വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 16)

Update: 2024-09-16 01:57 GMT

ഇന്ത്യന്‍ വിപണിക്ക് ഇന്നു മാത്രമല്ല, സെപ്റ്റംബര്‍ 18 വരെ ദിശ നല്‍കുക യുഎസ് ഫെഡറല്‍ റിസര്‍വ് മീറ്റിംഗ് സംബന്ധിച്ച വാര്‍ത്തകളും തീരുമാനങ്ങളുമായിരിക്കും. പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന് ഉറപ്പാണെങ്കിലും അത് എത്രയായിരിക്കുമെന്നാതാണ് വിപണി വിദഗ്ധരുടെ ചര്‍ച്ച. അടുത്തയിടെ പുറത്തുവന്ന സാമ്പത്തിക സൂചകങ്ങളും പലിശ വെട്ടിക്കുറയ്ക്കലിന്റെ ആവശ്യകത അരിക്കിട്ട് ഉറപ്പിക്കുന്നു.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അടുത്തയിടെ കാല്‍ ശതമാനം വീതം രണ്ടുതവന പലിശ വെട്ടിക്കുറച്ചിരുന്നു.

ഇന്ത്യയിലേക്കു തിരിച്ചുവന്നാല്‍ ഇന്ന് കയറ്റിറക്കുമതി, വ്യാപാരകമ്മി കണക്കുകള്‍ പുറത്തുവരും. ജൂലൈയില്‍ വ്യാപാരകമ്മി വര്‍ധിച്ചിരുന്നു. ജൂലൈയില്‍ 2350 കോടി ഡോളറായിരുന്നു. രാജ്യത്തിന്റെ വിദേശനാണ്യശേഖരം സെപ്റ്റംബര്‍ ആറിന് റിക്കാര്‍ഡ് ഉയരത്തില്‍ എത്തിയിട്ടുണ്ട് എന്നുള്ളതാണ് ആശ്വാസകരമായ വശം. വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ വാങ്ങല്‍ ശക്തിപ്പെടുന്നത് വിപണിക്ക് കരുത്തു നല്‍കും. എന്നാല്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ വാങ്ങലിന്റെ മൊമന്റം കുറയുന്നത് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യ വിക്‌സ കുറഞ്ഞതും വിപണിയുടെ സ്ഥിരതയെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച

നിഫ്റ്റി റിക്കാര്‍ഡ് ഉയരത്തില്‍ കണ്‍സോളിഡേഷന്‍ ശ്രമത്തിലാണ്. വെള്ളിയാഴ്ചത്തെ നേരിയ തിരുത്തല്‍ ഇതു ശരിവയ്ക്കുന്നു. ഉയര്‍ന്ന ബോട്ടം സൃഷ്ടിച്ചാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. വ്യാഴാഴ്ചത്തെ റിക്കാര്‍ഡ് ഉയരത്തിനു തൊട്ടടുത്തുവരെ എത്തിയതിനുശേഷമാണ് താഴ്ന്നത്. നിഫ്റ്റി സൂചിക വെള്ളിയാഴ്ച 32.46 പോയിന്റ് താഴ്ന്ന 25356.5 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇന്നലെ 25430.5 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. നിഫ്റ്റിയുടെ റിക്കാര്‍ഡ് ഉയര്‍ച്ച വ്യാഴാഴ്ചത്തെ 25433.35 പോയിന്റാണ്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കാല്‍ ശതമാനം വെട്ടിക്കുറച്ചതിന്റെ പിന്നാലെ യുഎസ് ഫെഡറല്‍ റിസര്‍വ് നടത്താന്‍ പോകുന്ന പലിശ വെട്ടിക്കുറവു പ്രതീക്ഷയും പണപ്പെരുപ്പം കുറഞ്ഞതും വിപണിക്കു കരുത്തായി. ഇതോടൊപ്പം വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വാങ്ങല്‍ വര്‍ധിപ്പിച്ചതും വിപണിക്കു കരുത്തായി.

