വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഓഗസ്റ്റ് 22)

പവലിന്റെ പ്രസംഗത്തിനായി കാത്തിരിപ്പ്

Update: 2024-08-22 02:25 GMT

ഫെഡ് പലിശ കുറച്ചു, ആഗോള വിപണികളിൽ ആവേശം, ആഭ്യന്തര സൂചികകൾ മുന്നേറിയേക്കും

 സെപ്റ്റംബറിലെ ഫെഡ് റിസര്‍വ് പണനയഗോത്തില്‍ പലിശ കുറയ്ക്കുന്നതിനോട് ഭൂരിപക്ഷം അംഗങ്ങള്‍ക്കും യോജിപ്പാണുള്ളതെന്ന് ഇന്നലെ പുറത്തുവിട്ട ജൂലൈ 30-31 തീയിതകളിലെ നടന്ന എഫ്ഒഎംസി മിനിറ്റ്സ് വ്യക്തമാക്കുന്നു. ബോര്‍ഡ് അംഗങ്ങള്‍ ഇപ്പോള്‍തന്നെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചു ചര്‍ച്ച തുടങ്ങിയെന്നാണ് സൂചന.

ഇന്നാരംഭിക്കുന്ന ജാക്സണ്‍ഹോള്‍ സിമ്പോസിയത്തില്‍ പലിശ നിരക്കു സംബന്ധിച്ച കൂടുതല്‍ വ്യക്തതയ്ക്കായി ഫെഡ് റിസര്‍വ് ചെയര്‍ ജെറോം പവലിന്റെ പ്രസംഗത്തിനായി കാത്തിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് പവലിന്റെ പ്രസംഗം. എതായാലും യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം പോസീറ്റീവായാണ് നീങ്ങുന്നത്.

സെപ്റ്റംബര്‍ 18-ലെ ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശ വെട്ടിക്കുറയ്ക്കുന്നതിനു തൂരുമാനമെടുക്കുമെന്നുതന്നെയാണ് വിപണി ഉറച്ചു പ്രതീക്ഷിക്കുന്നത്.

ഇന്ന് ഇന്ത്യന്‍ എച്ച്എസ്ബിസി പിഎംഐ സൂചിക പ്രാഥമിക്കണക്കുകള്‍ ഇന്നു പുറത്തുവരും. വിപണിയെ സ്വാധീനിക്കുന്ന വിധത്തില്‍ ഇന്ത്യയില്‍ പ്രത്യേക സംഭവവികാസങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള നീക്കത്തിന് ഇന്ത്യന്‍ വിപണി ആഗോള വിപണികളുടെ നീക്കത്തെയാണ് ആശ്രയിക്കുന്നത്. ഉയര്‍ന്ന റേഞ്ചില്‍ വിപണി വളരെ ശ്രദ്ധയോടെയാണ് നീങ്ങുന്നത്. ഉയര്‍ച്ചകളില്‍ ലാഭമെടുപ്പും നടത്തുന്നു. എങ്കിലും കുത്തനെ ഇടിവിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണിക്കുന്നില്ല.

ഇന്ത്യന്‍ വിപണി ഇന്നലെ

മറ്റൊരു റേഞ്ച് ബൗണ്ട് വ്യാപാരത്തിലൂടെയാണ് ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ കടന്നുപോയത്. ദിവസത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 71.35 പോയിന്റ് മെച്ചത്തോടെ 24770.20 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇന്നലത്തെ വ്യാപാര റേഞ്ച് 134 പോയിന്റായിരുന്നു ഉയര്‍ന്നത്. കഴിഞ്ഞ 12 വ്യാപാരദിനങ്ങളിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗാണ് ഇന്നലത്തേത്.

ബാങ്ക് ഓഹരികള്‍ ഇന്നലെ നിരാശപ്പെടുത്തിയപ്പോള്‍ ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി, മെറ്റല്‍സ് എന്നിവ മികച്ച പിന്തുണ നല്‍കി. ഐടിയുടെ പ്രകടനം ഫ്ളാറ്റായിരുന്നു.

