ഫ്രണ്ട്ഫൂട്ടില്‍ ഈ ഓഹരികള്‍
- ലോകക്കപ്പ് ക്രിക്കറ്റ് ഫുഡ് ഡെലിവറി മേഖലയ്ക്ക് ഏറെ ഗുണകരം
- ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍ തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ക്കും മികച്ച നേട്ടം പ്രതീക്ഷിക്കുന്നു
- സൊമാറ്റോയ്ക്ക് മികച്ച സാധ്യതയെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് നാളെ ആരംഭിക്കുകയാണ്. ഐസിസി ലോക കപ്പ് ക്രിക്കറ്റിന്റെ വരവ് കായിക പ്രേമികള്‍ക്ക് മാത്രമല്ല ചില കമ്പനികള്‍ക്കും അവരുടെ ഓഹരിയുടമകള്‍ക്കും സന്തോഷം പകരുന്ന കാര്യമാണ്. അത്തരത്തില്‍ സന്തോഷിക്കുന്ന കമ്പനികളിലൊന്നാണ് സൊമാറ്റോ ലിമിറ്റഡ്. സ്റ്റാര്‍ട്ടപ്പായി ആയി പബ്ലിക് ഇഷ്യുവിലൂടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് സൊമാറ്റോ. നഷ്ടത്തിലൂടെ നീങ്ങിയിരുന്ന കമ്പനി നടപ്പുവര്‍ഷത്തിലെ ആദ്യ പാദത്തില്‍ ആദ്യമായി രണ്ടു കോടി രൂപ അറ്റാദായം നേടി. ആദ്യപാദത്തിലെ വരുമാനം 2416 കോടി രൂപയാണ്.
2021ല്‍ ഐപിഒ നടത്തിയ കമ്പനിക്ക് 30 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. പുതു തലമുറ ടെക് കമ്പനി എന്നതായിരുന്നു ആകര്‍ഷണീയത. ഇഷ്യുവില 76 രൂപയായിരുന്നു. ലിസ്റ്റ് ചെയ്തത് 115 രൂപയിലാണ്. തുടര്‍ന്നു താഴേക്കു നീങ്ങിയ ഓഹരിവില ഈ വര്‍ഷം 44 രൂപ വരെ താഴ്ന്നു. എന്നാല്‍ ലാഭം റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ഓഹരിയുടെ തലവര മാറി. ഇപ്പോള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 105.90 രൂപയില്‍ എത്തിനില്‍ക്കുകയാണ് സൊമാറ്റോ.
ഫുഡ് ഡെലിവറി കപ്പടിക്കും
ലോകകപ്പിന്‍റെ ഏറ്റവും നേട്ടം ലഭിക്കുന്ന കമ്പനി സൊമാറ്റോ ആകുമെന്നാണ് എല്റ കാപ്പിറ്റലിന്‍റെ റിസേര്‍ച്ച് അനലിസ്റ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് കരണ്‍ തൗരണി പറയുന്നത്. 2011-ലും 2019-ലും ജൂബിലന്‍റ് ഫുഡ് വര്‍ക്‌സിനും ഡൊമിനോ പിസയ്ക്കും നേട്ടമുണ്ടായി. ഇത്തവണ നറുക്ക് സൊമാറ്റോയ്ക്കാണെന്ന് അദ്ദേഹം വിശദീകരിച്ചു..
ഡെലിവറി മേഖലയില്‍ നല്ല അനുഭവപരിചയമുള്ള സൊമാറ്റോയ്ക്ക് ഐസിസി ലോകകപ്പ് കാലത്ത് വീടുകളിലെ കാണികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്നതില്‍ മുന്‍തൂക്കം ലഭിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാല്‍ ഓസ്വാള്‍ പറുന്നു.
സ്വസ്തിക ഇന്‍വെസ്റ്റ് മാര്‍ട്ടിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റായ പ്രവേഷ് ഗൗറിന്റെ അഭിപ്രായത്തില്‍ സൊമാറ്റോയ്ക്ക് 97-98 രൂപയില്‍ ശക്തമായ പിന്തുണ ലഭിക്കും. താഴേയ്ക്കു നീങ്ങിയാല്‍ 95 രൂപയിലാണ് അടുത്ത സപ്പോര്‍ട്ട്. മുന്നോറ്റത്തിന്‍റെ സാഹചര്യത്തില്‍ 110 രൂപയിലും തുടര്‍ന്നു 120 രൂപയിലുമാണ് പ്രതിരോധം കണക്കാക്കുന്നത്.
