100 മില്യൺ ഡോളർ സമാഹരിക്കാനൊരുങ്ങി ഐഐഎഫ്എൽ

എക്സ്പോർട്ട് ഡെവലപ്മെന്റ് കാനഡ, ഡച്ച് ബാങ്ക് എന്നിവരാണ് വായ്പ ദാതാക്കൾ

Update: 2023-04-07 09:16 GMT

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ഐഐഎഫ്എൽ ഫിനാൻസ് 100 മില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങുന്നു. എക്സ്പോർട്ട് ഡെവലപ്മെന്റ് കാനഡ, ഡച്ച് ബാങ്ക് എന്നിവിടങ്ങളിൽ നിന്നുമാണ് ധനം സമാഹരിക്കുന്നത്. ഇരു സ്ഥാപനങ്ങളിൽ നിന്നുമായി 50 മില്യൺ ഡോളർ വീതമാണ് സ്വരൂപിക്കുക. ഇതിനു മുൻപ് 2019 ൽ, എക്സ്പോർട്ട് ഡെവലപ്മെന്റ് കാനഡ, കമ്പനിയിൽ 100 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഡച്ച് ബാങ്ക് തന്നെയാണ് ഇടപാടിന് ബുക്ക് റണ്ണിങ് മാനേജരായി പ്രവർത്തിക്കുന്നത്.

2020 ഫെബ്രുവരിയിൽ ഐ ഐ എഫ് എൽ, ഡോളർ ബണ്ട് ഇഷ്യൂ ചെയ്ത 400 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇപ്പോൾ സമാഹരിക്കുന്ന തുക ഉയർന്ന ബാധ്യത മുൻകൂറായി തിരിച്ചടക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. സമാഹരിക്കുന്ന തുക ദീർഘ കാലത്തെക്കായതിനാൽ കമ്പനിയുടെ വളർച്ചയെ പിന്തുണക്കുന്നതിനു സഹായിക്കുമെന്ന് ഗ്രൂപ്പ് ചീഫ് ഓഫീസർ കപീഷ് ജെയിൻ വ്യക്തമാക്കി.

2022 ഡിസംബർ വരെയുള്ള കണക്കു പ്രകാരം, 57,941 കോടി രൂപയുടെ ലോൺ ബുക്ക് ഉള്ള ഏറ്റവും വലിയ റീട്ടെയിൽ കേന്ദ്രീകൃത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ് ഐഐഎഫ്എൽ ഫിനാൻസ്.

കനേഡിയൻ ബിസിനസുകളെ സ്വദേശത്തും വിദേശത്തും പിന്തുണക്കുന്നതിന് സഹായിക്കുന്ന ധനകാര്യ സ്ഥാപനമാണ് എക്സ്പോർട്ട് ഡെവലപ്മെന്റ് കാനഡ. യൂറോപ്പിൽ അമേരിക്ക ഏഷ്യാ പസഫിക്ക് എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ജർമ്മനിയിലെ ഏറ്റവും വലിയ ബാങ്കാണ് ഡച്ച് ബാങ്ക്. 

Tags:    

Similar News