റെക്കോഡുകൾ തകർന്നുവീണ വാരം; ഉയർന്ന വാങ്ങലിൽ എഫ്പിഐകൾ
- സർവ്വകാല ഉയരം തൊട്ട് നിഫ്റ്റിയും സെൻസെക്‌സും
- എഫ്പിഐക്കൾ കഴിഞ്ഞ മാസം വാങ്ങിയത് 9,001 കോടി രൂപക്ക്
- പോയ വാരം അദാനി ഗ്രൂപ് ഓഹരികളിൽ മികച്ച മുന്നേറ്റം
സെപ്റ്റംബറിന് ശേഷമുള്ള ശക്തമായ മുന്നേറ്റത്തിനാണ് കഴിഞ്ഞ വാരത്തിൽ ആഭ്യന്തര വിപണി സാക്ഷ്യം വഹിച്ചത്. പ്രീതീക്ഷിച്ചതിലും മികച്ച ജിഡിപി യും ആഗോള, ആഭ്യന്തര സഹചര്യങ്ങൾ അനുകൂലമായതും നിഫ്റ്റിയും സെൻസെക്‌സും സർവ്വകാല ഉയരം തൊടാൻ ഇടയാക്കി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, എക്‌സിറ്റ് പോൾ ഫലങ്ങൾ, നികുതി വരുമാനത്തിലെ വർദ്ധനവ് എന്നിവയും വിപണിയുടെ മുന്നേറ്റത്തിന് കാരണമായി.
ആഭ്യന്തര സൂചികകൾ
കഴിഞ്ഞ ഒരാഴ്ച്ചയിലെ കണക്കെടുത്താൽ നിഫ്റ്റി 473.20 പോയിന്റുകൾ അഥവാ 2.39 ശതമാനവും സെൻസെക്സ് 1511.15 പൊയ്റ്റുകൾ അഥവാ 2.29 ശതമാനവും ഉയർന്നു. നിഫ്റ്റി സർവ്വകാല ഉയരമായ 20291.55 പോയിന്റും തൊട്ടു. സെൻസെക്സ് ഇന്നലെ അവസാനിച്ചതാകട്ടെ 67,481.19 ലും.
സെൻസെക്സിൽ ഐടിസി, എൻടിപിസി, ആക്സിസ് ബാങ്ക്, ലാര്സണ് ആൻഡ് ടൂർബോ ബജാജ് ഫൈനാൻസ്, ഏഷ്യൻ പൈന്റ്‌സ്, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ മികച്ച നേട്ടം നൽകിയപ്പോൾ വിപ്രോ, എം ആൻഡ് എം, മാരുതി സുസുക്കി, ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹിന്ദ്ര, കൊട്ടക് മഹിന്ദ്ര എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയത്.
നിഫ്റ്റിയിൽ ഐടിസി, എൻടിപിസി, ആക്സിസ് ബാങ്ക്, ലാര്സണ് ആൻഡ് ടൂർബോ, ബ്രിട്ടാനിയ, ബജാജ് ഫൈനാൻസ്, ഏഷ്യൻ പൈന്റ്‌സ്, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, എന്നീ ഓഹരികൾ കഴിഞ്ഞ വാരത്തിൽ ഉയർന്നപ്പോൾ വിപ്രോ, എം ആൻഡ് എം, മാരുതി സുസുക്കി, ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹിന്ദ്ര, കൊടക് മഹിന്ദ്ര, എച്ഡിഎഫ്സി ബാങ്ക് എന്നിവ താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ആഴ്ച്ചയിലെ മറ്റു സെക്ടറൽ സൂചികകളുടെ മാറ്റം നോക്കുകയാണെങ്കിൽ, ബിഎസ്ഇ യിൽ മികച്ച മുന്നേറ്റം നടത്തിയവയിൽ യൂട്ടിലിറ്റി സൂചിക 5.48 ശതമാനം അഥവാ 210 പോയിന്റുകളും ഓയിൽ ആൻഡ് ഗ്യാസ് സൂചിക 5.79 ശതമാനം അഥവാ 1129.21 പോയിന്റുകളും പിഎസ് യു സൂചിക 4.71 ശതമാനം ഉയർന്ന് 13719.71 പോയിന്റിലുമാണുള്ളത്. ഫൈനാൻഷ്യൽ സർവീസ് സൂചിക 10.41 ശതമാനവും കോൺസുമർ ഡ്യൂറെബിൾസ് സൂചിക 18.1 ശതമാനവും ടെലെകോംമ്യൂണിക്കേഷൻ സൂചിക 15.79 ശതമാനവും താഴ്ന്നാണ് ക്ലോസ് ചെയ്തത്.