മിഡ്, സ്മോള്‍ കാപ് ഓഹരികളും ഇന്നലെ പിന്തുണയായി.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 102.44 പോയിന്റ് നേട്ടത്തോടെ 80905.3 പോയിന്റില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

ഏതാനും ദിവസങ്ങളായി നിഫ്റ്റിയുടെ നീക്കം റേഞ്ച് ബൗണ്ടായാണ്. വിപണിക്കു ഊര്‍ജം നല്‍കാന്‍ വിധത്തിലുള്ള സംഭവങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ ആഗോള വിപണികളുടെ നീക്കത്തിനനുസരിച്ചാണ് ഇന്ത്യന്‍ വിപണിയുടേയും നീക്കം. കഴിഞ്ഞ അഞ്ചുദിവസമായി ഓരോ ദിവസവും തലേദിവസത്തേക്കാള്‍ മെച്ചപ്പെട്ടയും ഉയര്‍ച്ചയും താഴ്ചയും സൃഷ്ടിച്ചു മുന്നേറുകയാണ്.

ഇപ്പോഴത്തെ നിലയില്‍ ഇന്നലത്തെ മൊമന്റം തുടര്‍ന്നാല്‍ 24850- 24970 തലത്തില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റായ 25079 ആണ് അടുത്ത റെസിസ്റ്റന്‍സ്.

നിഫ്റ്റി താഴേയക്കു നീങ്ങുകയാണെങ്കില്‍ 24500-24600 തലത്തില്‍ പിന്തുണ പ്രതീക്ഷിക്കാം. തുടര്‍ന്ന് 23950-24100 തലത്തിലും പിന്തുണ കിട്ടും.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ വെള്ളിയാഴ്ച 59.62 ആണ്. ബുള്ളീഷ് മോഡിലേക്കു തിരിച്ചെത്തിയിരിക്കുകയാണ് നിഫ്റ്റി.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: അമ്പതിനായിരം പോയിന്റിനു മുകളില്‍ ബാങ്ക് നിഫ്റ്റി കണ്‍സോളിഡേഷന്‍ നേടുകയാണ്. തുടര്‍ച്ചയായി നാലാമത്തെ ദിനമാണ് ബാങ്ക് നിഫ്റ്റി 50000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുന്നത്. ഇന്നലെ 117.6 പോയിന്റ് നഷ്ടത്തോടെ ബാങ്ക് നിഫ്റ്റി 50685.55 പോയിന്റില്‍ ക്ലോസ് ചെയ്തു. എന്നാല്‍ ചൊവ്വാഴ്ചത്തെ പ്രതിദിന ഉയര്‍ച്ചയിലേക്കെത്താന്‍ ഇന്നലെ ബാങ്ക് നിഫ്റ്റിക്കായില്ല. അതേപോലെതന്നെ ചൊവ്വാഴ്ചയിലെ ഏറ്റവും കുറഞ്ഞ പോയിന്റിനു താഴേയ്ക്കു പോവുകയും ചെയ്തു.

ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 51100-51200 തലത്തിലും തുടര്‍ന്ന് 51608-51720 തലത്തിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

മറിച്ച് ഇന്ന് താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 50280 50350 തലത്തില്‍ പിന്തുണ പ്രതീക്ഷിക്കാം. അടുത്ത പിന്തുണ 49900 പോയിന്റിലും 49650 പോയിന്റ് ചുറ്റളവിലും പിന്തുണ കിട്ടും.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 48.09 ആണ്. ബെയറീഷ് മൂഡില്‍നിന്നു ബാങ്ക് നിഫ്റ്റി പുറത്തേക്കു വന്നിട്ടില്ല ഇതുവരെ.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 12 പോയിന്റ് താഴ്ന്നാണ് ആഗോള വിപണി നീക്കങ്ങളും ഗിഫ്റ്റി നിഫ്റ്റിയും കണക്കിലെടുത്താല്‍ ഇന്ന്ു രാവിലെ ഇന്ത്യന്‍ വിപണിയില്‍ ഫ്ളാറ്റ് ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ ഭൂരിപക്ഷവും ഇന്നലെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാത്രമാണ് താഴ്ന്നു പോയത്. റിലയന്‍സ് എഡിആര്‍ 0.94 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.

ഐടി ഓഹരികളായ ഇന്‍ഫോസിസ് 1.17 ശതമാനവും വിപ്രോ 1.46 ശതമാനവും മെച്ചപ്പെട്ടപ്പോള്‍ ബാങ്ക് ഓഹരികളായ എച്ച്ഡിഎഫ്സി ബാങ്ക് 0.6 ശതമാനവും ഐസിഐസിഐ ബാങ്ക് 0.68 ശതമാനവും ഡോ. റെഡ്ഡീസ് 1.24 ശതമാനവും ഉയര്‍ച്ച കാണിച്ചു. യാത്രാ ഓഹരികളായ മേക്ക് മൈട്രിപ്പ് 6.77 ശതമാനവും യാത്ര ഓണ്‍ലൈന്‍ 4.03 ശതമാനവും നേട്ടത്തോടെ ശക്തമായ തിരിച്ചുവരവു നടത്തി.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ 3.75 ശതമാനം കുറഞ്ഞ് 13.22-ലെത്തി. ചൊവ്വാഴ്ച 13.78 ആയിരുന്നു. വ്യതിയാനം കുറഞ്ഞ് പതിയെ ശാന്തമാകുകയാണ് ഇന്ത്യന്‍ വിപണി.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.24-ലേക്ക് താഴ്ന്നു. ചൊവ്വാഴ്ചയിത് 1.27 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

