നിയമവിരുദ്ധ അവയവ കച്ചവടം; അപ്പോളോ ഹോസ്‍പിറ്റല്‍സിനെതിരേ ആരോപണം

  • ആരോപണങ്ങള്‍ ഞെട്ടിക്കുന്നതും വാസ്തവരഹിതവുമെന്ന് അപ്പോളോ ഹോസ്‍പിറ്റല്‍സ്
  • തട്ടിപ്പിനായി വ്യാജ രേഖകള്‍ സൃഷ്‍ടിച്ചെന്ന് ടെലിഗ്രാഫ് പത്രം

Update: 2023-12-05 06:15 GMT

അനധികൃത അവയവ കച്ചവടത്തില്‍ ആശുപത്രി ശൃംഖലയായ അപ്പോളോ ഹോസ്പിറ്റൽസ് പങ്കുചേര്‍ന്നതായി ആരോപണം. ടെലിഗ്രാഫ് പത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. മ്യാൻമറിലെ ദരിദ്രരായ ഗ്രാമവാസികളുടെ സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത്, ധനികരായ രോഗികള്‍ക്കായി വൃക്കകള്‍ വില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  ടെലിഗ്രാഫ് (യുകെ) അന്വേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളാണ് പ്രസിദ്ധപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മ്യാൻമറിൽ നിന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രാമീണരെ ഡൽഹിയിലേക്ക്  എത്തിച്ച് പണം നല്‍കിയാണ് അവയവങ്ങള്‍ എടുക്കുന്നതെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് പറയുന്നു.  അവയവ വ്യാപാരത്തിനെതിരായ ഇന്ത്യൻ, അന്തർദേശീയ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇത് നടക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും അപ്പോളോ ഹോസ്‍പിറ്റല്‍സ് വാദിക്കുന്നു. 

സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെ അവയവ മാറ്റത്തിന്‍റെ എല്ലാ നിയമപരവും ധാർമ്മികവുമായ ആവശ്യകതകൾ പാലിക്കുന്നുവെന്ന്  ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐ‌എം‌സി‌എൽ) പറഞ്ഞു. അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ ഭാഗമായി ഡെല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണ് ഇത്.  വിദേശത്തു നിന്നുള്ള ഓരോ അവയവ ദാതാവും ട്രാൻസ്പ്ലാൻറ് നടത്തുന്നതിന് മുമ്പ്, ദാതാവും സ്വീകർത്താവും യഥാർത്ഥ ബന്ധമുള്ളവരാണെന്ന സര്‍ട്ടിഫിക്കേഷന്‍ വിദേശ ഗവൺമെന്റുകളിൽ നിന്ന് നേടേണ്ടതുണ്ടെന്നും ഐ‌എം‌സി‌എലിന്‍റെ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. 

എന്നാല്‍ നിയമപരമായ തടസങ്ങള്‍ മറികടക്കാന്‍ വ്യാജ തിരിച്ചറിയൽ രേഖകളും കുടുംബ ഫോട്ടോകളും സൃഷ്ടിച്ച് അവയവ ദാതാക്കളെ രോഗികളുടെ ബന്ധുക്കളായി അവതരിപ്പിക്കുകയാണെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. പണത്തിന്‍റെ അടിസ്ഥാനത്തിലുള്ള അവയവ കൈമാറ്റം ആഗോള തലത്തില്‍ ഇന്ത്യ ഉള്‍പ്പടെ ഒട്ടുമിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുള്ളതാണ്. യുകെയില്‍ ഉള്‍പ്പടെയുള്ള സമ്പന്ന രോഗികള്‍ക്കായാണ് തട്ടിപ്പ് നടക്കുന്നതെന്നും ഇരു രാഷ്ട്രങ്ങളിലും ഇതിന് വേരുകളുണ്ടെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ടിലുണ്ട്. 

ഇന്ത്യയുടെ ട്രാൻസ്പ്ലാൻറേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് അനുസരിച്ച്, പങ്കാളികൾ, സഹോദരങ്ങൾ, മാതാപിതാക്കൾ, കൊച്ചുമക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കൾക്ക് അവയവങ്ങൾ ദാനം ചെയ്യാൻ അനുവാദമുണ്ട്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ അല്ലാതെ അപരിചിതർക്ക് അവയവങ്ങൾ ദാനം ചെയ്യാൻ അനുവാദമില്ല.

Tags:    

Similar News