ഒട്ടു മിക്ക മേഖലകളിലുമുള്ള ഓഹരികളുടെ പിന്തുണയോടെയാണ് ഇന്ത്യന്‍ വിപണി പുതിയ ഉയരങ്ങളില്‍ എത്തിയിട്ടുള്ളത്. ഹെല്‍്ത്ത്‌കെയര്‍, എഫ്എംസിജി എന്നിവ ഒഴികെ എല്ലാ മേഖലകളുംതന്നെ വെള്ളിയാഴ്ച വിപണിക്കു ശക്തമായ പിന്തണ നല്‍കി.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്‌സ് സൂചിക വെള്ളിയാഴ്ച വീണ്ടും 83000 പോയിന്റിനു മുകളിലെത്തിയെങ്കിലും ക്‌ളോസിംഗ് 829890.94 പോയിന്റിലാണ്. തലേദിവസത്തേക്കാള്‍ 71.77 പോയിന്റ് താഴെയാണിത്. റിക്കാര്‍ഡ് ഉയര്‍ച്ചയാണിത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25435 പോയിന്റിലും തുടര്‍ന്ന് 25600 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. അടുത്ത റെസിസ്റ്റന്‍സ് 26000 പോയിന്റ് ചുറ്റളവിലാണ്.

നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 25290 പോയിന്റിലും 25150-25220 തലത്തില്‍ പിന്തുണ കിട്ടും. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 24850-24950 തലത്തിലാണ് പിന്തുണ.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 63.31 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച 165.65 പോയിന്റ് നേട്ടത്തില്‍ 51938.05 പോയിന്റില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗാണ്. വെള്ളിയാഴ്ചയും 52000 പോയിന്റിനു മുകളിലേക്കു കടക്കുവാന്‍ ബാങ്ക് നിഫ്റ്റിക്കു സാധിച്ചില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് 52000 പോയിന്റിനടുത്ത് എത്തി പിന്തിരിയുന്നത്.

ബാങ്ക് നിഫ്റ്റി ഇന്നും മെച്ചപ്പെടുകയാണെങ്കില്‍ 52000 പോയിന്റ് ശക്തമായ റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കും. അടുത്തത് 52350 പോയിന്റും 52550 പോയിന്റും റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കും. ഇതിനു മുകളിലേക്കു പോയാല്‍ 52900 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

നേരേ മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കാണ് നീങ്ങുന്നതെങ്കില്‍ 51600 പോയിന്റിലും തുടര്‍ന്ന് 50900-51000 തലത്തില്‍ മോശമല്ലാത്തെ പിന്തുണയുണ്ടാകും.

ബാങ്ക് നിഫ്റ്റി ആര്‍എസ്‌ഐ 59.31 ആണ്. ബുള്ളീഷ് മോഡിലേക്കു തിരിച്ചുവന്നിരിക്കുകയാണ് ബാങ്ക് നിഫ്റ്റി.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 17 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്. ഫ്‌ളാറ്റ് ഓപ്പണിംഗ് പ്രതീക്ഷിച്ചാല്‍ മതി.

ഇന്ത്യ വിക്‌സ്

ഇന്ത്യ വിക്‌സ് വെള്ളിയാഴ്ച 5.06 ശതമാനം ഇടിവോടെ 12.55 ലെത്തി. വ്യാഴാഴ്ചയിത് 13.19 ആയിരുന്നു. വിക്‌സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്‌സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) വെള്ളിയാഴ്ച 1.23 ആണ്. വ്യാഴാഴ്ചയിത് 0.84-ആയിരുന്നു. ശക്തമായ ബുള്ളീഷ് ട്രെന്‍ഡിനെയാണ് ഇതു സൂചിപ്പിക്കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ എല്ലാംതന്നെ വെള്ളിയാഴ്ച മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.22 ശതമാനം കുറഞ്ഞപ്പോള്‍ വിപ്രോ 3.14 ശതമാനവും മെച്ചപ്പെട്ടു. ഐസിഐസിഐ ബാങ്ക് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ എച്ച് ഡിഎഫ്‌സി ബാങ്ക് 0.19 ശതമാനം മെച്ചപ്പെട്ടു. ഡോ. റെഡ്ഡീസ് 0.15 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.25 ശതമാനവും യാത്ര ഓഹരികളായ മേക്ക് മൈ ട്രിപ് 1.54 ശതമാനവും യാത്ര ഓണ്‍ലൈന്‍ 1.90 ശതമാനവും മെച്ചപ്പെട്ടു.

