അനുമതി, എൻസിഡി വഴി 57,000 കോടി എച്ച്ഡിഎഫ് സി സമാഹരിക്കും
- നോൺ കൺവെർട്ടബിൾ ഡിബെഞ്ചർ വഴി തുക സമാഹരിക്കും
- കടമെടുപ്പ് പരിധി ഉയർത്താനും അനുമതി
- എച്ച്ഡിഎഫ് സി ബാങ്കുമായുള്ള ലയനം അടുത്ത സാമ്പത്തിക വർഷത്തിൽ പൂർത്തിയാവും
എച്ച്ഡിഎഫ് സി ലിമിറ്റഡിന് , നോൺ കൺവെർട്ടബിൾ ഡിബെഞ്ചറിലൂടെ 57,000 കോടി രൂപ സമാഹരിക്കുന്നതിന് കമ്പനി ബോർഡ് അനുമതി നൽകി. കഴിഞ്ഞ വർഷം ജൂൺ 30 ന് നടത്തിയ കമ്പനിയുടെ 45 -ാം വാർഷിക യോഗത്തിലാണ് തുക സമാഹരിക്കുന്നതിനുള്ള തീരുമാനത്തിന് ഓഹരി ഉടമകൾ അംഗീകാരം നൽകിയത്. തുടർന്ന് ഇടപാടുമായി മുന്നോട്ടു പോകുന്നതിനു ബോർഡ് അംഗങ്ങളും അനുമതി നൽകുകയായിരുന്നു. കൂടാതെ കമ്പനിയുടെ കടമെടുപ്പ് പരിധി 6 ലക്ഷം കോടി രൂപയിൽ നിന്ന് 6.50 ലക്ഷം കോടി രൂപയായി ഉയർത്തുന്നതിനും അനുമതി നൽകി. എച്ച്‌ഡിഎഫ്‌സിയുടെ നാളിതുവരെയുള്ള കുടിശ്ശിക വായ്‌പകൾ ഏകദേശം 5.70 ലക്ഷം കോടി രൂപയായതിനാലും ലയനത്തിന്റെ പ്രാബല്യത്തിലുള്ള തീയതി വരെ ബിസിനസ് ആവശ്യങ്ങൾക്കായി കൂടുതൽ വായ്പയെടുക്കേണ്ടതിനാലുമാണ് ഈ തീരുമാനം.
അടുത്ത സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ എച്ച്ഡിഎഫ് സി ബാങ്കുമായുള്ള എച്ച്ഡിഎഫ് സി യുടെ ലയനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇടപാടാണ് എച്ച്ഡിഎഫ് സി ബാങ്ക് കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ പ്രഖ്യാപിച്ച ഈ ലയനം. 40 ബില്യൺ ഡോളറിന്റെ ഇടപാടാണ് ലയനത്തിലൂടെ നടക്കുന്നത്. ഇടപാട് പൂർത്തിയാവുന്നതോടെ എച്ച് ഡി എഫ് സി ബാങ്കിന്റെ 100 ശതമാനം ഓഹരികളും പൊതു ഓഹരി ഉടമകൾക്ക് സ്വന്തമാകും. കൂടാതെ എച്ച് ഡി എഫ് സിയുടെ നിലവിലെ ഓഹരി ഉടമകൾക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരികളാണ് ലഭിക്കുക. അതായത് എച്ച് ഡി എഫ് സി ലിമിറ്റഡിന്റെ ഓരോ 25 ഓഹരികൾക്കും, എച്ച് ഡി എഫ് സി ബാങ്കിന്റെ 42 ഓഹരികൾ വീതം ഓഹരി ഉടമക്ക് ലഭിക്കും.
2021 ഡിസംബർ 31 വരെയുള്ള കണക്കു പ്രകാരം ലയനത്തിന് ശേഷം ഇരു കമ്പനികളുടെയും സംയുക്ത ബാലൻസ് ഷീറ്റ് 17.87 ലക്ഷം കോടി രൂപയാകും. അറ്റ ആസ്തി 3.3 ലക്ഷം കോടി രൂപയാകും. 2022 ഏപ്രിൽ 1 വരെയുള്ള കണക്കു പ്രകാരം എച്ച് ഡി എഫ് സി ബാങ്കിന്റെ വിപണി മൂലധനം 8.36 ലക്ഷം കോടി രൂപയും, എച്ച്ഡി എഫ് സിയുടെ വിപണി മൂലധനം 4.46 ലക്ഷം കോടി രൂപയുമാണ്.