അദാനി വിൽമറിന് 14 ശതമാനം വില്പന വളർച്ച
കമ്പനിയുടെ വരുമാനം 55,000 കോടി രൂപയായി
ന്യൂ ഡെൽഹി: ഭക്ഷ്യ എണ്ണ, മറ്റു ഭക്ഷ്യ ഉത്പന്നങ്ങൾ നിർമിക്കുന്ന അദാനി വിൽമറിന്റെ വോളിയം വളർച്ച, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 14 ശതമാനം ഉയർന്നു. ഒപ്പം കമ്പനിയുടെ വരുമാനം 55,000 കോടി രൂപയായി. തൊട്ടു മുൻപുള്ള സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 54,327.16 കോടി രൂപയായിരുന്നു. ഫോർച്യൂൺ ബ്രാൻഡിന് കീഴിലാണ് കമ്പനിയുടെ ഉത്പന്നങ്ങൾ വിൽക്കുന്നത്.
വിപണിയിൽ വിഹിതം വർധിപ്പിക്കുന്നതിലും, പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിലും കമ്പനിക്ക് മികച്ച പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് അദാനി വിൽമർ പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഭക്ഷ്യ, എഫ്എംസിജി ഉത്പന്നങ്ങളിൽ നിന്നും ഏകദേശം 3,800 കോടി രൂപയുടെ വരുമാനമാണുണ്ടായത്. വാർഷികാടിസ്ഥാനത്തിൽ 40 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
കൂടാതെ നാലാം പാദത്തിൽ കമ്പനിയുടെ ഭക്ഷ്യ എണ്ണയുടെ വിതരണത്തിലും പുരോഗതി ഉണ്ടായി. ഉപഭോക്താക്കളുടെ ഇടയിലെ ഡിമാൻഡ് വർധിച്ചതിനാൽ ഉയർന്ന വിലക്കയറ്റത്തിൽ അയവു വരികയും കൂടുതൽ സ്ഥിരമാവുകയും ചെയ്തു.
എണ്ണയുടെ വില കുറഞ്ഞതിനാൽ, ഈ പാദത്തിൽ വില്പനയിൽ 4 ശതമാനത്തിന്റെ വർധനവുണ്ടായി.
അദാനി ഗ്രൂപ്പിന്റെ സംയുക്ത സംരംഭമായ അദാനി വിൽമർ ഇന്ത്യയിലെ ഏറ്റവും വയറിയ എഫ്എംസിജി കമ്പനികളിലൊന്നാണ്. ഇന്ത്യയിലുടനീളം 10 സംസ്ഥാനങ്ങളിലായി 23 പ്ലാന്റുകൾ കമ്പനിക്കുണ്ട്.