വിപണി ഈയാഴ്ച (ഓഗസ്റ്റ് 19-25)
ആഗോള സാമ്പത്തിക സംഭവങ്ങള്‍ വിപണികള്‍ക്ക് ദിശ നല്‍കും
യുഎസിലെ ശക്തമായ റീട്ടെയില്‍ സെയില്‍സ് ഡേറ്റയും പണപ്പെരുപ്പം 2.9 ശതമാനത്തിലേക്കു താഴുകയും ചെയ്തത് കഴിഞ്ഞ വാരത്തില്‍ യുഎസ് വിപണിയെ മാത്രമല്ല ആഗോള വിപണികളെതന്നെ ശക്തമായ തിരിച്ചുവരവിനു സഹായിച്ചു. യുഎസ് വിപണി 52 ആഴ്ചയിലെ ഏറ്റവും ഉയരത്തിലേക്കു നീങ്ങുകയാണ്. ഈ വരുന്ന വാരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വിവിധ സാമ്പത്തിക ഡേറ്റകള്‍ വരാനുണ്ട്. അതില്‍ പ്രധാനമാണ് ഫ്ളാഷ് പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക കണക്കുകള്‍. ഇന്ത്യ, യുഎസ്, യുകെ, യൂറോസോണ്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ പിഎംഐ കണക്കുകള്‍ ഈ വാരത്തിലെത്തും. ഇതു ആഗോള സമ്പദ്ഘടനയെക്കുറിച്ചു കൂടുതല്‍ വ്യക്തത നിക്ഷേപകര്‍ക്കു നല്‍കും.
ഓഗസ്റ്റ് 22-24 തീയതികളില്‍ നടക്കുന്ന ഈ മാസത്തെ പ്രധാന സംഭവങ്ങളിലൊന്നാണ് ജാക്സണ്‍ ഹോള്‍സാമ്പത്തിക സിമ്പോസിയം. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ ഈ സമ്മേളനത്തില്‍ ( ഓഗസ്റ്റ് 23) പ്രസംഗിക്കുന്നുണ്ട്. പലിശ നിരക്ക് വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുള്ള സാമ്പത്തിക നടപടികളെക്കുറിച്ചു അദ്ദേഹത്തിന്റെ പ്രസംഗം വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂലൈയില്‍ നടന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) മീറ്റിംഗിന്റെ മിനിറ്റ്സ്, യുഎസ് തൊഴിലില്ലായ്മ ക്ലെയിമുകള്‍, ജപ്പാനിലെ പണപ്പെരുപ്പം എന്നിവയാണ് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട മറ്റ് പ്രധാന സാമ്പത്തിക വിവരങ്ങള്‍.
രാജ്യത്തെ കമ്പനികളുടെ ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. ഇനി ആഗോള സാമ്പത്തിക, രാഷ്ട്രീയ സംഭവ വികാസങ്ങളിലേക്കു ശ്രദ്ധ നീങ്ങുകയാണ്. യുഎസ് തെരഞ്ഞെടുപ്പും പശ്ചിമേഷ്യയിലെ ഇസ്രയേല്‍- പാലസ്റ്റീന്‍, ഇറാന്‍ സംഘര്‍ഷങ്ങളും മറ്റും നിക്ഷേപകരുടെ ശ്രദ്ധയിലേക്ക് സജീവമായി കടന്നുവരികയാണ്. വിദേശ, സ്വദേശനിക്ഷേപകസ്ഥാപനങ്ങളുടെ പണമൊഴുക്ക് തുടങ്ങിയവയവും വിപണിയെ സ്വാധീനിക്കും.
ഈ വാരത്തിലെ പ്രധാന സംഭവങ്ങള്‍
ഓഗസ്റ്റ് 19
യുഎസ് ഫെഡറല്‍ റിസര്‍വ് ഒഫീഷ്യല്‍ സ്പീച്ച്: യുഎസ് ഫെഡറല്‍ റിസര്‍വ് അംഗമായ ക്രിസ്റ്റോഫര്‍ ജെ വാലറുടെ പ്രസംഗം.ജൂലൈയിലെ മീറ്റിംഗില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു.
ഓഗസ്റ്റ് 20ചൈന ഇന്ററസ്റ്റ് റേറ്റ് : ചൈനീസ് കേന്ദ്ര ബാങ്ക് ഒന്ന്, അഞ്ച് വര്‍ഷക്കാലത്തേക്കുള്ള വായ്പാ പലിശനിരക്കുകള്‍ പ്രഖ്യാപിക്കും ജൂലൈയില്‍ വായ്പയുടെ പ്രൈം നിരക്ക് കുറച്ചിരുന്നു.
