പിബി ഫിന്‍ടെക്കിന്റെ 914 കോടി രൂപയുടെ ഓഹരികള്‍ സോഫ്റ്റ്ബാങ്ക് വിറ്റു
- ഓഹരി ഒന്നിന് ശരാശരി 800.05 രൂപ എന്ന നിരക്കില്‍ വിറ്റു
- മൊത്തം ഇടപാട് മൂല്യം 913.75 കോടി രൂപ വരും.
- 2008-ല്‍ യാഷിഷ് ദഹിയയും, അലോക് ബന്‍സലും ചേര്‍ന്നാണു പിബി ഫിന്‍ടെക് സ്ഥാപിച്ചത്
സോഫ്റ്റ്ബാങ്കിന്റെ കീഴിലുള്ള എസ്‌വൈഎഫ് പൈഥണ്‍ 11 (കേമാന്‍) ഡിസംബര്‍ 15ന് പോളിസി ബസാറിന്റെ മാതൃസ്ഥാപനമായ പിബി ഫിന്‍ടെക്കിന്റെ 2.5 ശതമാനം ഓഹരി 914 കോടി രൂപയ്ക്ക് വിറ്റു. ഓപ്പണ്‍ മാര്‍ക്കറ്റ് വഴിയായിരുന്നു ഇടപാട്.
എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് (എംഎഫ്),
മിറേ അസറ്റ് എംഎഫ്,
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്,
സൊസൈറ്റി ജനറല്‍,
ക്യാപിറ്റല്‍ ഗ്രൂപ്പ്,
ദി മാസ്റ്റര്‍ ട്രസ്റ്റ് ബാങ്ക് ഓഫ് ജപ്പാന്‍,
ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍, ഗോള്‍ഡ്മാന്‍ സാക്‌സ്,
ചൈനയിലെ ബെസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ തുടങ്ങിയവരാണ് ഓഹരികള്‍ വാങ്ങിയത്.
ഓഹരി വില്‍പ്പനയെ തുടര്‍ന്ന്, ബിഎസ്ഇയില്‍ പിബി ഫിന്‍ടെക്കിന്റെ ഓഹരികള്‍ 2.31 ശതമാനം ഇടിഞ്ഞ് 789.45 രൂപയിലാണു വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയില്‍ നിന്നും ലഭിച്ച കണക്ക്പ്രകാരം
എസ്‌വൈഎഫ് പൈഥണ്‍ 11, പിബി ഫിന്‍ടെക്കില്‍ 2.54 ശതമാനം വരുന്ന 10 ട്രഞ്ചുകളിലായി 1,14,21,212 ഓഹരികളാണു വിറ്റത്.
ഓഹരി ഒന്നിന് ശരാശരി 800.05 രൂപ എന്ന നിരക്കില്‍ വിറ്റു. മൊത്തം ഇടപാട് മൂല്യം 913.75 കോടി രൂപ വരും.
ഇടപാടിനു ശേഷം പിബി ഫിന്‍ടെക്കിലെ സോഫ്റ്റ് ബാങ്കിന്റെ ഓഹരി പങ്കാളിത്തം 1.85 ശതമാനമായി ചുരുങ്ങി. മുമ്പ് ഇത് 4.39 ശതമാനമായിരുന്നു.
2008-ല്‍ യാഷിഷ് ദഹിയയും, അലോക് ബന്‍സലും ചേര്‍ന്നാണു പിബി ഫിന്‍ടെക് സ്ഥാപിച്ചത്. ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോമായ പോളിസി ബസാറും പൈസ ബസാര്‍ എന്ന ക്രെഡിറ്റ് കംപാരിസണ്‍ പോര്‍ട്ടലുമാണ് പിബി ഫിന്‍ടെക് നടത്തുന്ന ബിസിനസ്.