പ്രതിസന്ധിക്കിടയിലും റാങ്കിങ് നില ഉയർത്തി ഇന്ത്യൻ ബാങ്കുകൾ
- മൂല്യമുള്ള വായ്പാ ദാതാക്കളുടെ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 26 ആം സ്ഥാനത്തെത്തി
- എച്ച്ഡിഎഫ് സി ബാങ്ക് 13 ആം സ്ഥാനത്തു തന്നെയാണ് ഇപ്പോഴും തുടരുന്നത്.
യു എസ് ബാങ്കിങ് പ്രതിസന്ധി ആഗോള ബാങ്കുകളിലേക്കും പടരുമ്പോൾ ഇന്ത്യൻ ബാങ്കുകൾക്ക് താരതമ്യേന കുറഞ്ഞ തോതിൽ മാത്രമേ ഇതിന്റെ പ്രതിഫലനമുണ്ടായുള്ളു. പ്രതിസന്ധിക്ക് ശേഷവും ആഗോള ചാർട്ടിൽ ഇന്ത്യൻ ബാങ്കുകളുടെ സ്ഥാനം ഉയരുന്ന കാഴ്ചയും കാണാം. ഈ മാസം ആദ്യം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഏറ്റവുമധികം മൂല്യവത്തായ ബാങ്കുകളുടെ പട്ടികയിൽ 30 -ാം സ്ഥാനത്തു നിന്ന് 26 ാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. പട്ടികയിൽ എച്ച് ഡി എഫ് സി ബാങ്കാകട്ടെ 13 -ാം സ്ഥാനത്തു തന്നെയാണ് ഇപ്പോഴും തുടരുന്നത്.
ബാങ്കുകളുടെ തകർച്ച മൂലം ആഗോള ബാങ്കിങ് ഓഹരികളിൽ കടുത്ത വില്പന സമ്മർദ്ദം ഉണ്ട്. ഒപ്പം വർധിക്കുന്ന യു എസ് നിരക്ക് മൂലം ബോണ്ട് പോർട്ടഫോളിയോയുടെ നഷ്ടത്തിന്റെ അപകട സാധ്യതയെ കുറിച്ചുള്ള ആശങ്കകളും നില നിൽക്കുന്നുണ്ട്. ഇന്ത്യൻ ബാങ്കുകളിൽ താരതമ്യേന വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാത്തതിനാൽ നിക്ഷേപകരെ സംബന്ധിച്ച് ഇവിടെ സുരക്ഷിതമായ ഇടമാണ്.
ആഭ്യന്തര നിക്ഷേപകരുടെ നിക്ഷേപം തന്നെയാണ് ഈ ഘട്ടത്തിൽ ഇന്ത്യൻ ബാങ്കുകൾക്ക് ശക്തമായ പിന്തുണ നൽകിയത്. ഇത് ബാങ്കിങ് ഓഹരികളുടെ വിപണി മൂല്യം ഇടിയാതിരിക്കുന്നതിൽ വലിയ തോതിൽ സഹായിച്ചു.