നിങ്ങൾക്കും എൻവിഡിയയുടെ ഓഹരിയുടമയാവണോ ?
- കമ്പനിയുടെ വിപണി മൂല്യം 1.94 ലക്ഷം കോടി ഡോളർ
- ഒറ്റ ദിവസം കൊണ്ട് 250 ബില്യൺ ഡോളർ വിപണി മൂല്യത്തിലേക്ക്
- ഇന്ത്യൻ നിക്ഷേപകർ ഒരു അന്താരാഷ്ട്ര ട്രേഡിംഗ് അക്കൗണ്ട് തുറക്കണം
റെക്കോർഡുകൾ തകർത്തുകൊണ്ടാണ് എൻവിഡിയയുടെ യാത്ര. പാദഫലം പുറത്തു വന്നതോടെ ഓഹരികൾ കുതിച്ചുയർന്നു കൊണ്ടിരിക്കുകായാണ്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1.94 ലക്ഷം കോടി ഡോളറിലേക്കെത്തി. സെൻസെക്സിലുള്ള 30 കമ്പനികളുടെയും സംയുക്ത വിപണി മൂല്യത്തെയാണ് എൻവിഡിയ കടത്തിവെട്ടിയത്.
ആഗോള നിക്ഷേപകർ പോർട്ട്‌ഫോളിയോകൾ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഓഹരിയായാണ് എൻവിഡിയയെ കാണുന്നത്.
എൻവിഡിയയുടെ ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുള്ളത് യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആണെങ്കിലും ആഭ്യന്തര നിക്ഷേപകർക്ക് ഓഹരികൾ വാങ്ങാവുന്നതാണ്. നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികൾ വാങ്ങാൻ താല്പര്യമുള്ള നിക്ഷേപകർക്ക് അന്താരാഷ്ട്ര ട്രേഡിംഗ് അക്കൗണ്ട് എടുക്കുന്നതിലൂടെ സാധ്യമാകും
എങ്ങനെ ഇന്റർനാഷണൽ ട്രേഡിംഗ് അക്കൗണ്ട് എടുക്കാം
ഈ നിക്ഷേപ യാത്ര ആരംഭിക്കുന്നതിന്, ഇന്ത്യൻ നിക്ഷേപകർ ഒരു അന്താരാഷ്ട്ര ട്രേഡിംഗ് അക്കൗണ്ട് തുറക്കണം. ഗ്രോ, ഏഞ്ചൽ വൺ തുടങ്ങിയ വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ അക്കൗണ്ട് തുറക്കാം. ഒരു അന്താരാഷ്ട്ര ട്രേഡിംഗ് അക്കൗണ്ട് തുറക്കുന്നതിന്, വ്യക്തികൾ അവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും കെവൈസി (KYC) രേഖകളും സമർപ്പിക്കേണ്ടതുണ്ട്.
ഇതല്ലാതെ ഐസിഐസിഐ ഡയറക്‌റ്റ്, എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ്, കൊട്ടക് സെക്യൂരിറ്റീസ്, ആക്‌സിസ് സെക്യൂരിറ്റീസ് ഇവ പോലെ അന്താരാഷ്ട്ര സഹകരണമുള്ള ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനങ്ങൾ മുഖേന ഒരു വിദേശ അക്കൗണ്ട് തുറക്കാനുള്ള ഓപ്ഷ്യനും ഇന്ത്യൻ പൗരന്മാർക്കുണ്ട്.
കൂടാതെ, ചാൾസ് ഷ്വാബ്, അമേരിട്രേഡ്, ഇൻ്ററാക്ടീവ് ബ്രോകേർസ്, തുടങ്ങിയ അന്താരാഷ്ട്ര ബ്രോക്കറേജ് പ്ലാറ്റ്‌ഫോമുകളിൽ ഒരു അക്കൗണ്ട് ആരംഭിക്കുന്നതോടെയും നിക്ഷേപകർക്ക് എൻവിഡിയ ഓഹരികൾ നേരിട്ട് വാങ്ങാവുന്നതാണ്.
ഇന്ത്യൻ മ്യൂച്വൽ ഫണ്ട് ഹൗസുകളും അവരുടെ വിദേശ ഇക്വിറ്റി ഹോൾഡിംഗുകൾ വഴി എൻവിഡിയയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
2023 ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, നാല് മ്യൂച്വൽ ഫണ്ട് ഹൗസുകളാണ് എൻവിഡിയയിൽ നിക്ഷേപം നടത്തിയിട്ടുള്ളത്.
ആക്സിസ്, ഐസിഐസിഐ, മിറേ, മോത്തിലാൽ ഓസ്വാൾ ഇവ സംയുക്തമായി എൻവിഡിയയുടെ 1.7 ലക്ഷം ഓഹരികൾ വാങ്ങിയിട്ടുണ്ട്. നിലവിലെ ഇതിന്റെ മൂല്യം ഏകദേശം 132 മില്യൺ ഡോളറാണ്.
30 ഇന്ത്യൻ കമ്പനികൾക്കൊരു എൻവിഡിയ
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കംപ്യൂട്ടിംഗ് ഹാർഡ്‌വെയറിനുള്ള ഡിമാൻഡ് ഉയർന്നതോടെ നാലാം പാദത്തിൽ മികച്ച ഫലങ്ങളാണ് എൻവിഡിയ പ്രഖ്യാപിച്ചത്. ഇതോടെ ഓഹരികൾ വ്യാഴാഴ്ച 15 ശതമാനത്തോളമാണ് ഉയർന്നത്. കമ്പനിയുടെ വിപണി മൂല്യം 1.94 ലക്ഷം കോടി ഡോളറിലേക്കെത്തിയതോടെ സെൻസെക്സിലുള്ള 30 കമ്പനികളുടെയും സംയുക്ത വിപണി മൂല്യത്തെയാണ് എൻവിഡിയ കടത്തിവെട്ടിയത്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, 2023 മെയ് മാസത്തിൽ സെൻസെക്‌സിൻ്റെ പകുതിയിൽ താഴെ വിപണി മൂല്യമുണ്ടായിരുന്ന എൻവിഡിയ 2022 ഒക്‌ടോബർ മുതൽ 560 ശതമാനമാണ് ഉയർന്നത്. ഇതിനു വിപരീതമായി, രാജ്യത്തെ 30 മുൻനിര കമ്പനികളുടെ വിപണി മൂലധനം ഇതേ കാലയളവിൽ 30 ശതമാനമേ ഉയർന്നുള്ളു.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ, ഒരു ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള കമ്പനികളുടെ എലൈറ്റ് ക്ലബ്ബിലേക്ക് എൻവിഡിയ എത്തി. മാത്രമല്ല, ഒറ്റ ദിവസം കൊണ്ട് 250 ബില്യൺ ഡോളർ വിപണി മൂല്യത്തിലേക്ക് ചേർത്തെന്ന റെക്കോർഡും കമ്പനിക്കുണ്ട്. ഇത് ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ വിപണി മൂല്യമുള്ള റിലയൻസിന്റെ 243 ബില്യൺ ഡോളറിനെക്കാളും ഉയർന്നതാണ്.
പാദഫലം
2024 ജനുവരിയിൽ അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ വരുമാനം 22.1 ബില്യൺ ഡോളറായി റിപ്പോർട്ട് ചെയ്തു. ഇത് മുൻ പാദത്തേക്കാൾ 22 ശതമാനം ഉയർന്നതും കഴിഞ്ഞ വർഷത്തെ സമാന പാദത്തേക്കാൾ 265 ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയത്.