എൻഎസ്ഇ യിൽ, ബാങ്ക് നിഫ്റ്റി 2.39 ശതമാനം അഥവാ 1045 പോയിന്റുകളും എഫ്എംസിജി 2.42 ശതമാനം 1274 പോയിന്റുകളും എനർജി സൂചിക 3.51 ശതമാനം 1001 പോയിന്റുകളുമാണ് കഴിഞ്ഞ വാരത്തിൽ ഉയർന്നത്. നിഫ്ടിയിൽ ഓട്ടോ (17,644.75), ഹെൽത് കെയർ (10,363.10), റിയാലിറ്റി (732.05), ഫാർമ (16,385.35) സൂചികകൾ എക്കാലത്തെയും ഉയരത്തിലെത്തിച്ചേർന്നു.
കൂടാതെ, നിഫ്റ്റി സ്മാൾ ക്യാപ്പും (6,609.15 പോയ്ന്റ്സ്) നിഫ്റ്റി മിട ക്യാപ്പും (12,359.20 പോയിന്റ്സ്) ഇന്നലെ എക്കാലത്തെയും ഉയരത്തിൽ തൊട്ടു.
വിദേശ നിക്ഷേപകർ
നവംബറിൽ നെറ്റ് ബയേഴ്‌സായി തുടരുന്ന എഫ്പിഐക്കൾ അതിനു മുമ്പുള്ള രണ്ട് മാസങ്ങളിൽ 500 കോടി ഡോളറിന്റെ വില്പനയാണ് നടത്തിയത്. കഴിഞ്ഞ മാസം 9,001 കോടി രൂപയുടെ ഓഹരികളാണ് എഫ്പിഐക്കൾ വാങ്ങിയത്. നവംബർ 30ന് മാത്രം 8,147.85 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ നടത്തിയത്
രാജ്യത്തിൻറെ ശക്തമായ സാമ്പത്തിക വളർച്ചക്കൊപ്പം, ദുർബലമാകുന്ന ഡോളർ സൂചിക, യുഎസ് ട്രഷറി ബോണ്ട് വരുമാനത്തിലുണ്ടായ ഇടിവ് എന്നിവയാണ് ഫണ്ടുകളുടെ ഒഴുക്കിന് ആക്കം കൂട്ടിയത്. ഇക്കാരണങ്ങൾ കൊണ്ട് നവംബറിൽ മികച്ച വളർച്ചയാണ് ഇന്ത്യൻ വിപണി രേഖപ്പെടുത്തിയത്.
കഴിഞ്ഞ വാരത്തിലെ ഐപിഒ
ഓഹരികളുമായി ദലാൽ തെരുവിലെത്തിയ ടാറ്റ ടെക്നോളോജിസ് കഴിഞ്ഞ വാരത്തിലെ ശ്രേദ്ധേയമായി മറ്റൊരു കാര്യമാണ്. ഇഷ്യൂ വിലയായ 500 രൂപയിൽ നിന്നും 140 ശതമാനം ഉയർന്ന് 1200 രൂപയിലായിരുന്നു ഓഹരികളുടെ ലിസ്റ്റിംഗ്. വ്യാപാരമധ്യേ ഓഹരികൾ ഇഷ്യൂ വിലയിൽ നിന്നും 180 ശതമാനം വരെ ഉയർന്നിരുന്നു.
ഗാന്ധാർ ഓയിൽ റിഫൈനറി 75 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് നടത്തിയത്. ഫ്ലെയർ റൈറ്റിംഗ് ഓഹരികൾ 64 ശതമാനം പ്രീമിയത്തോടെ 501 രൂപയിൽ ലിസ്റ്റ് ചെയ്തു. ഫെഡറൽ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ്ഫിന മാത്രമാണ് ലിസ്റ്റിംഗ് ദിനത്തിൽ നിക്ഷേപകരെ നിരാശപ്പെടുത്തിയത്. ഇഷ്യു വിലയേക്കാൾ രണ്ട് ശതമാനം കിഴിവിലാണ് വിപണിയിലെത്തിയത്.