യുഎസ് വിപണികള്‍

യുഎസ് സമ്പദ്ഘടനയിലെ മാന്ദ്യഭീതി കുറഞ്ഞതും പലിശ വെട്ടിക്കുറയ്ക്കല്‍ തീരുമാനം അടുത്തയാഴ്ച മധ്യത്തോടെ എത്തുന്നതും യുഎസ് വിപണിക്ക് വെള്ളിയാഴ്ച കരുത്തു നല്‍കി. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് റിക്കാര്‍ഡ് ഉയരത്തിനടുത്ത് എത്തിയശേഷം 41393.78 പോയിന്റില്‍ ക്ലോസ് ചെയ്തു. വര്‍ധന 297.01 പോയിന്റ് (0.72 ശതമാനം). വെള്ളിയാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന പോയിന്റ് 41533.84 ആണ്. അമ്പത്തിരണ്ട് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ് 41585.21 പോയിന്റ് ആണ്. ഈ വാരത്തില്‍ ഡൗ മികച്ച നേട്ടമാണ് കൈവരിച്ചത്. ടെക് ഓഹരികള്‍ ഇന്നലെ സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്.

ഡൗവിനെ പിന്തുടര്‍ന്ന് നാസ്ഡാക് കോമ്പോസിറ്റ് വെള്ളിയാഴ്ച 114.30 പോയിന്റ് (0.65 ശതമാനം) മെച്ചപ്പെട്ടു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് നാസ്ഡാക് നേട്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. എസ് ആന്‍ഡ് പി 500 സൂചിക 30.26 പോയിന്റ് (0.54 ശതമാനം) നേട്ടത്തിലും ക്ലോസ് ചെയ്തു.

യൂറോപ്യന്‍ വിപണികളെല്ലാം വെള്ളിയാഴ്ച പോസീറ്റീവായാണ് ക്ലോസെ ചെയ്തത്. എഫ്ടിഎസ്ഇ യുകെ 32.12 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 114.69 പോയിന്റും സിഎസി ഫ്രാന്‍സ് 30.18 പോയിന്റും ജര്‍മന്‍ ഡാക്‌സ് 181.01 പോയിന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് സമ്മിശ്രമായി നീങ്ങുകയാണ്

ഏഷ്യന്‍ വിപണികള്‍

ജാപ്പനീസ് നിക്കി സൂചിക വെള്ളിയാഴ്ച 251.51 പോയിന്റ് താഴ്ന്നാണ് ക്ലോസ് ചെയ്തത്. റെസ്‌പെക്ട് ഫോര്‍ ഏയ്ജഡ് ഡേ പ്രമാണിച്ച് ജാപ്പനീസ് വിപണിക്ക് ഇന്ന് അവധിയാണ്. കൊറിയന്‍ വിപണിക്കും അവധിയാണ്. സിംഗപ്പൂര്‍ ഹാംഗ് സെംഗ് ഇന്‍ഡെക്‌സ് 116.3 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക നേരിയ പോയിന്റും താഴ്ന്നു നില്‍ക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ തുടരുകയാണ്. വെള്ളിയാഴ്ച അവര്‍ 15982.99 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 13618.17 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് നെറ്റ് വാങ്ങല്‍ 2364.82 കോടി രൂപ. ഇതോടെ ഇതുവരെയുള്ള അവരുടെ നെറ്റ് വാങ്ങല്‍ 17430.12 കോടി രൂപയായി ഉയര്‍ന്നു.

ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും ഇന്നലെ നെറ്റ് വാങ്ങലുകാരായിരുന്നു. വെള്ളിയാഴ്ച അവര്‍ 11156.43 കോടി രൂപയുടെ ഓഹരികള്‍ വാങ്ങകുകയും 8624.25 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് അവരുടെ നെറ്റ് വാങ്ങല്‍ 2532.18 കോടി രൂപ. ഇതോടെ സെപ്റ്റംബര്‍ 13 വരെ ഇവരുടെ നെറ്റ് വാങ്ങല്‍ 9806.39 കോടി രൂപയായി.

ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ വാങ്ങല്‍ രീതിയില്‍ മാറ്റം വന്നിരിക്കുയാണ്. മൊമന്റം കുറഞ്ഞിരിക്കുന്നു. അതിന്റെ അര്‍ത്ഥം വിപണി ഏതാണ്ട് ഉയരത്തില്‍ എത്തിയിരിക്കുന്നുവന്നു തന്നെയാണ്. അതനാല്‍ ജാഗ്രതയോടെ നിക്ഷേപകര്‍ നീങ്ങേണ്ടിയിരിക്കുന്നു. നിക്ഷേപശേഖരം അഴിച്ചുപണിക്കുവേണ്ടി മാത്രമാണ് അവരുടെ വാങ്ങല്‍ എന്നാണ് തോന്നുന്നത്.

