വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഓഗസ്റ്റ് 29)
ദിശ കണ്ടെത്താനാകാതെ വിപണി
പ്രതിമാസ എഫ് ആന്‍ഡ് ഒ ക്ലോസിംഗ് ദിനമാണിന്ന്. വിപണിയില്‍ വലിയ വ്യതിയാനമൊന്നും പ്രതീക്ഷിക്കുന്നില്ല. വിപണിക്കു ഉത്സാഹം പകരാനുള്ള വാര്‍ത്തകള്‍ ആഗോള തലത്തിലോ ആഭ്യന്തര തലത്തിലോ ഇല്ല. ട്രിഗറിനായി വിപണി കാത്തിരിക്കുകയാണ്. റേഞ്ച് ബൗണ്ടായി വിപണി നീങ്ങുവാനാണ് സാധ്യത.
ഓഗസ്റ്റ് 30-ന് ഇന്ത്യയുടെ ആദ്യ ക്വാര്‍ട്ടര്‍ ജിഡിപി കണക്കുകള്‍ എത്തും ഇതായിരിക്കും വിപണിയ്ക്ക് അടുത്ത വാരത്തില്‍ ദിശ പകരുക.
ആഗോള തലത്തില്‍ ഇന്ന് യുഎസ് സമ്പദ്ഘടനയുടെ രണ്ടാം ക്വാര്‍ട്ടര്‍ വളര്‍ച്ചയുടെ രണ്ടാം വിലയിരുത്തല്‍ പുറത്തുവിടും. ആദ്യവിലയിരുത്തലില്‍ 2.8 ശതമാനം വളര്‍ച്ചയെന്നാണ് കണക്കാക്കിയിട്ടുള്ളത്. ആദ്യക്വാര്‍ട്ടറിലെ വളര്‍ച്ച 1.4 ശതമാനമായിരുന്നു.
ഇതോടൊപ്പം ഓഗസ്റ്റ് 17-ന് അവസാനിച്ച കാലയളവിലെ ജോബ്ലെസ് ക്ലെയിം കണക്കുകളും പ്രസിദ്ധീകരിക്കും. പലിശ നിരക്കില്‍ എത്ര കുറവു വരുത്തുന്നതിനെ സ്വാധീനിക്കുന്ന സംഗതിയാണിത്.
ചൈനീസ് ജിഡിപി വളര്‍ച്ച 2024-ല്‍ 4.6 ശതമാനമായിരിക്കുമെന്നു യുബിഎസ് ഇന്‍വെസ്റ്റ്്മെന്റ് ബാങ്ക് അനുമാനിക്കുന്നു. നേരത്തെ 4.9 ശതമാനം വളര്‍ച്ചയാണ് അവര്‍ കണക്കാക്കിയിരുന്നത്. 2025-ല്‍ അതു നാലു ശതമാനത്തിലേക്കു താഴുമെന്നും അവര്‍ കണക്കാക്കുന്നു. ഇതു ക്രൂഡോയില്‍ ഡിമാണ്ടിനെ ബാധിക്കുന്ന സംഗതിയാണ്.
ഇന്ത്യന്‍ വിപണി ഇന്നലെ
തുടര്‍ച്ചയായി പത്താമത്തെ ദിവസമാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി മെച്ചപ്പെട്ടു ക്ലോസ് ചെയ്യുന്നത്. ഈ ഉയര്‍ച്ചകളെല്ലാം നേരിയ തോതിലാണെങ്കിലും തുടര്‍ച്ചയായ മൂന്നാമത്തെ ദിവസം നിഫ്റ്റി 25000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുന്നത്. ഇന്നലെ നിഫ്റ്റി 34.6 പോയിന്റ് മെച്ചത്തോടെ 25052.35 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇതു റിക്കാര്‍ഡ് ക്ലോസിംഗാണ്. മാത്രമല്ല, നിഫ്റ്റി ഓഗസ്റ്റ് ഒന്നിലെ ഉയര്‍ച്ച ( 25078.30 പോയിന്റ് ) മറികടന്ന് പുതിയ ഉയരം സൃഷ്ടിക്കുകയും ചെയ്തു. നിഫ്റ്റി ഇന്നലെ 25129.60 പോയിന്റ് വരെ ഉയര്‍ന്നതിനുശേഷമാണ് താഴ്ന്നു ക്ലോസ് ചെയ്തത്. നിഫ്റ്റി ആദ്യമായാണ് 25100 പോയിന്റിനു മുകളിലെത്തുന്നത്.
