വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഓഗസ്റ്റ് 21)

നിഫ്റ്റി കണ്‍സോളിഡേഷന്‍ മോഡില്‍

Update: 2024-08-21 02:02 GMT

.

ജൂലൈയില്‍ നടന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി(എഫ്ഒഎംസി) മീറ്റിംഗിന്റെ മിനിറ്റ്സ് ഫെഡറല്‍ റിസര്‍വ് ഇന്നു പുറത്തുവിടും. അടുത്ത ഫെഡറല്‍ റിസര്‍വ് മീറ്റിംഗ് സംബന്ധിച്ച എന്തെങ്കിലും സൂചനകള്‍ കിട്ടുമോയെന്നാണ് വാള്‍സ്ട്രീറ്റ് ഉറ്റു നോക്കുന്നത്. ഇതിനു പിന്നാലെ വെള്ളിയാഴ്ച ജാക്സണ്‍ ഹോള്‍ ഇക്കണോമിക് സിമ്പോസിയത്തില്‍ ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസംഗവുമുണ്ട്. ഇതു രണ്ടും വിപണി കാതോര്‍ക്കുന്ന മുഖ്യ സംഭവങ്ങളാണ്. ഇതിന്റെ മുന്നോടിയായി യുഎസ് വിപണിയില്‍ ഇന്നലെ നേരിയ ലാഭമെടുപ്പു ദൃശ്യമായിരുന്നു. എട്ടു ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനുശേഷമാണ് നാസ്ഡാക്കും എസ് ആന്‍ഡ് പിയും നേരിയ തിരുത്തലിലേക്കു കടന്നിട്ടുള്ളത്.

ജൂലൈയിലെ ജാപ്പനീസ് വ്യാപാരക്കണക്കുകള്‍ ഇന്നെത്തും. ജൂണില്‍ ജപ്പാന്‍ 22404 കോടി യെന്‍ വ്യാപാര മിച്ചം നേടിയിരുന്നു. ഇറക്കുമതിയേക്കാള്‍ കയറ്റുമതി വരുമാനം ഉയര്‍ന്നിരിക്കുകയാണ്.

ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം സ്വാധീനിക്കുന്ന സംഭവങ്ങളൊന്നും തന്നെയില്ല. ആഗോള സംഭവങ്ങള്‍ തന്നെയാണ് വിപണിക്കു ദിശ നല്‍കുക. ഇന്ത്യന്‍ ബഞ്ചു മാര്‍ക്കു സൂചികകള്‍ ഇപ്പോള്‍ റേഞ്ച് ബൗണ്ടായി നീങ്ങുകയാണ്. അനുകൂല വാര്‍ത്തകള്‍ ഉണ്ടായാല്‍ ഈ മാസാദ്യത്തില്‍ സൃഷ്ടിച്ച ഉയരങ്ങളിലേക്ക് വിപണി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്‍സോളിഡേഷന്‍ മോഡിലാണ് വിപണിയെന്നു പറയാം.

ഇന്ത്യന്‍ വിപണി ഇന്നലെ

ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെയും നേരിയ തോതില്‍ മെച്ചപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി ഇന്നലെ 126.20 പോയിന്റ് മെച്ചത്തോടെ 24698.85 പോയിന്റില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ 11 വ്യാപാരദിനങ്ങളിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗാണിത്.

ലാര്‍ജ്, മിഡ്, സ്മോള്‍ കാപ് ഓഹികള്‍ ഒരേപോലെ വിപണിയെ തുണച്ചുവെന്നു മാത്രമല്ല എല്ലാ മേഖലയിലേയും ഓഹരികള്‍ മുന്നേറ്റത്തിനു പിന്തുണ നല്‍കി. ബാങ്കിനു പുറമേ, ഐടി ഓഹരികള്‍ നല്ല പ്രകടനമാണ്കാഴ്ച വച്ചത്. ഓട്ടോ, ഹെല്‍ത്ത് കെയര്‍, മെറ്റല്‍സ്, കണ്‍സ്യൂണര്‍ ഡ്യൂറബിള്‍സ് തുടങ്ങിയവയും മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചു.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 378.18 പോയിന്റ് നേട്ടത്തോടെ 80802.86 പോയിന്റില്‍ ക്ലോസ് ചെയ്തു. പതിനൊന്നു വ്യാപാരദിനങ്ങളിലെ ഏറ്റവും താഴ്ന്ന പോയിന്റാണ് 78295.86 പോയിന്റ്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

