വീണ്ടും കയറി വിപണികള്‍, സെന്‍സെക്സ് 70,000-ലേക്ക്?
- പ്രധാന സെൻസെക്‌സ് ഓഹരികളില്‍ ഐടിസി ഏറ്റവും കൂടുതൽ ഉയർന്നു
- 10 വര്‍ഷ യുഎസ് ബോണ്ടുകളിലെ വരുമാനം ഇപ്പോൾ 4.20%ൽ താഴെ
ഇക്വിറ്റി മാർക്കറ്റ് ബെഞ്ച്മാർക്കുകളായ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ ഏഴാം സെഷനിലും മുന്നേറ്റം തുടരുകയാണ്, വിദേശ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്ള തുടർച്ചയായ വാങ്ങലുകൾക്കും ക്രൂഡ് ഓയിൽ വില ലഘൂകരണത്തിനും ഇടയിൽ ബുധനാഴ്ച സൂചികകള്‍ പുതിയ ഉയരങ്ങളിലെത്തി. സെൻസെക്‌സ് 303.25 പോയിന്റ് അഥവാ 0.44 ശതമാനം ഉയർന്ന് 69,599.39 എന്ന പുതിയ റെക്കോർഡിലെത്തി. വിശാലമായ സൂചികയായ നിഫ്റ്റിയും 100.05 പോയിന്റ് അഥവാ 0.48 ശതമാനം ഉയർന്ന് 20,955.15 എന്ന പുതിയ ആജീവനാന്ത ഉയരത്തിലെത്തി.
യുഎസ് ബോണ്ട് യീൽഡുകളിൽ ഇടിവുണ്ടായതാണ് വിദേശ ഫണ്ടുകളുടെ അനിയന്ത്രിതമായ ഒഴുക്കിന് കാരണമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. ശക്തമായ സൂക്ഷ്‍മ സാമ്പത്തിക ഘടകങ്ങളുടെയും രാജ്യത്ത് ദീർഘകാല രാഷ്ട്രീയ സ്ഥിരത ഉണ്ടാകുമെന്ന പ്രതീക്ഷയുടെയും പശ്ചാത്തലത്തില്‍ ആഭ്യന്തര നിക്ഷേപകർ ബുള്ളിഷ് ആയി തുടരുകയാണ്. കൂടാതെ, റിസർവ് ബാങ്ക് പലിശ നിരക്കിൽ തൽസ്ഥിതി നിലനിർത്തുമെന്നും നിക്ഷേപകർ പ്രതീക്ഷിക്കുന്നു.
പ്രധാന സെൻസെക്‌സ് ഓഹരികളില്‍ ഐടിസി ഏറ്റവും കൂടുതൽ ഉയർന്നു, 1.70 ശതമാനം. വിപ്രോ 1.43 ശതമാനവും ടെക് മഹീന്ദ്ര 1.36 ശതമാനവും നെസ്‌ലെ ഇന്ത്യ 1.27 ശതമാനവും ഉയർന്നു. എച്ച്‌സിഎൽ ടെക്, ഏഷ്യൻ പെയിന്റ്‌സ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. മറുവശത്ത്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, അൾട്രാടെക് സിമന്റ്, ടാറ്റ സ്റ്റീൽ എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ചൊവ്വാഴ്ച വിദേശ നിക്ഷേപക സ്ഥാപനങ്ങല്‍ ഓഹരികളില്‍ 5,223.51 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.
" വിപണിയുടെ പ്രവണത ബുള്ളിഷ് ആണെങ്കിലും, ഡിഐഐകളും വ്യക്തിഗത നിക്ഷേപകരും ലാഭം ബുക്കിംഗിലേക്ക് നീങ്ങുമെന്നതിനാല്‍ വിപണി അടുത്തു തന്നെ കണ്‍സോളിഡേഷനിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. വാങ്ങലുകളില്‍ സ്ഥിരത പുലര്‍ത്തുന്ന എഫ്ഐഐകൾ ഡിപ്സ് വാങ്ങും. യു.എസ്. ബോണ്ട് യീൽഡുകളിലെ തുടർച്ചയായ ഇടിവ് (10 വർഷത്തെ വരുമാനം ഇപ്പോൾ 4.20 ശതമാനത്തില്‍ താഴെയാണ്) എഫ്ഐഐ വാങ്ങൽ ഉറപ്പാക്കും.
ഇടത്തരം കാലയളവിൽ, പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി, വിപണി മൂന്ന് ഘടകങ്ങളുടെ സഹായത്തോടെ മുന്നേറാൻ സാധ്യതയുണ്ട്: ഒന്ന്, തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സ്ഥിരതയെക്കുറിച്ചുള്ള പ്രതീക്ഷകളാണ്. രണ്ട് ശക്തമായ ജിഡിപി വളർച്ച, കുറയുന്ന പണപ്പെരുപ്പം, സ്ഥിരമായ പലിശനിരക്ക്, മിതമായ ക്രൂഡ് വില എന്നിങ്ങനെയുള്ള അനുകൂലമായ ആഭ്യന്തര ഘടകങ്ങള്‍. മൂന്ന്, യുഎസ് ബോണ്ട് യീൽഡുകളുടെ ഇടിവിൽ നിന്നുള്ള അനുകൂലമായ ആഗോള സൂചനകളാണ്. ബാങ്ക് നിഫ്റ്റി സ്ഥിരതയോടെ തുടരും,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ഏഷ്യൻ വിപണികളിൽ ഹാങ് സെങ്, നിക്കി 225 എന്നിവ യഥാക്രമം 0.54 ശതമാനവും 1.72 ശതമാനവും ഉയർന്നപ്പോൾ ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് വ്യാപാരം നടത്തിയില്ല. അതേസമയം, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.13 ശതമാനം ഉയർന്ന് ബാരലിന് 77.30 ഡോളറിലെത്തി. ചൊവ്വാഴ്ച യുഎസ് വിപണികൾ സമ്മിശ്രമായ തരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ചൊവ്വാഴ്ച, സെൻസെക്‌സ് 431.02 പോയിന്റ് അഥവാ 0.63 ശതമാനം ഉയർന്ന് 69,296.14 എന്ന പുതിയ റെക്കോർഡിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 168.50 പോയിൻറ് അഥവാ 0.81 ശതമാനം ഉയർന്ന് 20,855.30 എന്ന ആജീവനാന്ത ഉയരത്തിലെത്തി.
ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂലധനം ചൊവ്വാഴ്ച 2.5 ലക്ഷം കോടി രൂപ ഉയർന്ന് 346.47 ലക്ഷം കോടി രൂപയിലെത്തി.