ടൈറ്റന്‍ ഉയര്‍ന്ന നിരക്കില്‍; വിപണി മൂല്യം 3 ലക്ഷം കോടി രൂപ പിന്നിട്ടു
2019 മാര്‍ച്ച് 28-നാണ് ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം കൈവരിക്കുന്ന കമ്പനിയായി ടൈറ്റന്‍ മാറിയത്
ടാറ്റാ ഗ്രൂപ്പിന്റെ ടൈറ്റന്‍ ഓഹരി എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. ഇന്ന് (നവംബര്‍ 21) ബിഎസ്ഇയില്‍ വ്യാപാരത്തിനിടെ 1.5 ശതമാനം ഉയര്‍ന്ന് ഓഹരി ഒന്നിന് 3,401 രൂപയിലെത്തി. എക്കാലത്തെയും ഉയര്‍ന്ന നിലയാണിത്.
ടൈറ്റന്റെ വിപണി മൂല്യം 3 ലക്ഷം കോടി രൂപ പിന്നിടുകയും ചെയ്തു.
2019 മാര്‍ച്ച് 28-നാണ് ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം കൈവരിക്കുന്ന കമ്പനിയായി മാറിയത്. 2021 ഒക്ടോബര്‍ ഏഴിന് രണ്ട് ലക്ഷം കോടി രൂപയുടെ വിപണി മൂല്യമുള്ള കമ്പനിയായി.
വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ ടൈറ്റന്റെ ഓഹരി വില എന്‍എസ്ഇയില്‍ 1.27 ശതമാനം ഉയര്‍ന്ന് 3,388.30 രൂപയായിരുന്നു.
ടൈറ്റന്റെ ഓഹരി ഈ വര്‍ഷം ഇതുവരെ ഏകദേശം 30 ശതമാനം നേട്ടമുണ്ടാക്കി.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ 18-ാം സ്ഥാനത്താണ് ഇപ്പോള്‍ ടൈറ്റന്‍. കൂടാതെ, ടാറ്റ ഗ്രൂപ്പിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള രണ്ടാമത്തെ കമ്പനിയും ടൈറ്റനാണ്.
ഈയടുത്ത് അന്തരിച്ച രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള കമ്പനി കൂടിയാണ് ടൈറ്റന്‍. ഇപ്പോള്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യ രേഖയ്ക്കു ടൈറ്റനില്‍ നിക്ഷേപമുണ്ട്. 16,000 കോടി രൂപ മൂല്യമുള്ള ഓഹരിയാണു ടൈറ്റനില്‍ രേഖയ്ക്കുള്ളത്.