വിപണികള്‍ തിരുത്തലില്‍; ഇരു സൂചികകള്‍ക്കും നെഗറ്റിവ് തുടക്കം

  • ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്
  • മികച്ച നേട്ടവുമായി പവര്‍ഗ്രിഡ് ഓഹരികള്‍

Update: 2023-12-07 04:53 GMT

വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ  വിൽപ്പന സൃഷ്ടിച്ച സമ്മർദത്തിന്‍റെയും ഏഷ്യൻ വിപണികളിൽ നിന്നുള്ള നെഗറ്റിവ് സൂചനകൾക്കുമിടയിൽ സെൻസെക്സും നിഫ്റ്റിയും വ്യാഴാഴ്ച ആദ്യ വ്യാപാരത്തിൽ താഴ്ന്നു. ഏഴു ദിവസത്തെ റാലിക്ക് ശേഷം, റിസർവ് ബാങ്കിന്റെ പണനയ തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകർ ലാഭം ബുക്ക് ചെയ്യുന്നതിലേക്ക് തിരിഞ്ഞതും വിപണിയെ താഴോട്ടുവലിച്ചു. 

സെൻസെക്‌സ് 211.21 പോയിന്റ് അഥവാ 0.30 ശതമാനം ഇടിഞ്ഞ് 69,442.52 ലെത്തി. വിശാലമായ സൂചികയായ നിഫ്റ്റിയും 58.95 പോയിന്റ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 20,878.75 ലെത്തി.

പ്രധാന സെൻസെക്‌സ് ഓഹരികളില്‍, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവ ഇടിവിലാണ്. അതേസമയം, വിശാലമായ വിപണി പ്രവണതയെ വെല്ലുവിളിച്ച് പവർഗ്രിഡ്, 1.25 ശതമാനം ഉയർന്നു. അൾട്രാടെക് സിമന്റ് (1.07 ശതമാനം), ഏഷ്യൻ പെയിന്റ്‌സ് (0.96 ശതമാനം), എൻടിപിസി (0.76 ശതമാനം) എന്നിവയാണ് കാര്യമായ നേട്ടം സ്വന്തമാക്കുന്ന മറ്റ് ഓഹരികള്‍. മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക് എന്നിവയും മുനനേറുന്നു.

ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ സമ്മിശ്ര കുറിപ്പിലാണ് അവസാനിച്ചത്. വ്യാഴാഴ്ച, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.47 ശതമാനം ഉയർന്ന് ബാരലിന് 74.65 ഡോളറിലെത്തി.

പ്രതിരോധത്തിന് മൂന്ന് ഘടകങ്ങള്‍

"വിപണിയെ പിടിച്ചുനിർത്താൻ മൂന്ന് ഘടകങ്ങളുണ്ട്. ഒന്ന്, യു.എസ്. ബോണ്ട് യീൽഡിലെ സ്ഥിരമായ ഇടിവ് (10-വർഷത്തെ ബോണ്ട് ആദായം ഇപ്പോള്‍ ഏകദേശം 4.1% ) ഇക്വിറ്റികൾക്ക് അനുകൂലമായ ഒരു ആഗോള അന്തരീക്ഷം സൃഷ്ടിച്ചു. രണ്ട്, ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് മെച്ചപ്പെടുകയും പണപ്പെരുപ്പം കുറയുകയും ചെയ്യുന്നു. ക്രൂഡ് വില ക്രമാതീതമായി കുറയുന്നത് മറ്റൊരു വലിയ പോസിറ്റീവ് ആണ്, മൂന്ന്, 2024 ലെ പൊതു തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ അനിശ്ചിതത്വം നിർണായകമായ സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം കുറഞ്ഞതായി തോന്നുന്നു. ഈ ഘടകങ്ങൾ ബുള്ളുകള്‍ക്ക് അനുകൂലമാണ്. ഈ അനുകൂല ഘടകങ്ങൾ ഉണ്ടെങ്കിലും, ഉയർച്ചയ്ക്ക് ശേഷമുള്ള ലാഭ ബുക്കിംഗ് വഴി വിപണിയിൽ ഇടിവുണ്ടാകും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറയുന്നു. 

ബുധനാഴ്ച സെൻസെക്‌സ് 357.59 പോയിന്റ് അഥവാ 0.52 ശതമാനം ഉയർന്ന് 69,653.73 എന്ന പുതിയ റെക്കോർഡിൽ എത്തി. വിശാലമായ സൂചികയായ നിഫ്റ്റിയും 82.60 പോയിന്റ് അഥവാ 0.40 ശതമാനം ഉയർന്ന് 20,937.70 എന്ന പുതിയ ഉയരത്തിലെത്തി.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ബുധനാഴ്ച 79.88 കോടി രൂപയുടെ അറ്റ വില്‍പ്പന ഓഹരികളില്‍ നടത്തിയതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു 

Tags:    

Similar News