ഐടി ഓഹരികളാണ് പ്രധാനമായും വിപണിക്ക് ഇന്നലെ തുണയായത്.ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് കുറയ്ക്കല്‍ ഐടി മേഖലയില്‍ ഡിമാണ്ട് വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലില്‍ ഐടി ഓഹരികളില്‍ ശക്തമായ വാങ്ങലാണ് ദൃശ്യമായത്. ടെക്നോളജി ഓഹരികള്‍ ശക്തമായ തിരിച്ചുവരുമെന്നാണ് നിരവധി അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ആദ്യക്വാര്‍ട്ടറിലെ ഐടി കമ്പനികളുടെ മാനേജ്മെന്റ് കമന്റുകളും ഓഹരികള്‍ക്ക് തുണയായി. ഹെല്‍ത്ത് കെയര്‍ മേഖലയാണ് ഇന്നലെ വിപണിക്ക് പിന്തുണ നല്‍കിയ മറ്റൊരു മേഖല.
എന്നാല്‍ ബാങ്ക്, ഓട്ടോ, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി, കാപ്പിറ്റല്‍ ഗുഡ്സ് തുടങ്ങിയവയെല്ലാം ഇടിവു കാണിച്ചതാണ് നിഫ്റ്റിയുടെ മുന്നേറ്റത്തിനു തടയിട്ടത്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 73.8 പോയിന്റ് നേട്ടത്തോടെ 81785.56 പോയിന്റില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായ ഏഴാമത്തെ ദിവസമാണ് സെന്‍സെക്സ് മെച്ചപ്പെട്ടു ക്ലോസ് ചെയ്യുന്നത്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
നിഫ്റ്റി ഉയരത്തിലേക്കുള്ള പ്രയാണം തുടരുകയാണ്.
25078.3 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുകയും 25130 പോയിന്റിനു മുകളിലേക്കു നീങ്ങുകയുമാണ് നിഫ്റ്റിയുടെ അടുത്ത ലക്ഷ്യം. തുടര്‍ന്ന് 25300 പോയിന്റാണ് അടുത്ത മുഖ്യ റെസിസ്റ്റന്‍സ്.
ഇന്നു നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 24950 പോയിന്റില്‍ ആദ്യ പിന്തുണ കിട്ടും. തുടര്‍ന്ന് 24800 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കാം.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ വെള്ളിയാഴ്ച 65.4 2 ആണ്. ബുള്ളീഷ് മോഡില്‍ തന്നെ നീങ്ങുകയാണ് നിഫ്റ്റി.
ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ബാങ്ക് നിഫ്റ്റി 51000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുന്നത്. ഇന്നലെ 134.9 പോയിന്റ് താഴ്ന്ന് 51143.85 പോയിന്റില്‍ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റിയുടെ പ്രതിമാസ എക്സ്പയറി ദിനം കൂടിയായിരുന്നു ഇന്നലെ.
ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 51400 തലത്തിലേക്ക് ഉയരാം. തുടര്‍ന്ന് 51775 പോയിന്റിലേക്കും.51957-52000 തലത്തിലാണ് അടുത്ത റെസിസ്റ്റന്‍സ്.
മറിച്ച് ഇന്ന് താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 51000 പോയിന്റ് ആദ്യ സപ്പോര്‍ട്ടായി പ്രവര്‍ത്തിക്കും. തുടര്‍ന്ന് 50850 പോയിന്റിലും തുടര്‍ന്ന് 50333 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കാം.
ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 53 ആണ്. ബെയറീഷ് മൂഡില്‍നിന്നു ബാങ്ക് നിഫ്റ്റി പതിയെ പുറത്തുകടന്നിരിക്കുകയാണ്.
ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 24 പോയിന്റ് നേട്ടത്തിലാണ്.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെയും സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.88 ശതമാനവും വിപ്രോ എഡിആര്‍ 2.91 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ബാങ്ക് ഓഹരികളായ ഐസിഐസിഐ ബാങ്ക് 0.38 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 0.47 ശതമാനവും കുറഞ്ഞു. ഡോ. റെഡ്ഡീസ് 0.88 ശതമാനം മെച്ചപ്പെട്ടപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.93 ശതമാനം ഇടിവു കാണിച്ചു. യാത്രാ ഓഹരികളായ മേക്ക് മൈട്രിപ്പ് 1.74 ശതമാനം കുറഞ്ഞപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 0.72 ശതമാനം നേടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് ഇന്നലെ 2.33 ശതമാനം മെച്ചത്തോടെ 13.95-ലെത്തി. ചൊവ്വാഴ്ചയിത് 13.63 ആയിരുന്നു. വ്യതിയാനം കുറഞ്ഞ് പതിയെ ശാന്തമാകുകയാണ് ഇന്ത്യന്‍ വിപണി.
നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.21 ആയി. ബുധനാഴ്ചയിത് 1.22-ആയിരുന്നു. പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
ഇന്നലെ യുഎസ് വിപണികള്‍ ഇടിവോടെയാണ് ക്ലോസ് ചെയ്തത്. ടെക്നോളജി, കണ്‍സ്യൂമര്‍ സര്‍വീസസ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ ഇടിവാണ് ഡൗ ജോണ്‍ ഇന്‍ഡസ്ട്രിയില്‍സിന് ക്ഷീണമായത്. വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഡൗ ജോണ്‍സ് 159.08 പോയിന്റ് താഴ്ചയോടെ 41091.42 പോയിന്റിലാണ് ക്ലോസ് ചെയ്തത്. അതേസമയം നാസ്ഡാക് കോമ്പോസിറ്റ് രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ പോയിന്റിലെത്തിയിരിക്കുകയാണ്. നാസ്ഡാക് 198.79 പോയിന്റ് താഴ്ചയോടെ 17556.03 പോയിന്റിലെത്തി. എസ് ആന്‍ഡ് പി 500 സൂചിക 33.62 പോയിന്റ് ഇടിവോടെ 5592 പോയിന്റായി.
വ്യാപാരം അവസാനിച്ചശേഷം, എഐ ഓഹരി എന്‍വിഡിയ മികച്ച രണ്ടാം ക്വാര്‍ട്ടര്‍ ഫലം പുറത്തുവിട്ടു. വിറ്റുവരവ് 122 ശതമാനം മെച്ചപ്പെട്ടപ്പോള്‍ (3000 കോടി ഡോളര്‍) ഇപിഎസ് 152 ശതമാനമുയര്‍ന്ന് 0.68ഡോളറായി. എന്നാല്‍ വിപണി ക്ലോസ് ചെയ്തശേഷമുള്ള അധിക സമയത്തെ വ്യാപാരത്തില്‍ എന്‍വിഡിയ ഓഹരികള്‍ ആറര ശതമാനത്തോളം ഇടിഞ്ഞിരിക്കുകയാണ്. എന്‍വിഡിയയുടെ മൂന്നാം ക്വാര്‍ട്ടര്‍ ഗൈഡന്‍സ് ആവേശകരമാണെങ്കിലും വിപണിക്ക് അത്ര ദഹിച്ചിട്ടില്ല.
യൂറോപ്യന്‍ വിപണി ഇന്നലെയും സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്ടിഎസ്ഇ യുകെ 1.61 പോയിന്റ് താഴ്ന്നു ക്ലോസ് ചെയ്തപ്പോള്‍ സിഎസി ഫ്രാന്‍സ് 11.89 പോയിന്റും ജര്‍മന്‍ ഡാക്സ് 100.48 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 101.25 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.
യുഎസ് ഡൗ ഫ്യൂച്ചേഴ്സ് നേരിയ തോതില്‍ മെച്ചപ്പെട്ടു നില്‍ക്കുകയാണെങ്കിലും നാസ്ഡാക്, എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്സ് താഴെയാണ്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാംതന്നെ ചുവപ്പിലാണ് നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍
ബുധനാഴ്ച രാവിലെ താഴ്ന്നു തുടങ്ങിയ ജാപ്പനീസ് നിക്കി വ്യാപാരം അവസാനിപ്പിച്ചത് 83.14 പോയിന്റ് മെച്ചത്തോടെയാണ്. ഇന്നു രാവിലെ 67.3 പോയിന്റ് താഴ്ന്നു തുടങ്ങിയ നിക്കി ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയായപ്പോള്‍ 181.47 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്.
കൊറിയന്‍ കോസ്പി 18.83 പോയിന്റു താഴെയാണ്. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 78.04 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക 7.98 പോയിന്റും താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
തുടര്‍ച്ചയായ നാലു ദിവസത്തെ നെറ്റ് വാങ്ങലിനുശേഷം വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ നെറ്റ് വില്‍പ്പനക്കാരായിരുന്നു. ഇന്നലെ അവര്‍ 1347.53 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയത്. അവര്‍ ഇന്നലെ 13536 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 14883 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഇതോടെ ഓഗസ്റ്റ് 28 വരെ അവരുടെ നെറ്റ് വില്‍ക്കല്‍ 29946.21 കോടി രൂപയായി.
അതേ സമയം ഇന്നലെ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 12747 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 12307 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് അവരുടെ നെറ്റ് വാങ്ങല്‍ 439.35 കോടി രൂപ. ഇതോടെ ഇവരുടെ നെറ്റ് വാങ്ങല്‍ ഇതുവരെ 48785.87 കോടി രൂപയായി.
