അനിശ്ചിതത്വം, ഏഷ്യന്‍ വിപണികള്‍ ചുവപ്പില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • യുഎസ് സ്‍റ്റോക്ക് ഫ്യൂച്ചറുകള്‍ ഫ്ലാറ്റ്‍ലൈനില്‍
  • മൂന്നാംപാദ ഫലങ്ങള്‍ക്ക് നിക്ഷേപകര്‍ കാതോര്‍ക്കുന്നു
  • ഗിഫ്റ്റ് നിഫ്റ്റിയുടെ തുടക്കം പോസിറ്റിവ്

Update: 2024-01-08 02:38 GMT

വിപണി തുറക്കും മുമ്പ് അറിയേണ്ടത്

വിപണി പ്രത്യേക സൂചനകളുടെ അഭാവത്തില്‍ ഇന്ന് അനിശ്ചിതാവസ്ഥ പ്രകടമാക്കിയേക്കും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. നിഫ്റ്റി 21500നും 21850നും ഇടയിലുള്ള കണ്‍സോളിഡേഷന്‍ പ്രകടമാക്കുന്നതിനാണ് സാധ്യത കല്‍പ്പിക്കുന്നത്. ജനുവരി അഞ്ചിന് ബിഎസ്ഇ സെൻസെക്‌സ് 179 പോയിന്റ് ഉയർന്ന് 72,026ലും നിഫ്റ്റി 52 പോയിന്റ് ഉയർന്ന് 21,711ലും എത്തി.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,722 ലും തുടർന്ന് 21,771ലും 21,817ലും ഉടനടി പ്രതിരോധം കാണാമെന്നാണ്. അതേസമയം താഴ്ന്ന ഭാഗത്ത് 21,651 ലും തുടർന്ന് 21,622ലും 21,576ലും പിന്തുണ എടുക്കാം.

ആഗോള വിപണികളില്‍ ഇന്ന്

2024-ലെ ആദ്യ ആഴ്ച ഇടിവില്‍ തുടങ്ങിയ ശേഷം, ഞായറാഴ്ച രാത്രി യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകളിൽ കാര്യമായ മാറ്റമുണ്ടായില്ല, ട്രേ‍‍‍ഡര്‍മാര്‍ വരാനിരിക്കുന്ന പണപ്പെരുപ്പ ഡാറ്റയിലേക്കും ബാങ്ക് വരുമാന ഡാറ്റയിലേക്കും ഉറ്റുനോക്കുകയാണ്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യൂച്ചറുകൾ 35 പോയിന്റ് അഥവാ 0.1 ശതമാനം ഇടിഞ്ഞു. എസ് ആന്റ് പി 500, നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ 0.14 ശതമാനവും 0.21 ശതമാനവും ഉയർന്നു. വന്‍കിട ടെക് ഓഹരികളിലെ വീഴ്ചയും ട്രഷറി ആദായത്തിലെ വര്‍ധനയുമാണ് കഴിഞ്ഞയാഴ്ച യുഎസ് വിപണികളെ താഴോട്ട് വലിച്ചത്.

യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ചയും കഴിഞ്ഞ വാരത്തില്‍ മൊത്തത്തിലും പൊതുവില്‍ ഇടിവിലാണ് അവസാനിച്ചിട്ടുള്ളത്.

 ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ നഷ്ടത്തിലാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയയുടെ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ്, ഹോംഗ്‍കോംഗിന്‍റെ ഹാങ്‍സെങ് എന്നിവയെല്ലാം ഇടിവിലാണ്.

ഗിഫ്റ്റ് നിഫ്റ്റി 12 പോയിന്‍റ് നേട്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തുടക്കം നേരിയ തോതില്‍ പോസിറ്റിവ് ആകാമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്. 

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ടൈറ്റൻ കമ്പനി: ഡിസംബറില്‍ അവസാനിച്ച പാദത്തിൽ കമ്പനിയുടെ വരുമാനം 22 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ജ്വല്ലറി ബിസിനസ്സ് 23 ശതമാനം വളർന്നു, വാച്ചുകളുടെയും വെയറബിൾസിന്‍റെയും വിഭാഗം വിഭാഗം 21 ശതമാനം വളർച്ച കാണിച്ചു, എന്നാൽ ഐകെയർ ബിസിനസ്സ് 3 ശതമാനം വാര്‍ഷിക ഇടിവാണ് പ്രകടമാക്കിയിട്ടുള്ളത്.

ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ്: മൂന്നാംപാദത്തിലെ ഇന്ത്യയിലെ പ്രവർത്തന അന്തരീക്ഷം രണ്ടാം പാദത്തിലേതിന് സമാനമായി തുടരുന്നതായി എഫ്എംസിജി കമ്പനി പറഞ്ഞു. ഉയ‍ര്‍ന്ന ഒറ്റയക്ക വളര്‍ച്ചയാണ് ഉണ്ടാകുക എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മാരികോ: എഫ്എംസിജി കമ്പനിയുടെ ഏകീകൃത വരുമാനം മൂന്നാം പാദത്തില്‍ കുറഞ്ഞ ഒറ്റ അക്കത്തിൽ ഇടിഞ്ഞതായി കമ്പനി അറിയിച്ചു. ബംഗ്ലാദേശ് വിപണിയിലെ വെല്ലുവിളികള്‍ക്കിടയിലും ആഗോള ബിസിനസ്സ് സ്ഥിരമായ കറൻസി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ 5 ശതമാനത്തോളം വളർച്ച കൈവരിച്ചു, അതേസമയം ആഭ്യന്തര തലത്തില്‍ വില്‍പ്പന അളവ് കുറഞ്ഞ ഒറ്റയക്കത്തില്‍ വാര്‍ഷിക വളര്‍ച്ച പ്രകടമാക്കി. മുഖ്യ പോര്‍ട്ട്ഫോളിയോ മുന്‍പാദത്തെ അപേക്ഷിച്ച് നേരിയ വളര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്.

ജൂപ്പിറ്റർ വാഗൺസ്: ഡബിൾ ഡെക്കർ ഓട്ടോമൊബൈൽ കാരിയർ വാഗണുകളുടെ 4 റേക്കുകൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി പ്രമുഖ വാഹന നിർമ്മാതാക്കളിൽ നിന്ന് 100 കോടി രൂപയുടെ കരാർ കമ്പനി സ്വീകരിച്ചു.

ടാറ്റ സ്റ്റീൽ: ടാറ്റ ഗ്രൂപ്പ് സ്ഥാപനം ഡിസംബറിൽ അവസാനിച്ച പാദത്തിൽ പ്രൊവിഷണൽ പ്രൊഡക്ഷൻ, ഡെലിവറി അളവ് പ്രഖ്യാപിച്ചു. ഇന്ത്യയിലെടെ ഉൽപ്പാദന അളവ് 6.4 ശതമാനം വർധിച്ച് 5.32 മില്ല്യൺ ടൺ ആയപ്പോള്‍ ഡെലിവറി അളവ് 3 ശതമാനം വർധിച്ച് 4.88 മില്ല്യൺ ടണ്‍ ആയി. .

ബാങ്ക് ഓഫ് ബറോഡ: ഡിസംബറിൽ അവസാനിച്ച പാദത്തിൽ പൊതുമേഖലാ വായ്പാദാതാവിന്‍റെ ആഗോള ബിസിനസ് 10.68 ശതമാനം വർധിച്ച് 22.95 ലക്ഷം കോടി രൂപയിലെത്തി. ആഭ്യന്തര ഡെപ്പോസിറ്റുകള്‍ വർഷം തോറും 6.34 ശതമാനം വർധിച്ച് 10.67 ലക്ഷം കോടി രൂപയായപ്പോൾ വായ്പകള്‍ 13.4 ശതമാനം ഉയർന്ന് 8.62 ലക്ഷം കോടി രൂപയായി.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: ഡിസംബർ പാദത്തിലെ മൊത്തം ബിസിനസ്സ് 20.68 ലക്ഷം കോടി രുപ കടന്നതായി പൊതുമേഖലാ ബാങ്ക് അറിയിച്ചു, മുൻവർഷം സമാന പാദത്തെ അപേക്ഷിച്ച് 10.67 ശതമാനം വളർച്ച. ബാങ്കിന്റെ മൊത്തം വായ്പകള്‍ 11.44 ശതമാനം വർധിച്ച് 8.96 ലക്ഷം കോടി രൂപയായും നിക്ഷേപങ്ങൾ 10.09 ശതമാനം ഉയർന്ന് 11.72 ലക്ഷം കോടി രൂപയായും മാറി.

ക്രൂഡ് ഓയില്‍ വില

ഇസ്രായേൽ-ഗാസ സംഘർഷം വിപുലമാകുന്നത് തടയാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മിഡിൽ ഈസ്റ്റ് സന്ദർശിക്കാൻ തയ്യാറെടുക്കുന്നതിനിടെ, വെള്ളിയാഴ്ച എണ്ണ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.42 ഡോളർ അഥവാ 1.83 ശതമാനം ഉയർന്ന് ബാരലിന് 79.01 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.78 ഡോളർ അഥവാ 2.47 ശതമാനം ഉയർന്ന് 73.97 ഡോളറായി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

ജനുവരി 5ന് വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ഓഹരികളില്‍ 1,696.86 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 3,497.62 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തിയെന്നും എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.


ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം

Tags:    

Similar News