ഇടിവ് തുടര്‍ന്ന് വിപണികള്‍, വലിയ നഷ്ടം ധനകാര്യത്തില്‍, ഐടിക്ക് നേട്ടം
- മീഡിയ 2 ശതമാനത്തിന് മുകളില്‍ നേട്ടത്തിലാണ്
- ഐടി സൂചികയില്‍ പ്രകടമാകുന്നത് ചാഞ്ചാട്ടം
- ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവില്‍
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ കരടികളുടെ പിടിയില്‍ തുടരുന്നു. തുടക്ക വ്യാപാരത്തില്‍ സെൻസെക്‌സ് 585.92 പോയിന്റ് താഴ്ന്ന് 69,920.39 എന്ന നിലയിലെത്തി. നിഫ്റ്റി 173.35 പോയിന്റ് താഴ്ന്ന് 20,976.80ൽ എത്തി. പിന്നീട് സൂചികകള്‍ നഷ്ടം അല്‍പ്പം നികത്തിയെങ്കിലും ഇടിവില്‍ തന്നെ തുടരുന്നു. നിഫ്റ്റിയില്‍ ധനകാര്യ സേവനം, ബാങ്കിംഗ് തുടങ്ങിയ മേഖലകളുടെ ഓഹരികളാണ് വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. മീഡിയ 2 ശതമാനത്തിന് മുകളില്‍ നേട്ടത്തിലാണ്. ഐടി, മെറ്റല്‍ സൂചികകള്‍ ചാഞ്ചാട്ടം പ്രകടമാക്കുന്നു. മറ്റെല്ലാ സൂചികകളും ഇടിവിലാണ്.
രാവിലെ 10.00നുള്ള വിവരം അനുസരിച്ച് നിഫ്റ്റിയില്‍ എല്‍ടിഐഎം, പവര്‍ഗ്രിഡ്, അദാനി പോര്‍ട്‍സ്, ഒഎന്‍ജിസി, ബ്രിട്ടാനിയ, അദാനി എന്‍റര്‍പ്രൈസ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, സിപ്ല, എല്‍ടി, ബജാജ് ഓട്ടോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, എസ്ബിഐ ലൈഫ് തുടങ്ങിയവ വലിയ ഇടിവ് നേരിടുന്നു. 32 ഓഹരികള്‍ ഇടിവിലും 18 ഓഹരികള്‍ നേട്ടത്തിലുമാണ്.
സെന്‍സെക്സില്‍ പവര്‍ഗ്രിഡ്, റിലയന്‍സ്, ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റ്റീല്‍, എച്ച്‍ഡിഎഫ്‍സി ബാങ്ക്, കൊടക് ബാങ്ക്, വിപ്രൊ, എച്ച്സിഎല്‍ ടെക് എന്നിവയാണ് നേട്ടത്തിലുള്ളത്. മറ്റെല്ലാ ഓഹരികലും ഇടിവ് നേരിടുന്നു.
ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ ഇടിവിലാണ്. എന്നാല്‍ ചൈനയിലെ പ്രമുഖ വിപണികള്‍ നേട്ടത്തിലാണ്. യുഎസ് വിപണികള്‍ വലിയ ഇടിവിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.