കേരളത്തില്‍ ഓടുന്ന എട്ടു കോച്ചുള്ള വന്ദേഭാരതിനുപകരം 20 കോച്ചുള്ളവ വരുന്നു. നിലവില്‍ ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം (20631/20632) വന്ദേഭാരതിനു പകരമാണ് പുതിയ തീവണ്ടി ഓടുക. റെയില്‍വേ കണക്കു പ്രകാരം ഇന്ത്യയില്‍ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്തുള്ള വണ്ടിയാണിത്. 100 സീറ്റുള്ള വണ്ടിയില്‍ കയറിയും ഇറങ്ങിയും 200 യാത്രക്കാർ സീറ്റ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.
മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ(20631) 474 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്. 20 റേക്കായാല്‍ 1246 സീറ്റിലധികം ഉണ്ടാകും. 20 കോച്ചുള്ള വന്ദേഭാരതുകള്‍ അടുത്തിടെയാണ് റെയില്‍വേ അവതരിപ്പിച്ചത്. പുതിയതായി ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നിറങ്ങിയ രണ്ട് വന്ദേഭാരതുകള്‍ കഴിഞ്ഞ ദിവസം ദക്ഷിണ റെയില്‍വേക്ക് കൈമാറി.
നിലവില്‍ എട്ടു റേക്കില്‍ ഓടുന്ന തിരുവനന്തപുരം-മംഗളൂരു, തിരുനെല്‍വേലി- ചെന്നൈ വന്ദേഭാരതുകള്‍ക്കാണ് പരിഗണന. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിലെ (20634) 1016 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്. ടിക്കറ്റ് കിട്ടാനില്ലെന്ന പരാതിയും ഉയരുന്നുണ്ട്. റെയിൽവേയുടെ കണക്കനുസരിച്ച് 100 ശതമാനം ഒക്കുപ്പൻസിയുള്ള 17 വണ്ടികളിൽ ഏറ്റവും മുന്നിലാണ് ഈ ട്രെയിന്‍. ഇതിന് പകരം 20 കോച്ചുള്ള വണ്ടി എത്തുമെന്നും സൂചനയുണ്ട്.