ഓഗസറ്റ് അഞ്ചിലെ ബെയറീഷ് ഗ്യാപ് ഓപ്പണിംഗ് സോണ്‍ (24687 പോയിന്റ്) നിഫ്റ്റി ഇന്നലെ മറി കടന്നിരിക്കുകയാണ്. രണ്ടാഴ്ചയോളമായി ഇതു റെസിസ്റ്റന്‍സായി നിലനില്‍ക്കുകയായിരുന്നു. ഇപ്പോഴത്തെ നിലയില്‍ ഇന്നലത്തെ മൊമന്റം തുടര്‍ന്നാല്‍ 24850- 24950 തലത്തില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റായ 25079 ആണ് അടുത്ത റെസിസ്റ്റന്‍സ്.

നിഫ്റ്റി താഴേയക്കു നീങ്ങുകയാണെങ്കില്‍ 24500-24600 തലത്തില്‍ പിന്തുണ പ്രതീക്ഷിക്കാം. തുടര്‍ന്ന് 23950-24100 തലത്തിലും പിന്തുണ കിട്ടും.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ വെള്ളിയാഴ്ച 58.20 ആണ്. ബുള്ളീഷ് മോഡിലേക്കു തിരിച്ചെത്തിയിരിക്കുകയാണ് നിഫ്റ്റി.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: തുടര്‍ച്ചായി മൂന്നാമത്തെ വ്യാപാരദിനമാണ് ബാങ്ക് നിഫ്റ്റി അമ്പതിനായിരം പോയിന്റിനു ക്ലോസ് ചെയ്തിരിക്കുന്നത്. ഇന്നലെ ബാങ്ക് നിഫ്റ്റി 434.8 പോയിന്റ് മെച്ചത്തോടെ 50803.15 പോയിന്റില്‍ ക്ലോസ് ചെയ്തു. ഒരവസരത്തില്‍ 51025 പോയിന്റ് വരെ ബാങ്ക് നിഫ്റ്റി എത്തുകയും ചെയ്തു.പതിനൊന്നു വ്യാപാരദിനങ്ങളില്‍ ആദ്യമായാണ് 49650-50850 റേഞ്ചിനു പുറത്തേക്ക് ബാങ്ക് നിഫ്റ്റി എത്തുന്നത്. ക്ലോസിംഗ് ഇതിനുള്ളിലാണെങ്കിലും. ഈ രണ്ടു പോയിന്റുകളും സപ്പോര്‍ട്ടും റെസിസ്റ്റന്‍സുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഇന്നലെത്തെ മൊമന്റം തുടരുകയാണെങ്കില്‍ ബാങ്ക് നിഫ്റ്റി 51100 പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്ന് 51608-51769 തലത്തില്‍ ആണ് അടുത്ത റെസിസ്റ്റന്‍സ്.

മറിച്ച് ഇന്ന് താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 50280 പോയിന്റില്‍ പിന്തുണ പ്രതീക്ഷിക്കാം. 49650-49806 തലത്തില്‍ പിന്തുണ കിട്ടും. തുടര്‍ന്ന് 49540 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കാം.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 49.36 ആണ്. ബെയറീഷ് മൂഡിലൂടെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 10 പോയിന്റ് മെച്ചപ്പെട്ടാണ്. ആഗോള വിപണി നീക്കങ്ങളും ഗിഫ്റ്റി നിഫ്റ്റിയും കണക്കിലെടുത്താല്‍ ഇന്നു രാവിലെ ഇന്ത്യന്‍ വിപണിയില്‍ ഫ്ളാറ്റ് ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.22 ശതമാനവും വിപ്രോ 0.33 ശതമാനവും മെച്ചപ്പെട്ടപ്പോള്‍ ബാങ്ക് ഓഹരികളായ എച്ച്ഡിഎഫ്സി ബാങ്ക് 0.3 ശതമാനവും ഐസിഐസിഐ ബാങ്ക് 0.39 ശതമാനവും താഴ്ന്നു. ഡോ. റെഡ്ഡീസ് 0.5 ശതമാനം ഉയര്‍ന്നപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.31 ശതമാനം നേട്ടമുണ്ടാക്കി. യാത്രാ ഓഹരികളായ മേക്ക് മൈട്രിപ്പ് 4.04 ശതമാനവും യാത്ര ഓണ്‍ലൈന്‍ 5.34 ശതമാനവും ഇടിവു കാണിച്ചിരിക്കുകയാണ്. ഇവ രണ്ടും തിരുത്തല്‍ പാതയിലാണ്.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ 3.75 ശതമാനം കുറഞ്ഞ് 13.78-ലെത്തി. തിങ്കളാഴ്ചയിത് 114.32 ആയിരുന്നു. വ്യതിയാനം കുറഞ്ഞ പതിയെ ശാന്തമാകുകയാണ് ഇന്ത്യന്‍ വിപണി.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.27-ലേക്ക് കുതിച്ചുയര്‍ന്നു. തിങ്കളാഴ്ചയിത് 1.17 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