ഓഗസ്റ്റ് 21
ജാപ്പനീസ് ട്രേഡ് ഡേറ്റ : ജൂലൈയിലെ ജാപ്പനീസ് വ്യാപാരക്കണക്കുകള്‍ പുറത്തുവിടും. ജൂണില്‍ ജപ്പാന്‍ 22404 കോടി യെന്‍ വ്യാപാര മിച്ചം നേടിയിരുന്നു. ഇറക്കുമതിയേക്കാള്‍ കയറ്റുമതി വരുമാനം ഉയര്‍ന്നിരിക്കുകയാണ്.
യുഎസ് എഫ്ഒഎംസി മിനിറ്റ്സ്: ജൂലൈയില്‍ നടന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി മീറ്റിംഗിന്റെ മിനിറ്റ്സ് ഫെഡറല്‍ റിസര്‍വ് പുറത്തുവിടും. ഭാവി പലിശനിരക്ക് സംബന്ധിച്ച സൂചനകള്‍ ഇതില്‍നിന്നു ലഭിച്ചേക്കും. പലിശ നിരക്ക് 23 വര്‍ഷത്തെ ഏറ്റവും ഉയരമായ 5.25-5.5 ശതമാനമായി നിലനില്‍ക്കുകയാണ്.
ഓഗസ്റ്റ് 22
ഇന്ത്യ ഫ്ളാഷ് പിഎംഐ: ഇന്ത്യ എച്ച്എസ്ബിസി മാനുഫാക്ചറിംഗ് ആന്‍ഡ് സര്‍വീസസ് ഫ്ളാഷ് പിഎംഐ ഇന്നു പുറത്തുവിടും. ജൂലൈയില കോമ്പോസിറ്റ് ജൂലൈയില്‍ 60.7 ആയിരുന്നു. മാനുഫാക്ചറിംഗ് പിഎംഐ ജൂലൈയില്‍ 58.1-ഉം സര്‍വീസസ് പിഎംഐ 60.3-ഉം ആയിരുന്നു.
ആഗോള ഫ്ളാഷ് പിഎംഐ: ജപ്പാന്‍, ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, യുകെ, യൂറോ സോണ്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ഫ്ളാഷ് പിഎംഐ കണക്കുകള്‍ പുറത്തുവിടും.
യുഎസ് ജാക്സണ്‍ ഹോള്‍ സിമ്പോസിയം: മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ജാക്സണ്‍ ഹോള്‍ ഇക്കണോമിക് പോളിസി സിമ്പോസിയം ഓഗസ്റ്റ് 22-ന് തുടക്കം കുറിക്കും. ഒഗസ്റ്റ് 24-ന് അവസാനിക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളുടെ തലവന്മാര്‍ ഇതില്‍ പ്രസംഗിക്കും.
യുഎസ് ജോബ് ലെസ് ക്ലെയിം: ഓഗസ്റ്റ് 17-ന് അവസാനിച്ച വാരത്തിലെ പ്രാഥമിക ജോബ്ലെസ് ക്ലെയിം കണക്കുകള്‍ പുറത്തുവരും. ഓഗസ്റ്റ് 10-ന് അവസാനിച്ച വാരത്തില്‍ ജോബ് ലെസ് ക്ലെയിം കുറഞ്ഞിരുന്നു. ലേബര്‍ വപിണിയുടെ സ്ഥിരതയെക്കുറിച്ചും സമ്പദ്ഘടനയുടെ വളര്‍ച്ചയേയും സൂചിപ്പിക്കുന്ന കണക്കുകള്‍ കൂടിയാണിത്.
ഓഗസ്റ്റ് 23
ഇന്ത്യ ബാങ്ക് ഡിപ്പോസിറ്റ്, വായ്പ വളര്‍ച്ച: ഓഗസ്റ്റ് ഒമ്പതിന് അവസാനിച്ച ദ്വൈവാരത്തിലെ ബാങ്ക് ഡിപ്പോസിറ്റ്, വായ്പ തുടങ്ങിയവ സംബന്ധിച്ച കണക്കുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിടും. ബാങ്ക് വായ്പ ജൂലൈ 26-ന് അവസാനിച്ച വാരത്തില്‍ 13.7 ശതമാനം വളര്‍ച്ച നേടിയിരുന്നു.
ജാപ്പനീസ് പണപ്പെരുപ്പം: ജൂലൈയിലെ ജാപ്പനീസ് പണപ്പെരുപ്പ കണക്കുകള്‍ ഇന്നു പ്രസിദ്ധീകരിക്കും. 2024 ജൂണില്‍ ജപ്പാനിലെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായിരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് പണപ്പെരുപ്പം.
ജെറോം പവല്‍ പ്രസംഗം: ജാക്സണ്‍ ഹോള്‍ ഇക്കണോമിക് പോളിസി സിമ്പോസിയത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോ പവല്‍ പ്രസംഗിക്കും. ലോകം ഉറ്റു നോക്കുന്ന പ്രസംഗമാണിത്.
