വിദേശത്തു പോകുമ്പോൾ ക്രെഡിറ്റ്കാർഡ് ഉപയോഗിച്ചാൽ ഇനി കൈ പൊള്ളും

  • വിദ്യാഭ്യാസത്തിനുള്ള ചെലവിടലില്‍ പിന്നീട് വ്യക്തത വരുത്തും
  • പുതിയ മാറ്റം നടപ്പാക്കുന്നത് ജൂലൈ 1 മുതല്‍
  • എതിര്‍പ്പുമായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍

Update: 2023-05-19 10:34 GMT

വിദേശ രാജ്യങ്ങളിൽ ക്രെഡിറ്റ് കാർഡ്ഉപയോഗിക്കുന്നത്  ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഇതോടെ ജൂലൈ 1 മുതൽ ഇന്ത്യക്കാരുടെ വിദേശ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് 20 ശതമാനം ടി സി എസ് ബാധകമാകും. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് പേമന്റുകള്‍ എല്‍ആര്‍എസില്‍ ഉള്‍പ്പെടുത്തിയത്.

നിലവിൽ വരാൻ പോകുന്ന മാറ്റങ്ങൾ

2004ല്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം അവതരിപ്പിച്ചത്. എല്‍ആര്‍എസ് പ്രകാരം, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ റസിഡന്റ് വ്യക്തികൾക്കും ഒരു സാമ്പത്തിക വർഷത്തിൽ $250,000 വരെ അനുവദനീയമായ ഏതെങ്കിലും കറന്റ് അല്ലെങ്കിൽ ക്യാപിറ്റൽ അക്കൗണ്ട് ഇടപാടുകൾക്കായി മറ്റു രാജ്യങ്ങളില്‍ നിന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വിനിമയം ചെയ്യാന്‍ അവകാശമുണ്ട്. ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇനി ക്രെഡിറ്റ് കാർഡും ഇതിന്റെ പരിധിയിൽ വരും. വിദേശ ടൂർ പാക്കേജുകൾ, ബോണ്ടുകൾ, ഷെയറുകൾ, റിയൽ എസ്റ്റേറ്റ് മുതലായവ വാങ്ങുന്നതിനായി പണമയയ്ക്കലിനുള്ള എൽആർഎസ് നേരത്തെയുള്ള 5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി വർധിപ്പിച്ചിരുന്നു.

വിദ്യാഭ്യാസത്തിനും ചികിത്സക്കും

എന്നാൽ വിദ്യാഭ്യാസം , ചികിത്സ എന്നിവക്കുള്ള ചെലവുകൾക്കു നിലവിലെ ടി സി എസ് നിരക്കായ 5 ശതമാനം തന്നെ തത്കാലം തുടരുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിപുലമായ വ്യക്തത വരുത്തല്‍ പിന്നീട് ഉണ്ടാകുമെന്നും മന്ത്രാലയത്തിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ബിസിനസ്‌ യാത്രകൾക്ക് ബാധകമല്ല

ഏതെങ്കിലും കമ്പനിയുടെ ബിസിനസ് ആവശ്യത്തിന് നടത്തുന്ന വിദേശ യാത്രക്കും ഇത് ബാധകമാവില്ലെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

തുക തിരികെ ലഭിക്കുമോ?

ടി സി എസ് എന്നാൽ സ്രോതസിൽ നിന്ന് നികുതിപ്പണം ഈടാക്കുന്ന സംവിധാനം ആണ്.അതുകൊണ്ട് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത് ടി ഡി എസ് ക്ലെയിം ചെയ്യാവുന്നതാണ്. കൃത്യ സമയത്ത് റിട്ടേൺ ഫയൽ ചെയ്താൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ തുക തിരികെ ലഭിക്കുന്നതായിരിക്കും

വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ചെലവഴിക്കല്‍ വൻതോതിൽ വർധിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. അതേസമയം, ആര്‍.ബി.ഐയുടെ പുതിയ നടപടിക്കെതിരെ സാമ്പത്തിക വിദഗ്ധരും ടൂര്‍ ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടെയുള്ളവർ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട് . ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും ഈ മാറ്റം ബാധിക്കും. 

Tags:    

Similar News