യുഎസ് വിപണികള്‍ നെഗറ്റിവ്, ജാഗ്രത പുലര്‍ത്തണമെന്ന് വിദഗ്ധര്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • ഏഷ്യ പസഫിക് വിപണികളിലെ വ്യാപാരം സമ്മിശ്ര തലത്തില്‍
  • വരുമാന പ്രഖ്യാപനങ്ങള്‍ വിപണിയില്‍ നിര്‍ണായകം
  • ഗിഫ്റ്റ് നിഫ്റ്റിയുടെ തുടക്കം ഇടിവോടെ

Update: 2024-01-18 02:24 GMT

വന്‍ തിരുത്തലിനാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്. ആഗോള തലത്തിലെ സൂചനകള്‍ക്കൊപ്പം ചില മൂന്നാംപാദ വരുമാന പ്രഖ്യാപനങ്ങള്‍ നിരാശ നല്‍കിയതും വിപണി വികാരത്തില്‍ നെഗറ്റിവായി. ബിഎസ്ഇ സെൻസെക്‌സ് 1,628 പോയിന്റ് അഥവാ 2.23 ശതമാനം ഇടിഞ്ഞ് 71,501 ലും നിഫ്റ്റി 50 460 പോയിന്റ് താഴ്ന്ന് 21,572 ലും എത്തി.

വരുന്ന സീസണുകളിലും ഇടിവ് തുടര്‍ന്നേക്കാം എന്നും റിസള്‍ട്ട് സീസണ്‍ അവസാനത്തിലേക്ക് നീങ്ങുന്നതു വരെ ജാഗ്രതാപൂര്‍ണമായ സമീപനം ആവശ്യമാണെന്നുമാണ് വിശകലന വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കിളവുകള്‍ പ്രഖ്യാപിക്കുന്നത്  പ്രതീക്ഷിച്ചതിലും വൈകുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ആഗോള വിപണികളിലും താഴോട്ടിറക്കം തുടരുകയാണ്. 

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും 

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,543ലും തുടർന്ന് 21472ലും 21,357ലും സപ്പോർട്ട് എടുക്കാൻ സാധ്യതയുണ്ടെന്നാണ്. ഉയർച്ചയുടെ സാഹചര്യത്തില്‍, 21,600ലും തുടർന്ന് 21,844ലും 21,959 ലും പ്രതിരോധം കണ്ടേക്കാം.

ആഗോള വിപണികളില്‍ ഇന്ന്

ബുധനാഴ്ച വ്യാപാരത്തില്‍ യുഎസ് വിപണികള്‍ ഇടിവ് തുടര്‍ന്നു, ഡൗ ജോണ്‍സ് ഇന്‍റസ്ട്രിയല്‍ ആവറേജ് 94.45 പോയിന്റ് അഥവാ 0.25 ശതമാനം ഇടിഞ്ഞു. എസ്&പി-500 0.56 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റിന് 0.59 ശതമാനവും ഇടിഞ്ഞു. യൂറോപ്യന്‍ വിപണികളും ബുധനാഴ്ചത്തെ വ്യാപാരം ഇടിവിലാണ് അവസാനിപ്പിച്ചിട്ടുള്ളത്. 

ഏഷ്യന് പസഫിക് വിപണികളില്‍ ഇന്ന് സമ്മിശ്ര തലത്തിലാണ് വ്യാപാരം നടക്കുന്നത്. ജപ്പാന്‍റെ നിക്കി, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. ചൈനയുടെ ഷാങ്ഹായ്, ഓസ്ട്രേലിയയുടെ എഎസ്‍പി തുടങ്ങിയ വിപണികള്‍ ഇടിവില്‍ തുടരുന്നു.

ഗിഫ്റ്റ് നിഫ്റ്റി 151 പോയിന്‍റ് നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തുടക്കവും നഷ്ടം തുടര്‍ന്നുകൊണ്ടാകുമെന്നാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്ന സൂചന,

ഇന്ന് ശ്രദ്ധ നേടുന്ന കമ്പനികള്‍

എല്‍ടിഐമൈന്‍റ്ട്രീ: ടെക്നോളജി കൺസൾട്ടിംഗ് ആൻഡ് ഡിജിറ്റൽ സൊല്യൂഷൻസ് കമ്പനിയുടെ അറ്റാദായം മുന്നാം പാദത്തില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 0.6 ശതമാനം മാത്രം വളർച്ചയോടെ 1,169.3 കോടി രൂപയിലെത്തി. മൂന്നാം പാദത്തിൽ പ്രവർത്തന വരുമാനം 1.2 ശതമാനം വർധിച്ച് 9,016.6 കോടി രൂപയായി.

ഏഷ്യൻ പെയിന്‍റ്സ്: മൂന്നാം പാദത്തിൽ ഏഷ്യൻ പെയിന്റ്‌സിന്റെ ഏകീകൃത അറ്റാദായം 34.4 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,475.16 കോടി രൂപയായി. മുന്‍പാദത്തില്‍ നിന്ന് ലാഭം 19.69 ശതമാനം ഉയർന്നു.

ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്നോളജീസ്: ഒക്ടോബർ-ഡിസംബർ പാദത്തിൽ ഐടി സേവന കമ്പനിയുടെ അറ്റാദായം 3.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 59.6 കോടി രൂപയായി, മുന്‍പാദത്തെ അപേക്ഷിച്ച് 2 ശതമാനം വളർച്ച. പ്രവർത്തന വരുമാനം  11.7 ശതമാനം വാര്‍ഷിത വളര്‍ച്ചയോടെ 409.9 കോടി രൂപയായി, മുന്‍ പാദത്തില്‍ നിന്ന്  0.8 ശതമാനം വർധന. 

അലോക് ഇൻഡസ്ട്രീസ്: ടെക്സ്റ്റൈൽ കമ്പനിയുടെ ഏകീകൃത അറ്റ നഷ്ടം മൂന്നാം പാദത്തില്‍ 229.2 കോടി രൂപയായി കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ 249.83 കോടി രൂപയായിരുന്നു നഷ്ടം. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വർഷം 27 ശതമാനം ഇടിഞ്ഞ് 1,253 കോടി രൂപയായി.

സോം ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ്: ശക്തമായ ടോപ്പ്‌ലൈനിന്റെയും പ്രവർത്തന പ്രകടനത്തിന്റെയും പിൻബലത്തിൽ,  ഒക്ടോബർ-ഡിസംബർ പാദത്തിലെ ഏകീകൃത ലാഭം 71 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 18 കോടി രൂപയായി. പ്രവർത്തന വരുമാനം (എക്‌സൈസ് തീരുവ ഒഴികെ) 79.3 ശതമാനം വർധിച്ച് 266.3 കോടി രൂപയായി.

നസറ ടെക്‌നോളജീസ്: 250 കോടി രൂപ വരെ സമാഹരിക്കുന്നതിന് ഇക്വിറ്റി ഷെയറുകളുടെ മുൻഗണനാ വിതരണത്തിന് ബോർഡ് അംഗീകാരം നൽകിയതായി ഗെയിമിംഗ് ആൻഡ് സ്‌പോർട്‌സ് മീഡിയ പ്ലാറ്റ്‌ഫോം അറിയിച്ചു.

പെർസിസ്റ്റന്റ് സിസ്റ്റംസ്:  10 രൂപ മുഖവിലയുള്ള നിലവിലുള്ള ഇക്വിറ്റി ഓഹരികളുടെ വിഭജനം വഴി കമ്പനിയുടെ ഓഹരി മൂലധനത്തിൽ മാറ്റം വരുത്തുന്നതിനുള്ള നിർദ്ദേശം ജനുവരി 19-20 തീയതികളിൽ നടത്തുന്ന യോഗത്തില്‍ ബോർഡ് പരിഗണിക്കാമെന്ന് പൂനെ ആസ്ഥാനമായുള്ള ഐടി സേവന കമ്പനി അറിയിച്ചു. 

ക്രൂഡ് ഓയിലും സ്വര്‍ണവും

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആഗോള എണ്ണ ആവശ്യകതയിൽ താരതമ്യേന ശക്തമായ വളർച്ച ഉണ്ടാകുമെന്ന് ഒപെക് പ്രവചിച്ചതിനാൽ വ്യാഴാഴ്ച എണ്ണ വില ഉയർന്നു, യുഎസിലെ കോള്‍ഡ് ബ്ലാസ്റ്റ് എണ്ണ ഉൽപാദനത്തില്‍ തടസങ്ങള്‍ സൃഷ്ടിച്ചതും വിലയ ഉയരാന്‍ ഇടയാക്കി. 

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 ആയപ്പോഴേക്കും ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 28 സെൻറ് ഉയർന്ന് 78.16 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ്  34 സെൻറ് ഉയർന്ന് 72.90 ഡോളറിലെത്തി.

ശക്തമായ സാമ്പത്തിക ഡാറ്റ ഡോളറിനെയും ട്രഷറി ആദായത്തെയും ശക്തിപ്പെടുത്തുകയും മാർച്ചിൽ യുഎസ് പലിശ  നിരക്ക് കുറയ്ക്കുമെന്ന വിപണി പ്രതീക്ഷകൾ താഴ്ത്തുകയും ചെയ്തതിനാൽ ബുധനാഴ്ച സ്വർണ്ണ വില ഒരു മാസത്തിലെ താഴ്ന്ന നിലയിലെത്തി. സ്‌പോട്ട് ഗോൾഡ് 1.1 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,005.29 ഡോളറിലെത്തി, ഡിസംബർ 13 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 1.1 ശതമാനം ഇടിഞ്ഞ് 2,007.3 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ഓഹരികളില്‍ 10,578.13 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) ജനുവരി 17 ന് 4,006.44 കോടി രൂപയുടെ വാങ്ങല്‍ നടത്തിയെന്ന് എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.


ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം

Tags:    

Similar News