ആലുവയിൽ ലോക നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം, ബി സി സി ഐ 400 കോടി മുടക്കും
സ്ഥലം നൽകാൻ 14 സ്ഥലം ഉടമകൾ സന്നദ്ധത അറിയിച്ചു
കൊച്ചി :വിശാല കൊച്ചി വികസന അതോറിറ്റി (ഗ്രെയ്റ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റി - ജി സി ഡി എ ) മുൻകൈയെടുത്തു ആലുവക്കടുത്തു ചെങ്ങമനാട് നിർമിക്കുന്ന ലോക നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്പോർട്സ് കോംപ്ലക്സ് പദ്ധതിക്ക് ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ ( ബി സി സി ഐ ) 400 കോടി നിക്ഷേപിക്കും.
കോംപ്ലക്സ്നു സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ചുകൊണ്ട് 14 സ്ഥലം ഉടമകൾ ജി സി ഡി എ യുടെ ഈ അഭിമാന പദ്ധതിയുമായി സഹകരിക്കാൻ മുമ്പോട്ട് വന്നിട്ടുണ്ടന്നു, ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻ പിള്ള അടുത്തിടെ മൈഫിൻപോയിന്റ് ഡോട്ട് കോമിനോട് പറഞ്ഞു.
പദ്ധതിക്ക് വേണ്ടി ഫണ്ട് അനുവദിക്കാമെന്ന് ബി സി സി ഐ ഇതിനകം തന്നെ ജി സി ഡി എ ക്കു വാക്കു കൊടുത്തിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനിലൂടെ (കെ സി എ ) ആയിരിക്കും ബി സി സി ഐ ഫണ്ട് എത്തിക്കുക, ചന്ദ്രൻ പിള്ള പറഞ്ഞു
എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരു സമ്പൂർണ സ്പോർട്സ് കോംപ്ലക്സ് ആണ് വിഭാവന൦ ചെയ്തിരിക്കുന്നത്. ഇത് ഇതുപോലുള്ള കൂടുതൽ പദ്ധതികൾ കൊച്ചി നഗരത്തിലേക്ക് ആകർഷിക്കാൻ കാരണമായേക്കും. അങ്ങനെ വന്നാൽ, കൊച്ചി സംസ്ഥാനത്തിന്റെ സ്പോർട്സ് ക്യാപിറ്റൽ ആയി മാറും.
പദ്ധതിയുടെ ആദ്യ ഘട്ടത്തിന് സർക്കാരിന്റെ പല വിധ അനുവാദങ്ങൾ വേണ്ടി വരും അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മൂന്നു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്, ചന്ദ്രൻ പിള്ള പറഞ്ഞു.
ഇതിനകം 66 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജി സി ഡി എ യും, ബന്ധപ്പെട്ട പഞ്ചായത്തുകളും പദ്ധിതി പ്രദേശത്തു പണിയേണ്ട റോഡുകളുടെയും, മറ്റു പശ്ചാത്തല വികസന പദ്ധതികൾ സംബന്ധിച്ചും ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇത് ഭാവിയിൽ ഇത് സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നു ചന്ദ്രൻ പിള്ള പറഞ്ഞു
ഇപ്പോൾ തന്നെ ലോക നിലവാരമുള്ള ഒന്നിലധികം സ്റ്റേഡിയങ്ങൾ ജി സി ഡി എ ക്കു കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുണ്ട്.
ഇതുപോലുള്ള പദ്ധതികൾ നടപ്പാക്കാൻ ജി സി ഡി എ പ്രധാനപ്പെട്ട പങ്കു വഹിക്കുമെന്ന് ചന്ദ്രൻ പിള്ള പറഞ്ഞു. നഗരത്തിൽ പലയിടത്തായി താമസിക്കുന്ന സ്ഥലം ഉടമകളെ കണ്ടെത്തി പദ്ധതികൾക്ക് വേണ്ട സ്ഥലം ലഭ്യമാക്കുന്നതിലായിരിക്കും അതോറിറ്റി പ്രധാന പങ്കു വഹിക്കുന്നത്.
നഗരത്തിന്റെ മുഖച്ചയ മാറ്റിയ പല പദ്ധതികളും ജി സി ഡി എ സംഭാവന ചെയ്തിട്ടുണ്ട്. സ്റ്റേഡിയങ്ങൾ, മറൈൻ ഡ്രൈവ്, രാജേന്ദ്ര മൈതാനം, മറൈൻ ഡ്രൈവ് ഷോപ്പിംഗ് കോംപ്ലക്സ്, കടവന്ത്ര ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ അവയിൽ ചിലതാണ്.
കെട്ടിടങ്ങളിൽ നിന്നുള്ള വാടകയും, സർക്കാർ വർഷംതോറും നൽകുന്ന 2 കോടി രൂപയുമാണ് ജി സി ഡി എ യുടെ പ്രധാന വരുമാനം.