ബിസിനസ് വ്യാപിപ്പിച്ച് ഐആർസിടിസി: ഓഹരി 52 ആഴ്ച്ചയിലെ ഉയർച്ചയിൽ

Update: 2023-12-14 07:35 GMT

രാജ്യത്തുടനീളമുള്ള റെയിൽവേ ഇതര കാറ്ററിംഗ് ബിസിനസ്സിലേക്ക് കടക്കാനുള്ള പദ്ധതികൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി പ്രഖ്യാപിച്ചതിനെ തുടർന്ന് ഡിസംബർ 14 ലെ തുടക്കവ്യാപാരത്തിൽ തന്നെ ഓഹരികൾ 3 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന വിലയായ 799.95 രൂപയിലെത്തി.

"രാജ്യത്തുടനീളമുള്ള സ്ഥാപനത്തിന്റെ ബ്രാൻഡും ബിസിനസും വളർത്തുന്നതിനായി റെയിൽവേയ്‌ക്കപ്പുറമുള്ള മേഖലകളിലേക്ക് വ്യാപിക്കുന്നതിനുള്ള പാതയിലാണ് ഐആർസിടിസി ", മിനി-രത്‌ന പൊതുമേഖലാ സ്ഥാപനം ഡിസംബർ 13-ന് എക്സ്ചേഞ്ചുകൾക്ക് നൽകിയ പ്രസ്താവനയിൽ അറിയിച്ചു.

നിലവിൽ, പൊതുമേഖല സ്ഥപനം വിവിധ മന്ത്രാലയങ്ങൾക്കും ജുഡീഷ്യറി, സർവകലാശാലകൾ ഉൾപ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കാറ്ററിംഗ് സേവനങ്ങൾ നൽകുന്നുണ്ട്. ന്യൂഡൽഹിയിലെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, കൽക്കട്ട ഹൈക്കോടതി, ലഖ്‌നൗവിലെ യുപി സെക്രട്ടേറിയറ്റ് എന്നിവയുൾപ്പെടെ ഒമ്പത് സ്ഥാപനങ്ങളിൽ കമ്പനി ഇതിനകം തന്നെ ഹോസ്പിറ്റാലിറ്റി ഔട്ട്‌ലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഇതിനു പുറമെ പ്രതിരോധ സ്ഥാപനങ്ങൾ, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, കൊൽക്കത്തയിലെ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി, ഗുവാഹത്തിയിലെ കോട്ടൺ യൂണിവേഴ്സിറ്റി തുടങ്ങിയ  വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ഐആർസിടിസി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. " കമ്പനിയുടെ തുടർന്നുള്ള പദ്ധതികളിൽ രാജ്യത്തുടനീളം 15 കാറ്ററിംഗ് യൂണിറ്റുകൾ കൂടി കമ്മീഷൻ ചെയ്യുന്നതിനുള്ള സജീവ ഘട്ടത്തിലാണ് ", ഐആർസിടിസി കൂട്ടിച്ചേർത്തു.

വരുമാനത്തിലെ പങ്കാളിത്തം 

പൊതുമേഖലാ സ്ഥാപനം കാറ്ററിംഗിന് പുറമെ ഇന്റർനെറ്റ് ടിക്കറ്റിങ്, ടൂറിസം ആൻഡ് ട്രെയിൻ, റെയിൽ നീർ, സ്റ്റേറ്റ് തീർത്ത എന്നീ മേഖലകളിലും സാനിധ്യം അറിയിച്ചിട്ടുണ്ട്. 

പ്രധാനം വരുമാനം ലഭിക്കുന്നത് കാറ്ററിങ്ങിൽ നിന്ന് തന്നെയാണ്, ഏകദേശം സ്ഥാനത്തിന്റെ വരുമാനത്തിൽ നിന്ന് 41.69 ശതമാനത്തോളം വരുമിത്. ഇന്റർനെറ്റ് ടിക്കറ്റിങ് (33.83 ശതമാനം), ടൂറിസം ആൻഡ് ട്രെയിൻ (11.64 ശതമാനം), റെയിൽ നീർ (8.5 ശതമാനം), സ്റ്റേറ്റ് തീർത്ത (4.34 ശതമാനം) എന്നിങ്ങനെയാണ് ഐആർസിടിസി യുടെ മറ്റു വരുമാന മാർഗങ്ങൾ.

മറ്റു റെയിൽവേ ഓഹരികൾ 

ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ടെങ്കിലും മറ്റു പൊതുമേഖലാ റെയിൽവേ സ്ഥാപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറവ് റിട്ടേൺ നൽകിയിട്ടുള്ളത് ഐആർസിടിസി ഓഹരികളാണ്. 

നടപ്പ് വർഷം തുടക്കം മുതൽ ഇതുവരെയുള്ള കണക്കൻസാരിച്ച് ടൈറ്റാഗർഹ് റെയിൽ 355.72 ശതമാനവും ജുപിറ്റർ വാഗൺസ് 244.88 ശതമാനവും ടെക്സ്മാകോ, ഇർകോൺ ഇന്റർനാഷണൽ, ഇന്ത്യൻ റെയിൽവേ ഫിനാൻസ്, റെയിൽ വികാസ് നിഗം, എന്നിവ 150 ശതമനത്തിലതികവും ഉയർന്നിട്ടുണ്ട്. റെയിൽ ടെൽ 100 ശതമാനം ഉയർന്നപ്പോൾ, ബിഇഎംഎൽ 77 ശതമാനവും നേട്ടം നൽകിയിട്ടുണ്ട്.  പക്ഷെ ഈ കാലയളവിൽ ഐആർസിടിസി ഉയർന്നതാകട്ടെ 23.26 ശതമാനം മാത്രമാണ്.

നിലവിൽ (ഉച്ചക്ക് 12:15) കമ്പനിയുടെ ഓഹരികൾ എൻഎസ്ഇ യിൽ 1.54 ശതമാനം ഉയർന്ന് 790.90 രൂപയിൽ വ്യപാരം തുടരുന്നു.

അറിയിപ്പ് : ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News