ഗോ ഫസ്റ്റിനെ ഏറ്റെടുക്കും; സ്‌പൈസ് ജെറ്റ് ഓഹരികള്‍ 52 ആഴ്ച്ച ഉയര്‍ച്ചയില്‍

  • കുറച്ചു കാലങ്ങളായി സ്‌പൈസ് ജെറ്റും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്

Update: 2023-12-19 07:42 GMT

പാപ്പരായ വിമാനക്കമ്പനി ഗോ ഫസ്റ്റിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ സ്‌പൈസ് ജെറ്റ് ഓഹരികള്‍ മികച്ച നേട്ടത്തില്‍. സ്‌പൈസ് ജെറ്റ് ഓഹരികള്‍ എട്ട് ശതമാനം ഉയര്‍ന്നാണ് 52 ആഴ്ച്ചയിലെ ഉയര്‍ന്ന വിലയായ 64.21 രൂപയിലെത്തിയത്. സ്‌പൈസ് ജെറ്റ്, ഗോ ഫസ്റ്റ് എന്നിവ സംയോജിപ്പിക്കുന്നതോടെ വ്യോമ ഗതാഗത മേഖലയില്‍ ശക്തവും ലാഭകരവുമായ എയര്‍ലൈനായി മാറാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കമ്പനി.

അടുത്തിടെ സ്‌പൈസ് ജെറ്റിന്റെ ബോര്‍ഡ് 270 ദശലക്ഷം ഡോളര്‍ പുതിയ മൂലധനം സമാഹരിക്കുന്നതിനുള്ള നടപടിക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതിലൂടെ കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക, വളര്‍ച്ചാ പദ്ധതികളില്‍ നിക്ഷേപിക്കുക എന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളത്.

രാവിലെ 10.09 ന് സ്‌പൈസ് ജെറ്റ് ഓഹരികള്‍ 6.2 ശതമാനം നേട്ടത്തോടെ 68.19 രൂപയിലാണ് എന്‍എസ്ഇയില്‍ വ്യാപാരം നടത്തിയിരുന്നത്. കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിലും സ്‌പൈസ് ജെറ്റ് ഓഹരികള്‍ 29 ശതമാനം ഉയര്‍ന്നിരുന്നു. എസ് ആന്‍ഡ് പി ബിഎസ്ഇയുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികള്‍ 82 ശതമാനം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.10 ന് ഓഹരികള്‍ 4.03 ശതമാനം നേട്ടത്തില്‍ 66.79 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

സാമ്പത്തിക പ്രതിസന്ധി

സ്‌പൈസ് ജെറ്റിനെക്കൂടാതെ ഗോ ഫസ്റ്റിനെ ഏറ്റെടുക്കാന്‍ താല്‍പര്യം കാണിച്ചത് ഷാര്‍ജ ആസ്ഥാനമായുള്ള സ്‌കൈ വണ്‍, ആഫ്രിക്ക ആസ്ഥാനമായുള്ള സാഫ്രിക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നീ സ്ഥാപനങ്ങളാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്‌പൈസ് ജെറ്റും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അതിനിടയിലാണ് കഴിഞ്ഞയാഴ്ച്ച ധനകാര്യ സ്ഥാപനങ്ങള്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍, സമ്പന്നരായ വ്യക്തികള്‍, സ്വകാര്യ നിക്ഷേപകര്‍ എന്നിങ്ങനെ 64 സ്ഥാപനങ്ങളില്‍ നിന്നായി ഓഹരികള്‍, വാറന്റുകള്‍ എന്നിവ ഇഷ്യു ചെയ്ത് 2,250 കോടി രൂപ സമാഹരിക്കാന്‍ സ്‌പൈസ് ജെറ്റ് ബോര്‍ഡ് അനുമതി നല്‍കിയിരുന്നു.

ഈ നിക്ഷേപകര്‍ക്കായി 320 ദശലക്ഷം ഓഹരികളും 130 ദശലക്ഷം വാറന്റുകളും ഇഷ്യു ചെയ്യുമെന്ന് എയര്‍ലൈന്‍ ബിഎസ്ഇക്ക് നല്‍കിയ ഫയലിംഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. എലാറ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, ഏരീസ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, മഹാപത്ര യൂണിവേഴ്‌സല്‍ ലിമിറ്റഡ്, നെക്‌സസ് ഗ്ലോബല്‍ ഫണ്ട്, പ്രഭുദാസ് ലില്ലാദര്‍, റെസൊണന്‍സ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്നിവയാണ് 2,250 കോടി രൂപ സമാഹരിക്കുന്നത്. ഇക്വിറ്റി ഷെയര്‍, വാറന്റിന് 50 രൂപയാണ് ഇഷ്യു വില. നിക്ഷേപ അടിത്തറ വിശാലമാക്കുന്നതിനായി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) ഓഹരികള്‍ ഉടന്‍ ലിസ്റ്റ് ചെയ്യുമെന്നും സ്‌പൈസ് ജെറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News