ഓട്ടോ സെയിൽസ് ഡാറ്റ
ഓട്ടോ സെയിൽസ് കണക്കുകൾ പുറത്തു വന്നതോടെ, ഈ സെക്ടറിലെ വളർച്ച സൂചികയേ പ്രതിഫലിച്ചതായി കാണാം. ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോർസ് എന്നീ കമ്പനികൾ പുറത്തു വിട്ട ഡാറ്റയിൽ, ഇരുചക്ര മേഖലയിലെ ഉയർന്ന ഡിമാൻഡ് വ്യക്തമാണ്. എന്നിരുന്നാലും കയറ്റുമതി പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. കാറുകളിലെ എസ് യുവി സെഗ്മെന്റുകളിൽ നേരിയ ഇടിവാണ് ഡാറ്റ കാണിക്കുന്നത്. ഓട്ടോ ഡാറ്റ അനുസരിച്ച് മരുതിക്ക് നേരിയ വർധനവാണ് സൂചിപ്പിക്കുന്നത്. ടാറ്റ മോട്ടോർസ് നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇലക്ട്രിക്ക് വാഹനങ്ങളിലെ ഡിമാൻഡ് ഡാറ്റ ചൂണ്ടി കാണിക്കുന്നു. ഫെസ്റ്റിവ് കാലയളവ് ഓട്ടോ മേഖലയെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്.
അദാനി ഗ്രുപ്പിലെ നേട്ടം
പോയ വാരം അദാനി ഗ്രൂപ് ഓഹരികളിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. വലിയൊരു ഇടവേളയ്ക്കുശേഷം അദാനി ഗ്രൂപ്പ് ഓഹരികളിൽ ഭൂരിഭാഗവും അപ്പർ സർക്യൂട്ട് തൊട്ടു . അദാനി ഗ്രൂപ്പിന് അനുകൂലമായ സുപ്രീംകോടതി പരാമർശത്തിന് പിന്നാലെയാണ് ഓഹരികൾ കുതിച്ചത്. ഇതോടെ 1.19 ലക്ഷം കോടിയുടെ വർധനവാണ് വിപണിമൂല്യത്തിൽ അദാനി ഓഹരികൾക്കുണ്ടായത്. ഒരു ദിവസം കൊണ്ടുണ്ടായ ഈ നേട്ടത്തോടെ ലോകത്തെ ഏറ്റവും സമ്പന്നരായ 20 പേരുടെ ബ്ലൂംബെർഗ് കോടിശ്വരന്മാരുടെ പട്ടികയിലേക്ക് അദാനിയെ തിരിച്ചെത്തുകയും ചെയ്തു.
ആർബിഐ റിപ്പോർട്ട് പ്രകാരം നവംബറിൽ ഫോറിൻ റിസർവിൽ വർദ്ധന ദ്യശ്യമായിരുന്നു. നവംബർ 17 വരെ 595.397 ബില്യൺ ഡോളറാണ് കരുതൽ ധനമായുള്ളത്. വിദേശ കറൻസിയായുള്ളത് 526.391 മില്യൺ ഡോളറാണ്. യുദ്ധമടക്കമുള്ള വെല്ലുവിളികൾക്കിടയിൽ രൂപയൂടെ മൂല്യം പിടിച്ചു നിറുത്താൻ ഡോളർ വിറ്റുമാറിയതാണ് ഫോറിൻ റിസർവ് ഇടിവിന് കാരണമായത്. വിദേശ നിക്ഷേപം, കയറ്റുമതി എന്നിവ വഴിയാണു വിദേശ കറൻസി രാജ്യത്തേക്ക് എത്തുന്നത്. സ്വാഭാവികമായും ഫോറിൻ റിസർവിലെ കയറ്റിറക്കം കയറ്റുമതി മേഖല കമ്പനികളിലൂടെ ഓഹരികളിലും പ്രതീക്ഷിക്കാം. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്ത് വരും. അതിനാൽ വിപണിയും നിക്ഷേപകരും കൂടുതൽ ജാഗരൂകരാനുള്ള സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് ഫലം വിപണിയുടെ ചാഞ്ചാട്ടത്തിന് കാരണമാവാം. ഭരണകക്ഷിക്ക് തിരിച്ചടിയുണ്ടാകുമെന്ന സൂചനകൾ വിപണിയിൽ അവസരം സൃഷ്ടിച്ചേക്കാമെങ്കിലും ഭരണകക്ഷിയുടെ മുന്നേറ്റം വിപണിയിൽ തീ പടർത്തിയേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. 5ാം തിയ്യതി പുറത്ത് വരുന്ന എസ് ആൻഡ് പി ഗ്ലോബൽ ഇന്ത്യ സർവീസസ് പിഎംഐ ഡേറ്റയും വിപണിയ്ക്ക് പ്രധാനമാണ്. കോർപ്പറേറ്റ് വരുമാനത്തിന്റെ സൂചകമാണ് പിഎംഐ. പിഎംഐയിൽ വർധനയുണ്ടായാൽ ആഭ്യന്തര, അന്തർദേശീയ ഓഹരി നിക്ഷേപകരുടെ റഡാറിലേക്ക് സേവന മേഖല ഓഹരികൾ എത്തിച്ചേരും..