തിങ്കളാഴ്ച മികച്ച മുന്നേറ്റം കാണിച്ച യുഎസ് വിപണിയിലെ മുഖ്യ സൂചികകളെല്ലാം ഇന്നലെ താഴ്ന്ന് ഓപ്പണ്‍ ചെയ്യുകയും ക്ലോസ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ഇന്നലെ 61.56 പോയിന്റും നാസ്ഡാക് കോംപോസിറ്റ് 59.83പോയിന്റും എസ് ആന്‍ഡ് പി 500 സൂചിക 11.13 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്.

യൂറോപ്യന്‍ സൂചികകളെല്ലാം ഇന്നലെ താഴ്ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്. യുകെയിലെ എഫ്ടിഎസ്ഇ 83.62 പോയിന്റും സിഎസി ഫ്രാന്‍സ് 16.28 പോയിന്റും ജര്‍മന്‍ ഡാക്സ് 64.37 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 190.7 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്. തുടര്‍ച്ചയായ എട്ടു ദിവസത്തെ മുന്നേറ്റത്തിനുശേഷമാണ് നാസ്ഡാക്, എസ് ആന്‍ഡ് പി സൂചികകളില്‍ നേരിയ താഴ്ചയുണ്ടായിരിക്കുന്നത്.ലാഭമെടുപ്പായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഫെഡറല്‍ റിസര്‍വ് എഫ്ഒഎംസി മിനിട്സ് ഇന്നു പുറത്തുവരും. അതിന്റെ മുന്നോടിയായിട്ടാണ് ലാഭമെടുപ്പു സംഭവിച്ചിട്ടുള്ളത്.

ഇന്നലത്തെ ക്ലോസിംഗ് ചുവപ്പിലാണെങ്കിലും യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം പച്ചയിലാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

തിങ്കളാഴ്ച 450- ഓളം പോയിന്റ് താഴ്ന്ന് ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നലെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. നിക്കി 674.3 പോയിന്റ് ഉയര്‍ന്ന് 38062.92 പോയിന്റിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇന്നു രാവിലെ 410 പോയിന്റ് താഴ്ചയിലാണ് ഓപ്പണ്‍ ചെയ്തത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി 240 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്.

കൊറിയന്‍ കോസ്പി 4.35 പോയിന്റു താഴ്ന്നു നില്‍ക്കുന്നു. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 256.1 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക 15.04 പോയിന്റും താഴ്ന്ന് ഓപ്പണ്‍ ചെയ്തിരിക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പന തുടരുകയാണ്. ഇന്നലെയും അവര്‍ നെറ്റ് വില്‍പ്പനക്കാരായിരുന്നു. ഇന്നലെ 1457.96 കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തിയ അവരുടെ ഓഗസറ്റിലെ മൊത്തം നെറ്റ് വില്‍പ്പന 33102.33 കോടി രൂപയായി.

അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ തുടര്‍ച്ചയായ വാങ്ങലിലൂടെ വിപണിയെ ശക്തമായി പിന്തുണയ്ക്കുന്നു. ഇന്നലെ അവര്‍ 2252.10 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ഓഗസ്റ്റിലെ അവരുടെ നെറ്റ് വാങ്ങല്‍ 38115.11 കോടി രൂപയായി.

റീട്ടെയില്‍ നിക്ഷേപകരുടേയും ഉയര്‍ന്ന നെറ്റ് വര്‍ത്തുള്ള നിക്ഷേപകരുടെ പിന്തുണയാണ് വിപണിക്കു തുണയാകുന്നത്. ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളിലേക്കുള്ള പണമൊഴുക്കും വിപണിയെ താഴാതെ കാത്തുസൂക്ഷിക്കുന്നു. ജൂലൈയില്‍ 23000 കോടി രൂപയാണ് എസ്ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളിലേക്കെത്തിയത്. ജൂണില്‍ 21262 കോടി രൂപയെത്തിയിരുന്നു.