സാമ്പത്തിക വാര്‍ത്തകള്‍

വിദേശനാണ്യശേഖരം: സെപ്റ്റംബര്‍ ആറിന് അവസാനിച്ച വാരത്തില്‍ ഇന്ത്യന്‍ വിദേശനാണ്യശേഖരം റിക്കാര്‍ഡ് ഉയരത്തില്‍ എത്തി. ഇക്കഴിഞ്ഞ വാരത്തില്‍ വിദേശനാണ്യശേഖരം 524.8 കോടി ഡോളറിന്റെ വര്‍ധനയോടെ 68923.5 കോടി ഡോളറിലെത്തി. മുന്‍വാരത്തിലിത് 68398.7 കോടി ഡോളറായിരുന്നു.

കഴിഞ്ഞ 12 മാസക്കാലത്ത് വിദേശനാണ്യശേഖരത്തിലേക്ക് ഇന്ത്യ കൂട്ടിച്ചേര്‍ത്തത് 9533 കോടി ഡോളറാണ്. ഇതില്‍ 7770 കോടി ഡോളര്‍ കറന്‍സിയിലും 1760 കോടി ഡോളര്‍ സ്വര്‍ണശേഖരത്തിലുമാണ്.

ക്രൂഡോയില്‍ വില

എണ്ണ ഉത്പാദനമേഖലയായ യുഎസ് ഗള്‍ഫ് മെക്‌സികോയില്‍ രൂപപ്പെട്ട ഫ്രാന്‍സൈന്‍ചുഴലിക്കാറ്റിന്റെ ഭീഷണി കുറഞ്ഞത് ക്രൂഡോയില്‍ വില നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഈ വാരം മധ്യത്തോടെ ഉത്പാദനം പുനരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഉത്പാദനത്തിന്റെ 42 ശതമാനത്തോളമാണ് അടച്ചിടേണ്ടി വന്നത്.

വെട്ടിക്കുറച്ച് ഉത്പദാനം പുനസ്ഥാപിക്കുന്നത് ഒപ്പെക് പ്ല്‌സ് ഗ്രൂപ് 2025-ലേക്ക്ു നീട്ടിവയ്ക്കുകയാണെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റിസേര്‍ച്ച് വൈസ് പ്രസിഡന്റ് ജിം ബൂര്‍കാഡ് പറയുന്നു. 2022-ന് ശേഷം ആദ്യമായിട്ടായിരിക്കും ഒപ്പെക് പ്ലസ് ഗ്രൂപ്പ് 2025-ല്‍ ഉത്പാദനം വര്‍ധിപ്പിക്കുകയെന്നും ്അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഈ വര്‍ഷം ഡിമാണ്ട് വളര്‍ച്ച പ്രതിദിനം 970000 ബാരല്‍ കുറവായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സ ി(ഐഇഎ) വിലയിരുത്തുന്നു. 2020-ന് ശേഷമുള്ള ഏറ്റവും കുറവു വളര്‍ച്ചയായിരിക്കുമിതെന്നും ഐഇഎ വിലയിരുത്തുന്നു. ചൈനീസ് സമ്പദ്ഘടനയുടെ വളര്‍ച്ചാക്കുറവാണ് എണ്ണ ഡിമാണ്ട് കുറയ്ക്കന്നത്.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 71.70 ഡോളറാണ്. ശനിയാഴ്ച രാവിലെയിത് 71.61 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്‌ള്യുടിഐ ബാരലിന് 68.85 ഡോളറുമാണ്. ശനിയാഴ്ച രാവിലെ 68.65 ഡോളറായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും.

ഇന്ത്യന്‍ രൂപ വെള്ളിയാഴ്ച

റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപടെല്‍ രൂപയെ ഡോളറിനെതിരേ 84 രൂപയ്ക്കു താഴേയ്ക്കു പോകാതെ നിലനിര്‍ത്തുകയാണ്. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വാങ്ങലുകരാകുന്നതും ക്രൂഡോയില്‍വില കുറഞ്ഞു നില്‍ക്കുന്നതും രൂപയെ കൂടുതല്‍ താഴ്ചയിലേക്കു പോകാതെ തടയുന്നു. ഡോളര്‍ മറ്റു കറന്‍സികള്‍ക്കെതിരേ ദുര്‍ബലമായതും രൂപയ്ക്കു സഹായകമായി. വെള്ളിയാഴ്ച ഡോളറിന് 83.90 രൂപയായിരുന്നു. വ്യാഴാഴ്ചയിത് 83.96 രൂപയായിരുന്നു.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News