ആഗോള ശ്രദ്ധ പിടിച്ചു പറ്റുന്ന ലോക കപ്പ് ക്രിക്കറ്റ് പോലുള്ള സ്‌പോര്‍ട്‌സ് മാമാങ്കങ്ങള്‍ രാജ്യത്തെ വിവിധ മേഖലകളില്‍ പോസീറ്റീവ് ഫലമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍ തുടങ്ങിയ മേഖലകള്‍ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
ലോകകപ്പ് ആരവത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ഓഹരികള്‍
ലോകകപ്പിന്‍റെ ആവേശത്തിനൊപ്പം മൂന്നേറ്റത്തിന് സാധ്യതയുള്ള ചില ഓഹരികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് ( ഐഎച്ച് സിഎല്‍): കോവിഡിനുശേഷം ആഗോള യാത്രകളില്‍ പൊതുവില്‍ ഉണ്ടായ വര്‍ധനയും ലോകകപ്പ് ക്രിക്കറ്റ് പോലുള്ള മാമാങ്കങ്ങളും ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സിനു നേട്ടം നല്‍കും. ഇപ്പോള്‍ 400 രൂപയ്ക്കടുത്ത് കൈമാറ്റം ചെയ്യപ്പെടുന്ന ഓഹരി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 490 രൂപയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.
ലെമണ്‍ ട്രീ ഹോട്ടല്‍: നേട്ടമുണ്ടാക്കുമെന്നു കരുതുന്ന മറ്റൊരു ഹോട്ടല്‍ ഓഹരിയാണ് ലെമണ്‍ ഹോട്ടല്‍. നടപ്പുവര്‍ഷം 18-20 ശതമാനം നേട്ടം ഈ ഓഹരിയിലുണ്ടായേക്കുമെന്നു ഷെയര്‍ഖാന്‍ അനലിസ്‍റ്റുകള്‍ അഭിപ്രായപ്പെടുന്നു.
വെസ്റ്റ്‌ലൈഫ് ഫുഡ് വേള്‍ഡ്: ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ് റെസ്‍റ്ററന്‍റിന്‍റെ ഹോള്‍ഡിംഗ് കമ്പനിയായ വെസ്റ്റ് ലൈഫ് ഫുഡ് വേള്‍ഡ് നേട്ടമുണ്ടാക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ നിര്‍മല്‍ ബാംഗ് വിലിയരുത്തുന്നത്. പടിഞ്ഞാറന്‍ ഇന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും മക്‌ഡൊണാള്‍ഡിന്റെ മാസ്റ്റര്‍ ഫ്രാഞ്ചൈസിയാണ് വെസ്റ്റ് ലൈഫ്. ഓഹരി വിലയിപ്പോള്‍ 950 രൂപയ്ക്കു ചുറ്റളവിലാണ്.
ജൂബിലന്‍റ് ഫുഡ് വര്‍ക്‌സ്: ഡൊമിനോസ് പിസയുടെ മാസ്റ്റര്‍ ഫ്രാഞ്ചൈസിയാണ് ഇന്ത്യന്‍ ഫുഡ് സര്‍വീസസ് കമ്പനിയായ ജൂബിലന്‍റ് ഫുഡ് വര്‍ക്‌സ്. സ്വിഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളെപോലെ ഡൈനിംഗില്‍നിന്നും ഡെലിവറിയിലേക്കു കമ്പനി കടക്കുകയാണ്. കമ്പനFയുടെ ഓഹരി വിലയിപ്പോള്‍ 534 രൂപയാണ്. 20-25 ശതമാനം നേട്ടം r ഓഹരിയിലുണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
വരുണ്‍ ബിവറേജ്‌സ്: പെപ്‌സിയുടെ ലോകത്തിലെ ഏറ്റവും വലിയ വിതരണക്കാരാണ് വരുണ്‍ ബിവറേജ്‌സ്. കായിക ഇവന്‍റുകളില്‍ സോഫ്റ്റ് ഡ്രിംഗ്‌സിനു വലിയ പ്രാധാന്യമാണ് ലഭിക്കപ്പെടുന്നത്. അതിനാല്‍ സ്വഭാവികമായും വരുണ്‍ ബിവറേജ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് മോട്ടിലാല്‍ ഓസ്വാള്‍ വിലിയരുത്തുന്നത്. 2023-ല്‍ ഇതുവരെ കമ്പനിയുടെ ഓഹരി വിലയില്‍ 43 ശതമാനം വര്‍ധനയുണ്ടായി്ട്ടുണ്ട്. ഇപ്പോള്‍ ഓഹരി വില 920 രൂപയാണ്. ഇവിടെ നിന്നും മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു.
ദേവയാനി ഇന്റര്‍നാഷണല്‍ (ഓഹരി വില 217 രൂപ), സഫയര്‍ ഫുഡ്‌സ് ( 1410 രൂപ) തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വരുണ്‍ ബിവ്‍റെജസ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട കമ്പനിയാണ് ദേവയാനി ഇന്റര്‍നാഷണല്‍. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയിലെ ഇന്‍ഡിഗോ, ഐആര്‍സിടിസി തുടങ്ങിയ ഓഹരികളിലും മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. യുണൈറ്റഡ് ബ്രൂവറീസ്, യുണൈറ്റഡ് സ്പിരിറ്റ്‌സ് തുടങ്ങിയവയുടെ വില്‍പ്പന അളവ് ഉയരുമെന്നും എലറ കാപ്പിറ്റല്‍ വിലയിരുത്തുന്നു.
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.