ടിസിഎസും ജെഎല്‍ആറും 8300 കോടിയുടെ കരാർ വച്ചു
- 2024-ൽ ഓൾ-ഇലക്‌ട്രിക് റേഞ്ച് റോവർ
ജെഎൽആറിന്റെ ഡിജിറ്റൽ യൂണിറ്റും ടാറ്റ കൺസൾട്ടൻസി സർവീസസും(ടിസിഎസ്) 8,300 കോടി രൂപ മെഗാ കാരറില്‍ ഒപ്പു വച്ചു. ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് ആൻഡ് മെയിന്റനൻസ്, എന്റർപ്രൈസ് ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ്, ക്ലൗഡ് മൈഗ്രേഷൻ, സൈബർ സെക്യൂരിറ്റി, ഡാറ്റാ സേവനങ്ങൾ തുടങ്ങിയ മേഖലയില്‍ ജെഎല്‍ ആറിനു വൈവിധ്യമാര്‍ന്ന സേവനങ്ങൾ ടിസിഎസ് ലഭ്യമാക്കും. അഞ്ചുവർഷത്തേക്കാണ് കരാർ.
ജാഗർ ലാൻഡ് റോവറിന്റെ മുഖം ശക്തിപ്പെടുത്തുന്നതിനു പിന്തുണ നല്‍കുകയെന്നതാണ് ടിസിഎസിന്‍റെ ദൌത്യം. യുകെ ആസ്ഥാനമായുള്ള ജെഎല്‍ ആറും ടിസിഎസും 2012 മുതല്‍ സഹകരിച്ചു പ്രവർത്തിച്ചു പോരുകയാണ്.
ജെഎല്‍ആർ അതിന്റെ ഇലക്ട്രിക് വാഹന ശ്രേണി അതിവേഗം ശക്തിപെടുത്താനുള്ള തയ്യാറെടുപ്പിലാണ്. 2030 ഓടെ എല്ലാ മോഡലുകളും പൂർണ്ണമായും ബാറ്ററി പവറിൽ ലഭ്യമാക്കാനാണ് ജെഎൽആർ ലക്ഷ്യമിടുന്നത്. 2024-ൽ ഓൾ-ഇലക്‌ട്രിക് റേഞ്ച് റോവർ തുടങ്ങി 2026-ഓടെ റേഞ്ച് റോവർ, ഡിസ്‌കവറി, ഡിഫൻഡർ എന്നിങ്ങനെ ആറ് ഇലക്ട്രിക് മോഡലുകൾ പുറത്തിറക്കും.
ബ്രിട്ടീഷ് പെൻഷൻ പദ്ധതിയായ നെസ്റ്റുമായി 9130 കോടിയുടെ കരാറിൽ ടിസിഎസ് ജൂണിൽ ഒപ്പുവച്ചിരുന്നു.
കരാർ വാർത്തയെത്തുടർന്നു ടിസിഎസിന്‍റെ ഓഹരികള്‍ വ്യാഴാഴ്ച 25.35 രൂപ(0.74 ശതമാനം) വർധിച്ച് 3455.25 രൂപയിലാണ് ക്ളോസ് ചെയ്തത്.