സെന്‍സെക്സിന്‍റെ ക്ലോസിംഗ് 71,500 ന് അടുത്ത്, 4.5% നേട്ടവുമായി നിഫ്റ്റി ഐടി

  • ലോഹം, പൊതുമേഖലാ ബാങ്ക് എന്നിവയുടെ സൂചികകളും മികച്ച നേട്ടത്തില്‍
  • ഓട്ടോമൊബൈല്‍, എഫ്എംസിജി, ധനകാര്യ സേവനങ്ങള്‍, റിയല്‍റ്റി ഓഹരികള്‍ക്ക് ഇടിവ്
  • ബിഎസ്ഇ മിഡ്ക്യാപ് സൂചികയില്‍ ഇടിവ്

Update: 2023-12-15 10:11 GMT

തുടർച്ചയായ രണ്ടാം ദിവസവും ആഭ്യന്തര ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികകൾ പുതിയ സര്‍വകാല ഉയരങ്ങളും റെക്കോഡ് ക്ലോസിംഗുകളും കുറിച്ചു. മികച്ച നേട്ടവുമായി ഐടി ഓഹരികളാണ് റാലിയെ മുന്നില്‍‌ നിന്ന് നയിച്ചത്. നിഫ്റ്റി ഐടി 4. ശതമാനം മുന്നേറി. ലോഹം, പൊതുമേഖലാ ബാങ്ക് എന്നിവയുടെ സൂചികകളും 2 ശതമാനത്തിനു മുകളില്‍ മികച്ച നേട്ടം പ്രകടമാക്കി. അതേസമയം ഓട്ടോമൊബൈല്‍, എഫ്എംസിജി, ധനകാര്യ സേവനങ്ങള്‍, റിയല്‍റ്റി, മീഡിയ, ആരോഗ്യ പരിരക്ഷ  തുടങ്ങിയ വിഭാഗങ്ങള്‍ ഇടിവിലായിരുന്നു

ബിഎസ്ഇ സെന്‍സെക്സ് 969.55 പോയിന്‍റ്  അഥവാ 1.37 ശതമാനം ഉയര്‍ന്ന് 71,483.75ലും നിഫ്റ്റി-50 273.95 പോയിന്‍റ് അഥവാ 1.29 ശതമാനം ഉയര്‍ന്ന് 21,456.65ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഇടവ്യാപാരത്തിനിടെ സെന്‍സെക്സ് 71,605.76 എന്ന സര്‍വകാല ഉയരവും നിഫ്റ്റി 21,492.30 എന്ന സര്‍വകാല ഉയരവും എത്തിയിരുന്നു. യുഎസ് ഫെഡ് റിസര്‍വ് അടുത്ത വര്‍ഷം പലിശ നിരക്കുകളില്‍ കുറവു വരുത്താന്‍ തയാറെടുക്കുകയാണെന്ന് വ്യക്തമാക്കിയതോടെ ആഗോള വിപണികളില്‍ നടക്കുന്ന റാലിയാണ് ഇന്ത്യന്‍ വിപണികളെയും പ്രധാനമായും സ്വാധീനിക്കുന്നത്. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വരുമാനത്തിലെ ഏറിയ പങ്കും സമ്മാനിക്കുന്ന യുഎസിലെ പലിശ നിരക്കുകള്‍ കുറയുന്നത് ഈ കമ്പനികളുടെ വരുമാനത്തെ ഉയര്‍ത്തുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. 

നേട്ടങ്ങളും കോട്ടങ്ങളും

എച്ച്സിഎൽ ടെക്, ടിസിഎസ്, ഇൻഫോസിസ്, എസ്ബിഐ, ടാറ്റ സ്‍റ്റീല്‍ തുടങ്ങിയയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. എച്ച്ഡിഎഫ്‍സി ലൈഫ്, നെസ്‍ലെ ഇന്ത്യ, ഭാരതി എയര്‍ടെല്‍, എസ്ബിഐ ലൈഫ്, ബജാജ്-ഓട്ടോ എന്നിവയാണ് വലിയ ഇടിവ് നേരിട്ടത്. ടിസിഎസ്, എച്ച്‍സിഎല്‍ ടെക്, ഇന്‍ഫോസിസ്, എസ്ബിഐ, ടാറ്റ സ്‍റ്റീല്‍, ടെക് മഹീന്ദ്ര, എന്‍ടിപിസി തുടങ്ങിയവയാണ് സെന്‍സെക്സില്‍ വലിയ നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്രബാങ്ക്, ഐടിസി, മാരുതി, ഭാരതി എയര്‍ടെല്‍, നെസ്‍ലെ ഇന്ത്യ തുടങ്ങിയവ വലിയ ഇടിവ് നേരിട്ടു

നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.11 ശതമാനവും നിഫ്റ്റി സ്‍മാള്‍ക്യാപ് 100 സൂചിക 0.71 ശതമാനവും മുന്നേറി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.07 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.58 ശതമാനം മുന്നേറി. 

ഉയര്‍ന്ന മൂല്യനിര്‍ണയം ആശങ്ക

"ഈ മാസം ആദ്യ പകുതിയിലെ റൺ അപ്പ് കഴിഞ്ഞാൽ വിപണി കണ്‍സോളിഡേഷനില്‍ എത്താന്‍ സാധ്യതയുണ്ട്. പോസിറ്റീവ് വാർത്തകൾ പ്രവഹിക്കുന്നതും ഇടിവുകളിലെ ശക്തമായ വാങ്ങലും വിപണിയെ പ്രതിരോധിക്കാം. ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന വിപണികളിലേക്ക് വലിയ മൂലധന പ്രവാഹത്തിന് കാരണമായ, യുഎസ് ബോണ്ട് യീൽഡിലെ കുത്തനെയുള്ള ഇടിവാണ് ഇപ്പോൾ വിപണിയിലെ ഏറ്റവും ശക്തമായ പോസിറ്റിവ്. 10 വര്‍ഷ യുഎസ് ബോണ്ടുകളിലെ യീല്‍ഡ് ഇപ്പോള്‍ എകദേശം 3.95 ശതമാനമാണ് ," ജിയോജിത് ഫിനാന്‍ഷ്യലിലെ വി.കെ വിജയകുമാര്‍ പറയുന്നു.

"ലാർജ് ക്യാപ് ഫിനാൻഷ്യലും ഐടിയും ന്യായമായ മൂല്യമുള്ളതും എഫ്‌ഐഐയുടെ പ്രിയപ്പെട്ട മേഖലകളുമായതിനാൽ, ഈ സെഗ്‌മെന്റുകൾ മികച്ച രീതിയിൽ തുടരും. ചില്ലറവ്യാപാരത്തിന്റെ അതിപ്രസരം വിശാലമായ വിപണിയെ ഉന്മേഷദായകമായി നിലനിർത്തുന്നു, എന്നാൽ ഇവിടെ മൂല്യനിർണ്ണയം പ്രശ്നകരമാകുകയാണ്. ഉയർന്ന മൂല്യനിർണ്ണയത്തിൽ, ഈ സെഗ്‌മെന്റുകൾ മൂർച്ചയുള്ള തിരുത്തലിന് വിധേയമായേക്കാം. നിക്ഷേപം തുടരുമ്പോഴും നിക്ഷേപകർ ജാഗ്രത പാലിക്കണം," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News