സെപ്റ്റംബര്‍ 30 നകം ഈ പദ്ധതികളുമായി ആധാര്‍ ലിങ്ക് ചെയ്യണം, ഇല്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും
പിപിഎഫ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നീ ലഘു സമ്പാദ്യ പദ്ധതകളില്‍ നിക്ഷേപം നടത്തുന്നവര്‍ ആധാര്‍ നമ്പര്‍ നിക്ഷേപ പദ്ധതികളുമായി ലിങ്ക് ചെയ്‌തോ. സെപ്റ്റംബര്‍ 30 നകം ചെയ്തില്ലെങ്കില്‍ നിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നാണ് നിര്‍ദ്ദേശം.
2023 മാര്‍ച്ച് 31 നാണ് കേന്ദ്ര സര്‍ക്കാര്‍ ലഘു സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നവര്‍ പദ്ധതികളുമായി അവരുടെ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചത്. കൂടാതെ,ഗവണ്‍മെന്റ് സേവിംഗ്‌സ് പ്രമോഷന്‍ ആക്ടിനു കീഴിലുള്ള പദ്ധതികളില്‍ നിക്ഷേപം ആരംഭിക്കണമെങ്കില്‍ ആധാര്‍ നമ്പറും, പാന്‍ നമ്പറും നിര്‍ബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. സെപ്റ്റംബര്‍ 30നുള്ളില്‍ നിലവിലെ അക്കൗണ്ടുടമകള്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതുവരെ അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാകും. പിപിഎഫ്, എന്‍എസ് സി, പോസ്‌റ്റോഫീസ് ടേം ഡെപ്പോസിറ്റ്, സുകന്യ സമൃദ്ധി, എസ് സിഎസ് എസ്, കിസാന്‍ വികാസ് പത്ര, പോസ്‌റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതി എന്നിവയെല്ലാം ഈ നിര്‍ദ്ദേശത്തിനു കീഴില്‍ വരുന്നതാണ്.
എങ്ങനെ ലിങ്ക് ചെയ്യാം
നിക്ഷേപകര്‍ക്ക് ആധാര്‍ ലിങ്ക് ചെയ്യാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതത് ബാങ്ക് അല്ലെങ്കില്‍ പോസ്റ്റോഫീസ് സന്ദര്‍ശിച്ച് ആധാര്‍ കാര്‍ഡും പാസ് ബുക്കും നല്‍കി ലിങ്ക് ചെയ്യാം. നിരവധി ബാങ്കുകള്‍ ആധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ അവസരവും നല്‍കുന്നുണ്ട്. അക്കൗണ്ട് ഉടമകള്‍ക്ക് അതത് ബാങ്കിന്റെ ഓണ്‍ലൈന്‍ ബാങ്കിംഗ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ആധാര്‍ ലിങ്കിംഗിനുള്ള ഓപ്ഷനിലൂടെയും ലിങ്ക് ചെയ്യാം.
ലിങ്ക് ചെയ്തില്ലെങ്കില്‍
സെപ്റ്റംബര്‍ 30 നകം ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം, അക്കൗണ്ട് മരവിപ്പിച്ചാല്‍ നിക്ഷേപത്തിനുള്ള പലിശ നിരക്ക് വരില്ല, പിപിഎഫ്, എന്‍എസ് സി തുടങ്ങിയ പദ്ധതികളിലേക്കുള്ള നിക്ഷേപം തുടരാന്‍ സാധിക്കില്ല, അക്കൗണ്ടിലെ മച്യൂരിറ്റി തുക എടുക്കാന്‍ കഴിയില്ല, വായ്പ സേവനങ്ങളും ലഭിക്കില്ല എന്നീ പ്രശ്‌നങ്ങള്‍ കൂടിയുണ്ട്.
പാന്‍ കാര്‍ഡ്
ലഘു സമ്പാദ്യ പദ്ധതികള്‍ ആരംഭിക്കുന്ന സമയത്ത് പാന്‍ കാര്‍ഡ് നല്‍കിയിട്ടില്ലെങ്കില്‍ നിക്ഷേപ അക്കൗണ്ടിലെ തുക 50,000 കവിഞ്ഞാല്‍, ഒരു സാമ്പത്തിക വര്‍ഷത്തിലെ അക്കൗണ്ടിലേക്കുള്ള നിക്ഷേപം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍, ഒരു മാസം അക്കൗണ്ടില്‍ നിന്നുള്ള ഇടപാടുകളോ, പിന്‍വലിക്കലോ 10,000 രൂപയ്ക്ക് മുകളിലോ ആണെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായും പദ്ധതിയുമായി ബന്ധിപ്പിക്കണം.