അഞ്ചാം ദിവസവും ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ ലോവർ സർക്യൂട്ടിൽ

  • ടാറ്റ സൺസും മറ്റ് ടാറ്റ ഗ്രൂപ്പ് കമ്പനികൾക്കും ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷനിൽ 73.38 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്
  • ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങൾ (എൻബിഎഫ്സി) രജിസ്റ്റർ ചെയ്തു മൂന്നു വർഷത്തിനുള്ളിൽ ലിസ്റ്റ് ചെയ്യണമെന്നാണ്
  • ലിസ്റ്റിംഗ് നിയമത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ടാറ്റയുടെ അഭ്യർത്ഥന ആർബിഐ ഇതിനകം നിരസിച്ചിട്ടുണ്ട്

Update: 2024-03-15 07:31 GMT

തുടർച്ചയായി അഞ്ചാം ദിവസവും ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ്റെ ഓഹരികൾ ഇടിഞ്ഞു. തുടക്ക വ്യാപാരത്തിൽ തന്നെ ഓഹരികൾ അഞ്ചു ശതമാനം താഴ്ന്ന് ലോവർ സർക്യൂട്ടിലെത്തി. ഇന്നത്തെ വ്യാപാരത്തിൽ ബ്ലോക്ക് ഡീലിലൂടെ കമ്പനിയുടെ ഏകദേശം 35 കോടി ഓഹരികളുടെ കൈമാറ്റവും നടന്നു. ഈ ആഴ്‌ചയിൽ ഓഹരികൾ ഇടിഞ്ഞത് 22.6 ശതമാനത്തോളമാണ്. ഒരു വർഷത്തിനിടെ ഓഹരികൾ 76 ശതമാനത്തിലധികം ഉയർന്നു.

2008 മുതൽ ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ്, ഇക്വിറ്റി ഓഹരികൾ പോലുള്ള ദീർഘകാല നിക്ഷേപങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനിയാണ്. ടാറ്റ സൺസും മറ്റ് ടാറ്റ ഗ്രൂപ്പ് കമ്പനികൾക്കും ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷനിൽ 73.38 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

ചാഞ്ചാട്ടം തുടരുകയാണ് ടാറ്റ ഗ്രൂപ്പ് ഓഹരികൾ. ടാറ്റ സൺസിൻ്റെ ഐപിഒയുടെ പ്രതീക്ഷയിൽ കുതിച്ച ഓഹരികൾ ഐപിഒ ഉടൻ സംഭവിക്കാനിടയില്ലെന്ന് റിപ്പോർട്ടുകളെ തുടർന്ന് ഇടിവിലേക്ക് നീങുകയായിരുന്നു. ടാറ്റ സൺസിൻ്റെ ഐപിഒ ഊഹാപോഹങ്ങൾക്കിടയിൽ ടാറ്റ ഗ്രൂപ്പ് ഓഹരികൾ 36 ശതമാനം വരെ ഉയർന്നിരുന്നു. ആർബിഐ-യുടെ നിയമം അനുസരിച്ച് ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങൾ (എൻബിഎഫ്സി) രജിസ്റ്റർ ചെയ്തു മൂന്നു വർഷത്തിനുള്ളിൽ ലിസ്റ്റ് ചെയ്യണമെന്നാണ്. നിലവിൽ ടാറ്റ സൺസ് കോർ ഇൻവെസ്റ്റ്‌മെൻ്റ് കമ്പനിയും (സിഐസി) അപ്പർ-ലെയർ എൻബിഎഫ്‌സിയുമാണ്. 2023 സെപ്റ്റംബറിലാണ് ടാറ്റ സൺസിനായി ആർബിഐ ഇത് സംബന്ധിച്ചുള്ള നോട്ടീസ് നൽകിയത്. അതായത് 2025 സെപ്റ്റംബറിൽ ടാറ്റ സൺസ് ലിസ്റ്റ് ചെയ്യണം. എന്നാൽ ലിസ്റ്റിംഗ് നിയമത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ടാറ്റയുടെ അഭ്യർത്ഥന ആർബിഐ ഇതിനകം നിരസിച്ചിട്ടുണ്ട്.

അടുത്തിടെ, ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് സവിത നാരായണനെ ചീഫ് ടെക്‌നോളജി ഓഫീസറായി നിയമിക്കുകയും അങ്കൺ മൊണ്ടലിനെ വീണ്ടും ചീഫ് റിസ്‌ക് ഓഫീസറായി നിയമിക്കുകയും ചെയ്തു. ഇത് 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ, കെർസി ഭഗത്തിൻ്റെ രാജിക്ക് ശേഷം ജെന്നിഫർ സാമുവലിനെ ഇൻ്റേണൽ ഓഡിറ്റ് മേധാവിയായി നിയമിച്ചു.

നിലവിൽ ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ്റെ ഓഹരികൾ എൻഎസ്ഇ യിൽ 5 ശതമാനം താഴ്ന്ന് 7,549.70 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News