2023-ല്‍ നിക്ഷേപകര്‍ക്കായി കൂടുതല്‍ സമ്പത്ത് സൃഷ്ടിച്ചത് ടാറ്റാ ഗ്രൂപ്പ്

  • ടാറ്റാ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ 30 ശതമാനത്തിന്റെ വര്‍ധന
  • അടുത്തിടെ ലിസ്റ്റു ചെയ്ത സ്ഥാപനമായ ടാറ്റാ ടെക്‌നോളജീസും നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നല്‍കി
  • റിലയന്‍സിന്റെ ഏഴ് ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂല്യം ഒരു വര്‍ഷം മുമ്പ് 17.42 ലക്ഷം കോടി രൂപയായിരുന്നു. 2023 ഡിസംബര്‍ 26-ല്‍ 17.69 ലക്ഷം കോടി രൂപയായി

Update: 2023-12-27 11:34 GMT

2023-ല്‍ അംബാനിയേക്കാളും, അദാനിയേക്കാളും നിക്ഷേപകര്‍ക്കായി വലിയ സമ്പത്ത് സൃഷ്ടിച്ചിരിക്കുകയാണ് ടാറ്റാ ഗ്രൂപ്പ്.

2023 ഡിസംബര്‍ 26 വരെയുള്ള കണക്ക്പ്രകാരം ടാറ്റാ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.

മറുവശത്ത് ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സിന് വിപണി മൂല്യത്തില്‍ 1.51 ശതമാനം വളര്‍ച്ചയാണുണ്ടായത്.

അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യമാകട്ടെ 28 ശതമാനത്തോളം ഇടിയുകയും ചെയ്തു. 2023 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാണ് അദാനി ഗ്രൂപ്പിന് തിരിച്ചടിയായത്.

ടാറ്റാ ഗ്രൂപ്പിന്റെ ലിസ്റ്റു ചെയ്ത 28 സ്ഥാപനങ്ങളുടെ വിപണിമൂല്യം 2022 ഡിസംബര്‍ 30-ലെ 21.04 ലക്ഷം കോടിയില്‍ നിന്ന് 2023 ഡിസംബര്‍ 26-ന് 27.61 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

ടാറ്റാ ഗ്രൂപ്പില്‍ നിന്ന് അടുത്തിടെ ലിസ്റ്റു ചെയ്ത സ്ഥാപനമായ ടാറ്റാ ടെക്‌നോളജീസും നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നല്‍കി. ഇഷ്യൂ വിലയായ 500 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 ഡിസംബര്‍ 26-ന് ടാറ്റാ ടെക്‌നോളജീസിന്റെ ഓഹരികള്‍ 140 ശതമാനം ഉയര്‍ന്ന് 1,202.95 രൂപയിലാണ് വ്യാപാരം ചെയ്തത്. ടാറ്റാ ടെക്കിന്റെ ലിസ്റ്റിംഗ് 2023 നവംബര്‍ 30നായിരുന്നു.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സിന്റെ ഏഴ് ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂല്യം ഒരു വര്‍ഷം മുമ്പ് 17.42 ലക്ഷം കോടി രൂപയായിരുന്നു. ഇത് 2023 ഡിസംബര്‍ 26-ല്‍ 17.69 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 1.15 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി.

2023 ജനുവരിയില്‍ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് മൂലം തിരിച്ചടി നേരിട്ട അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം 2022 ഡിസംബര്‍ 30ന് 19.66 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ നിന്ന് 2023 ഡിസംബര്‍ 26ന് 14.15 ലക്ഷം കോടി രൂപയായി ഇടിഞ്ഞു. തിരിച്ചടികള്‍ക്കിടയിലും അദാനി പവറിന്റെ വിപണി മൂല്യം ഇതേ കാലയളവില്‍ 1.15 ലക്ഷം കോടി രൂപയില്‍ നിന്ന് 71 ശതമാനം ഉയര്‍ന്ന് 1.98 ലക്ഷം കോടി രൂപയായി.

Tags:    

Similar News