ആസ്തി നിലവാരം മെച്ചപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്; ആറ്റാദായം 287.56 കോടി

  • 2024 സാമ്പത്തിക വർഷത്തിലെ ബാങ്കിൻ്റെ അറ്റാദായം 38 ശതമാനം ഉയർന്നു
  • മൊത്ത നിഷ്‌ക്രിയ ആസ്തി 0.64 ശതമാനം കുറഞ്ഞ് 4.50 ശതമാനമായി മെച്ചപ്പെട്ടു
  • മൊത്തം ചെലവ് 2,187 കോടി രൂപയായി ഉയർന്നു

Update: 2024-05-03 09:49 GMT

മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ സൗത്ത് ഇന്ത്യൻ ബാങ്ക് പുറത്തു വിട്ടു. ജനുവരി-മാർച്ച് കാലയളവിലെ ബാങ്കിന്റെ അറ്റാദായം 287.56 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ പാദത്തിലെ 333.89 കോടി രൂപയിൽ നിന്നും 13.88 ശതമാനം താഴ്ന്നതാണിത്. ഓഹരിയൊന്നിന് 0.30 രൂപയുടെ ലാഭവിഹിതവും ബാങ്ക് പ്രഖ്യാപിച്ചു.

നാലാം പാദത്തിൽ ബാങ്കിന്റെ മൊത്തം ചെലവ് 2,187 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ 1,757 കോടി രൂപയായിരുന്നു. ബാങ്കിൻ്റെ മൊത്തവരുമാനം മുൻ വർഷത്തെ സമാന പാദത്തിലെ  2,318 കോടി രൂപയിൽ നിന്ന് 2,621 കോടി രൂപയായി ഉയർന്നു.

2024 സാമ്പത്തിക വർഷത്തിലെ ബാങ്കിൻ്റെ അറ്റാദായം 38 ശതമാനം ഉയർന്ന് 1,070 കോടി രൂപയായി, മുൻ സാമ്പത്തിക വർഷത്തിലിത് 775 കോടി രൂപയായിരുന്നു. ഇത് കാലയളവിലെപ്രവർത്തന ലാഭം 24 ശതമാനം വർധിച്ച് 1,867.67 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,507.33 കോടി രൂപയായിരുന്നു.

നാലാം പാദത്തിലെ ബാങ്കിന്റെ പ്രവർത്തന ലാഭം 23 ശതമാനം ഇടിഞ്ഞ് 433.54 കോടി രൂപയായി, മുൻ വർഷത്തെ ഇതേ പാദത്തിൽ 561.55 കോടി രൂപയായിരുന്നു. അറ്റ ​​പലിശ വരുമാനം രണ്ടു ശതമാനം ഉയർന്ന് 874.67 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ ​​പലിശ മാർജിൻ കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 3.67 ശതമാനത്തിൽ നിന്ന് 3.38 ശതമാനമായി കുറഞ്ഞു.

നാലാം പാദത്തിലെ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 0.64 ശതമാനം കുറഞ്ഞ് 4.50 ശതമാനമായി മെച്ചപ്പെട്ടു. അറ്റ എൻപിഎ 0.40 ശതമാനം താഴ്ന്ന് 1.86 ശതമാനത്തിൽ നിന്ന് 1.46 ശതമാനമായി. ബാങ്കിൻ്റെ കിട്ടാകടങ്ങൾക്കുെം അടിയന്തര ആവശ്യങ്ങൾക്കും മാറ്റി വെക്കുന്ന തുക 39 കോടി രൂപയിൽ നിന്ന് 41 കോടി രൂപയായി ഉയർന്നു. ബാങ്കിൻ്റെ മൊത്ത അഡ്വാൻസ് മുൻ വർഷത്തേക്കാളും 11.6 ശതമാനം വർധിച്ച് 80,426 കോടി രൂപയായി, കോർപ്പറേറ്റ് വിഭാഗത്തിൽ 36.4 ശതമാനം വർദ്ധനവോടെ 32,084 കോടി രൂപയായി. ബാങ്കിന്റെ മൊത്തം നിക്ഷേപം 11 ശതമാനം ഉയർന്ന് 1.02 ലക്ഷം കോടി രൂപയായി. മാർച്ചിൽ ബാങ്കിന്റെ റീട്ടെയിൽ നിക്ഷേപം 9 ശതമാനം വർധിച്ച് 97,743 കോടി രൂപയിലെത്തി. 

സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ഓഹരികൾ എൻഎസ്ഇയിൽ 1.20 ശതമാനം ഇടിഞ്ഞ് 28.85 രൂപയിലാണ് വ്യാപാരം തുടരുന്നത്.

Tags:    

Similar News