ബുധനാഴ്ച മെച്ചപ്പെട്ട ഓപ്പണ്‍ ചെയ്ത യുഎസ് വിപണി നേരിയ റേഞ്ചിലെ നീക്കത്തിനൊടുവില്‍ ഉയര്‍ന്നുതന്നെ ക്ലോസ് ചെയ്തു. വിപണി അടച്ചതിനുശേഷം വന്ന എഫ്ഒഎംസി മിനിറ്റ്സിന്റെ പിന്തുണയില്‍ ഫ്യൂച്ചേഴ്സ് പോസീറ്റീവായി തുടരുകയാണ്. പലിശ നിരക്കില്‍ മാറ്റം വരുത്തണമെന്നതില്‍ ഫെഡ് റിസര്‍വ് ബോര്‍ഡംഗങ്ങളില്‍ ഭൂരിപക്ഷത്തിനും യോജിപ്പാണെന്ന് മിനിറ്റ്സ് സൂചിപ്പിക്കുന്നു. കമ്പനികളുടെ മികച്ച ക്വാര്‍ട്ടര്‍ ഫലങ്ങളും യുഎസ് ഓഹരികള്‍ക്കു തുണയായി.

ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ഇന്നലെ 55.52പോയിന്റും നാസ്ഡാക് കോംപോസിറ്റ് 102.05 പോയിന്റും എസ് ആന്‍ഡ് പി 500 സൂചിക 23.73 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. എസ് ആന്‍ഡ് പി അതിന്റെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന പോയിന്റില്‍നിന്ന് വളരെയകലെയല്ല. നാസ്ഡാക്കും ശക്തമായ തിരിച്ചുവരവിലാണ്.

യൂറോപ്യന്‍ സൂചികകളെല്ലാം ഇന്നലെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തതത്. എഫ്ടിഎസ്ഇ യുകെ 10.11 പോയിന്റും സിഎസി ഫ്രാന്‍സ് 38.99 പോയിന്റും ജര്‍മന്‍ ഡാക്സ് 91.43 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 236.79 പോയിന്റും ഉയര്‍ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം പച്ചയിലാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

ബുധനാഴ്ച കുത്തനെ താഴ്ന്ന് ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി 111 പോയിന്റ് താഴ്ചയിലാണ് ക്ലോസ് ചെയ്തത്. വ്യാപാരം അവസാനിക്കുന്ന സമയത്ത് നഷ്ടത്തില്‍ നല്ലൊരു പങ്കു തിരിച്ചുപിടിച്ചിരുന്നു. ഇന്നു രാവിലെ നൂറോളം പോയിന്റിനടുത്ത് മെച്ചപ്പെട്ടാണ് നിക്കി ഓപ്പണ്‍ ചെയ്തത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കിയപ്പോള്‍ 298.1 പോയിന്റ് മെച്ചത്തില്‍ തുടരുകയാണ്.

കൊറിയന്‍ കോസ്പി 7.5 പോയിന്റു ഉയര്‍ന്നു നില്‍ക്കുന്നു. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 66.3 പോയിന്റും മെച്ചപ്പെട്ടും ചൈനീസ് ഷാങ്ഹായ് സൂചിക 2.1-ഉം പോയിന്റും താഴ്ന്ന് ഓപ്പണ്‍ ചെയ്തിരിക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

പതിവുപോലെ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെയും വില്‍പ്പന തുടര്‍ന്നപ്പോള്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ വാങ്ങലുകാരുമായി. ഇന്നലെ 799.4 കോടി കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തിയ അവരുടെ ഓഗസറ്റിലെ മൊത്തം നെറ്റ് വില്‍പ്പന 33902.07 കോടി രൂപയായി.

അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെയും മികച്ച വാങ്ങലാണ് നടതതിയത്. ഇന്നലെ അവര്‍ 3097.45 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ഓഗസ്റ്റിലെ അവരുടെ നെറ്റ് വാങ്ങല്‍ 41212.56 കോടി രൂപയായി.

