തുടക്ക വ്യാപാരത്തില്‍ മുന്നേറ്റം; വിപണികളില്‍ ചാഞ്ചാട്ടം തുടരുന്നു

  • ഏഷ്യന്‍ വിപണികളുടെ പ്രകടനം സമ്മിശ്ര തലത്തില്‍
  • ബാങ്കിംഗ്- ധനകാര്യ ഓഹരികള്‍ ഇടിവ് നേരിടുന്നു

Update: 2023-11-08 04:53 GMT

ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ ബുധനാഴ്ച  പോസിറ്റീവായി വ്യാപാരം ആരംഭിച്ചെങ്കിലും പിന്നീട് ഏഷ്യൻ വിപണികളിൽ നിന്നുള്ള സമ്മിശ്ര സൂചനകളുടെയും  വിദേശ ഫണ്ട് ഒഴുക്കിന്‍റെയും പശ്ചാത്തലത്തില്‍ ചാഞ്ചാട്ടം പ്രകടമാക്കുന്നതിലേക്ക് നീങ്ങി. സെൻസെക്‌സ് തുടക്ക വ്യാപാരത്തില്‍ 181.6 പോയിന്റ് ഉയർന്ന് 65,124 ലെത്തി. നിഫ്റ്റി 49 പോയിന്റ് ഉയർന്ന് 19,455.70 ൽ എത്തി.

പക്ഷേ, പിന്നീട് രണ്ട് ബെഞ്ച്മാർക്ക് സൂചികകളും കനത്ത ചാഞ്ചാട്ടത്തോടെ നാമമാത്ര നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെൻസെക്‌സ് കമ്പനികളിൽ ഏഷ്യൻ പെയിന്റ്‌സ്, വിപ്രോ, മാരുതി, ടാറ്റ കൺസൾട്ടൻസി സർവീസസ്, ലാർസൻ ആൻഡ് ടൂബ്രോ, ടൈറ്റൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ ഇടിവ് നേരിടുന്നു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ എന്നിവ താഴ്ന്ന നിലയിലാണ്, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ പച്ചയിലാണ് വ്യാപാരം നടത്തിയത്. ചൊവ്വാഴ്ച യുഎസ് വിപണികൾ പോസിറ്റീവിലാണ് അവസാനിച്ചത്.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.07 ശതമാനം ഉയർന്ന് ബാരലിന് 81.67 ഡോളറിലെത്തി.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ചൊവ്വാഴ്ച 497.21 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 16.29 പോയിന്റ് അല്ലെങ്കിൽ 0.03 ശതമാനം ഇടിഞ്ഞ് 64,942.40 ൽ എത്തി. നിഫ്റ്റി 5.05 പോയിന്റ് അഥവാ 0.03 ശതമാനം ഇടിഞ്ഞ് 19,406.70 ൽ എത്തി.

Tags:    

Similar News