ആദ്യക്വാര്‍ട്ടര്‍ പ്രവര്‍ത്തനഫലങ്ങള്‍
പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഹെല്‍ത്ത്, മാര്‍കോലൈന്‍സ് പേവ്മെന്റ് ടെക്, നെഫ്രോ കെയര്‍ ഇന്ത്യ, ടൊയാം സ്പോര്‍ട്സ്, ഗര്‍ബി ഫിന്‍വെസ്റ്റ്, സീ കോസ്റ്റ് ഷിപ്പിംഗ് സര്‍വീസസ് തുടങ്ങിയ കമ്പനികള്‍ ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും. ഇതില്‍ പ്രധാനമായിട്ടുള്ളത് ഓഗസ്റ്റ് 21-ന് എത്തുന്ന പ്രോക്ട്രര്‍ ആന്‍ഡ് ഗാംബിളിന്റെ ഫലമാണ്.
ഐപിഒയും ലിസ്റ്റിംഗും
ഇന്റര്‍ ആര്‍ക്ക് ബില്‍ഡിംഗ് പ്രോഡക്ട്സ്: ഇന്റര്‍ ആര്‍ക്ക് ബില്‍ഡിംഗ് പ്രോഡക്ട്സ് കന്നി പബ്ളിക് ഇഷ്യുവഴി 400.29 കോടി രൂപ സ്വരൂപിക്കും. ഇതില്‍ ഓഫര്‍ ഫോര്‍ സെയിലും പുതിയ ഓഹരികളും ഉള്‍പ്പെടുന്നു. ഇഷ്യു ഓഗസ്റ്റ് 19-21. പ്രൈസ് ബാന്‍ഡ് 850-900 രൂപ. ഓഗസ്റ്റ് 26-ന് എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
1983-ല്‍ ആരംഭിച്ച ഇന്‍ര്‍ആര്‍ക് ബില്‍ഡിംഗ് ടേണ്‍ കീ പ്രീ എന്‍ജിനീയേഡ് സ്റ്റീല്‍ കണ്‍സട്ര്ക്ഷന്‍ സൊലൂഷന്‍ പ്രൊവൈഡറാണ്. ഡിസൈന്‍, എന്‍ജിനീയറിംഗ്, മാനുഫാക്ചറിംഗ് എന്നിവയില്‍ ഓണ്‍സൈറ്റ് സംയോജിത സൊലൂഷന്‍ കമ്പനി നല്‍കിവരുന്നു.
ഒറിയന്റ് ടെക്നോളജീസ്: ഒറിയന്റ് ടെക്നോളജീസ് ഐപിഒ ഓഗസ്റ്റ് 21-ന് തുടങ്ങി 23-ന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് 195-206 രൂപ. ഇഷ്യുവഴി 214.76 കോടി രൂപ സമാഹരിക്കുവാന്‍ ഉദ്ദേശിക്കുന്നു. ഓഗസ്റ്റ് 28-ന് എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍, ഐടി എനേബിള്‍സ് സര്‍വീസസ്, ക്ലൗഡ് ആന്‍ഡ് ഡേറ്റ മാനേജ്മെന്റ് സര്‍വീസസ് എന്നീ മേഖലകളില്‍ ഉത്പന്നങ്ങളും സൊലൂഷനുകളും നല്‍കുന്നു.
എസ്എംഇ ഐപിഒ: ഫോര്‍കാസ് സ്റ്റുഡിയോ ( പ്രൈസ് ബാന്‍ഡ് 77-80 രൂപ), ബ്രേസ് പോര്‍ട്ട് ലോജിസ്റ്റിക്സ് ( പ്രൈസ് ബാന്‍ഡ് 76-80 രൂപ) എന്നീ എസ്എംഇ കമ്പനികളുടെ ഇഷ്യു ഓഗസ്റ്റ് 19-ന് ഓപ്പണ്‍ ചെയ്യും. ഇഷ്യു 21-ന് ക്ലോസ് ചെയ്യും.
ഐപിഒ ലിസ്റ്റിംഗ്:
സരസ്വതി സാരീ ഡിപ്പോ: കഴിഞ്ഞ വാരത്തില്‍ ഇഷ്യു നടത്തിയ സരസ്വതി സാരീഡിപ്പോ ഓഹരികള്‍ ഓഗസ്റ്റ് 20-ന് ലിസ്റ്റ് ചെയ്യും. ഇഷ്യുവിന് 107.39 ഇരട്ടി അപേക്ഷകള്‍ ലഭിച്ചിരുന്നു. പ്രൈസ് ബാന്‍ഡ് 152-160 രൂപയായിരുന്നു.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.