കാറ്റാടി പദ്ധതികൾക്കും 650 മെഗാവാട്ട് സോളാർ പ്രോജക്ടുകൾക്കുമായി പങ്കാളിത്ത കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. 

Tags:    

Similar News