കമ്പനി വാര്‍ത്തകള്‍

ഓറിയന്റ് ടെക്നോളജീസ് ഐപിഒ: ഒറിയന്റ് ടെക്നോളജീസിന്റെ കന്നി പബ്ളിക് ഇഷ്യുവിന് മികച്ച പ്രതികരണം. ഇഷ്യുവിന്റെ ആദ്യ ദിവസം 6.5 ഇരട്ടി അപേക്ഷകള്‍ കിട്ടി. റീട്ടെയില്‍ വിഭാഗത്തില്‍ 10.5 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. ഓഗസ്റ്റ് 23-നാണ് ഇഷ്യു അവസാനിക്കുന്നത്. പ്രൈസ് ബാന്‍ഡ് 195-206 രൂപ. ഇഷ്യു വഴി 215 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഡെല്‍, ഫോര്‍ട്ടിനെറ്റ്, നട്നിക്സ് തുടങ്ങിയ ടെകനോളജിന കമ്പനികളുമായി പങ്കുചേരുന്ന കമ്പനി ഐടി ഇന്‍ഫ്്രാ, ഐടി എനേബിള്‍ഡ് സേവനങ്ങള്‍, ഡേറ്റ മാനേജ്മെന്റ് സേവനങ്ങള്‍ തുടങ്ങിയവ നല്‍കിവരുന്നു.

ഇന്റര്‍ആര്‍ക് ബില്‍ഡിംഗ് പ്രോഡക്ട്സ് ഐപിഒ: കണ്‍സ്ട്രക്ഷന്‍ സൊലൂഷന്‍ ദാതാവായ ഇന്റര്‍ആര്‍ക് ബില്‍ഡിംഗ് പ്രോഡക്ട്സിന്റെ കന്നി പബ്ളിക് ഇഷ്യുവിന് 93.34 ഇരട്ടി അപേക്ഷകള്‍ കിട്ടി. റീട്ടെയില്‍ വിഭാഗത്തില്‍ 19.11 ഇരട്ടി അപേക്ഷകള്‍ കിട്ടി. പ്രൈസ് ബാന്‍ഡ് 850-900 രൂപയാണ്. ഇഷ്യു ഓഗസ്റ്റ് 26-ന് ലിസ്റ്റ് ചെയ്യും.

ക്രൂഡോയില്‍ വില

ഗാസ വെടിനിര്‍ത്തല്‍ അവസാന ഘട്ടത്തിലേക്കു കടക്കവേ പശ്ചിമേഷ്യയില്‍നിന്നുള്ള ക്രൂഡോയില്‍ സപ്ലൈയില്‍ തടസമുണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറഞ്ഞെന്ന വിലയിരുത്തല്‍ ക്രൂഡോയിലിനെ പ്രതിരോധത്തിലാക്കി. യുഎസ്എസ് ഏബ്രഹാം ലിങ്കണ്‍ എയര്‍ ക്രാഫ്റ്റ് കരിയര്‍ പിശ്ചിമേഷ്യയില്‍ എത്തിയതും സംഘര്‍ഷം കുറയ്ക്കുമെന്നു കരുതുന്നു. ക്രൂഡോയില്‍ പ്രതിരോധത്തിലായെങ്കിലും ഡിമാണ്ടില്‍ വലിയ കുറവു പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന് 71.80 ഡോളറാണ് വില. ചൊവ്വാഴ്ച രാവിലെ ഇത് 74.32 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡിന് ബാരലിന് ഇന്നു രാവിലെ 75.98 ഡോളറാണ് .ചൊവ്വാഴ്ച 77.18 ഡോളറായിരുന്നു.

രൂപ വീണ്ടും ദുര്‍ബലമായി

ഇറക്കുമതിക്കാരില്‍ നിന്നും വിദേശ ബാങ്കുകളില്‍നിന്നും ഡോളര്‍ ഡിമാണ്ട് ഉണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം 83.76-ലേക്ക് മെച്ചപ്പെട്ട രൂപ ഇന്നലെ വീണ്ടും 83.92-ലേക്ക് താഴ്ന്നു. പോസീറ്റീവായി ഓഹരി വിപണിയും ക്രൂഡോയില്‍ വില കുറഞ്ഞതും യുഎസ് ഡോളര്‍ ദുര്‍ബലമായതുമാണ് രൂപയ്ക്കു കരുത്തു നല്‍കിയത്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News