കമ്പനി വാര്‍ത്തകള്‍
റിലയന്‍സ്- ഡിസ്നി: റിലയന്‍സ് ഇന്‍ഡസ്ട്രീസും ഡിസ്നിയുടെ ഇന്ത്യന്‍ ആസ്തികളും ഉള്‍പ്പെടുന്ന 70350 കോടി രൂപയുടെ ലയനത്തിന് കോംപീറ്റീറ്റീവ് കമ്മീഷന്‍ ഓഫ് ഇന്ത്യ ( സിസിഐ) അനുമതി നല്‍കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിയാകോം 18 മീഡിയ, ഡിജിറ്റല്‍ 18 മീഡിയ, സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റാര്‍ ടെലിവിഷന്‍ പ്രൊഡക്ഷന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് ഈ മെഗാലയനം.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് എജിഎം: റിലയന്‍സ് ഇന്‍ഡസ്ട്രീസ് എജിഎം ഇന്നു ഉച്ചകഴിഞ്ഞ രണ്ടിന് ചേരും. റിലയിന്‍സ് ജിയോ, റീട്ടെയില്‍ എന്നീ വിഭാഗങ്ങളുടെ ഐപിഒ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നു നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ എജിഎമ്മില്‍ അഞ്ചുവര്‍ഷ തലമുറ കൈമാറ്റ പദ്ധതിയാണ് പ്രഖ്യാപിച്ചത്.
ക്രൂഡോയില്‍ വില
സമ്മര്‍ ക്രൂഡ് ഡിമാണ്ട് കുറയുകയാണെന്ന സൂചനയെത്തുടര്‍ന്ന് ഇന്നലെ എണ്ണ വില കുറഞ്ഞു. യുഎസ് ക്രൂഡോയില്‍ ശേഖരത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ താഴ്ചയെ ഉണ്ടായിട്ടുള്ളു എന്നതും ക്രൂഡോയില്‍ വില കുറയാന്‍ കാരണമായി. ബ്രെന്റ് ക്രൂഡോയില്‍ 80 ഡോളറിനു താഴേയ്ക്കു വീണ്ടും നീങ്ങിയിരിക്കുകയാണ്. ചൊവ്വാഴ്ച 81.01 ഡോളര്‍ വരെ വില എത്തിയിരുന്നു. യുഎസ് ഡോളര്‍ ഇന്‍ഡെക്സ് മെച്ചപ്പെട്ടതും ക്രൂഡ് വിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.
ഇന്നു രാവിലെ ബ്രെന്റ് ക്രൂഡിന് ബാരലിന് 78.64 ഡോളറാണ്. ബുധനാഴ്ചയിത് 79.92 ഡോളറായിരുന്നു. ഡബ്ള്യുടിഐ ക്രൂഡിന് 74.58 ഡോളറാണ് വില. ഇന്നലെ രാവിലെ ഇത് 75.9 ഡോളറായിരുന്നു.
ക്രൂഡോയില്‍ വില കുറയുന്നത് ഈ മേഖലയിലേക്കുള്ള നിക്ഷേപത്തെ ബാധിക്കുമെന്നും അതു ഭാവിയില്‍ എനര്‍ജി ദുരത്തിലേക്കു വഴിതെളിക്കുമെന്നു എക്സോണ്‍ കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ രൂപ ഇന്നലെ
രൂപ ഡോളറിനെതിരേ നേരിയ റേഞ്ചില്‍ നീങ്ങുകയാണ്. ബുധനാഴ്ച നേരിയ തോതില്‍ താഴ്ന്നു. ഡോളറിന് 83.96 രൂപയാണ് ഇന്നലത്തെ ക്ലോസിംഗ് വില. ഏതാണ്ട് മൂന്നു പൈസയുടെ ഇടിവാണുണ്ടായിട്ടുള്ളത്. ഒരവസരത്തില്‍ 83.97 വരെ എത്തിയിരുന്നു.
മാസാവസാനത്തില്‍ ഡോളര്‍ ഡിമാണ്ട് കൂടിയതാണ് രൂപയെ ക്ഷീണിപ്പിച്ചത്. ഇറക്കുമതിക്കാരില്‍നിന്ന് പ്രത്യേകിച്ച് ക്രൂഡോയില്‍ ഇറക്കുമതിക്കാരില്‍നിന്ന് ഡോളറിനു നല്ല ഡിമാണ്ട് ആണ് ഉയര്‍ന്നിട്ടുള്ളത്.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.