കമ്പനി വാര്‍ത്തകള്‍

പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍: പ്രോക്ടര്‍ ആന്‍ഡ് ഗാംബിളിന്റെ ആദ്യക്വാര്‍ട്ടര്‍ ഫലം ഇന്നു പുറത്തുവിടും. ടൊയാം സ്പോര്‍ട്സ് ആണ് ആദ്യ ക്വാര്‍ട്ടര്‍ ഫലം പുറത്തുവിടുന്ന മറ്റൊരു കമ്പനി.

സരസ്വതി സാരീസ് ഡിപ്പോ: സരസ്വതീ സാരീസ് ഡിപ്പോയുടെ ഓഹരികള്‍ ഇന്ന് എന്‍എസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളില്‍ ലിസ്്റ്റു ചെയ്തു. നൂറ്റിയറുപതു രൂപ ഇഷ്യുവിലയുള്ള ഓഹരി എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തത് 194 രൂപയ്ക്കാണ്. ബിഎസ്ഇയില്‍ 200 രൂപയ്ക്കും. എന്‍എസഇയില്‍ ക്ലോസിംഗ് 203.7 രൂപയിലാണ്.

ക്രൂഡോയില്‍ വില

പശ്ചിമേഷ്യയില്‍നിന്നുള്ള ക്രൂഡോയില്‍ സപ്ലൈയില്‍ തടസമുണ്ടാകാനുള്ള സാധ്യത കുറഞ്ഞതും ചൈനീസ് ഡിമാണ്ട് സംബന്ധിച്ച ആശങ്കളും ആഗോള ക്രൂഡോയില്‍ വിലയില്‍ കുറവുണ്ടാക്കിയിരിക്കുകയാണ്. യുഎസ് മുന്നോട്ടു വച്ച ബ്രിഡ്ജിംഗ് നിര്‍ദ്ദേശങ്ങള്‍ ഇസ്രയേല്‍ പൂര്‍ണമായും അംഗീകരിച്ചത് സംഘര്‍ഷത്തിന് അയവു വരുത്തുമെന്നു തന്നെയാണ് വിലയിരുത്തുന്നത്.

ഗാസ വെടിനിര്‍ത്തല്‍ സാധ്യതയും ചൈനീസ് സാമ്പത്തികക്കണക്കുകളും ക്രൂഡോയിലില്‍ ഒരു ബെയറീഷ് മനോഭാവമുണ്ടാക്കിയിരിക്കുകയാണെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. കഴിഞ്ഞയാഴ്ച ചൈന പുറത്തുവിട്ട വ്യാപാര, വ്യവസായ ഉത്പാദനക്കണക്കുകള്‍ എണ്ണ ഡിമാണ്ട് കുറയുന്ന സൂചനയാണ് നല്‍കിയിട്ടുള്ളത്.

ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന് 74.04 ഡോളറാണ് വില. ചൊവ്വാഴ്ച രാവിലെ ഇത് 74.32 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡിന് ബാരലിന് ഇന്നു രാവിലെ 77.28 ഡോളറാണ് .ചൊവ്വാഴ്ച 77.18 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡ് വില 80 ഡോളറിനു താഴേയ്ക്കു നീങ്ങിയിരിക്കുകയാണ്.

രൂപയ്ക്കു ഇന്നലെ നേട്ടം

ഇറക്കുമതിക്കാരില്‍ നിന്നും വിദേശ ബാങ്കുകളില്‍നിന്നും ഡോളര്‍ ഡിമാണ്ട് ഉണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ വാരത്തില്‍ 83.98-ലേ താഴ്ന്ന രൂപ ഇന്നലെ 83.76-ലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. പോസീറ്റീവായി ഓഹരി വിപണിയും ക്രൂഡോയില്‍ വില കുറഞ്ഞതും യുഎസ് ഡോളര്‍ ദുര്‍ബലമായതുമാണ് രൂപയ്ക്കു കരുത്തു നല്‍കിയത്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍. ഇത് പണപ്പെരുപ്പത്തിനു കാരണവുമാകാം.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News