സംഘര്‍ഷം: ഇസ്രയേല്‍ ബന്ധമുള്ള 14 ഇന്ത്യന്‍ ഓഹരികളെ ബാധിക്കുമോ ?

ഇന്ത്യന്‍ ഓഹരികള്‍ക്കൊപ്പം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം എണ്ണ വിപണന കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്

Update: 2023-10-09 10:18 GMT

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ ഫലമായി ആഗോള വിപണികളില്‍ ഇന്ന് (ഒക്ടോബര്‍ 9) പരിഭ്രാന്തിയോടെ വിറ്റഴിക്കലൊന്നും ഉണ്ടായില്ലെങ്കിലും ഈ സംഘര്‍ഷം ഇസ്രായേല്‍ ബന്ധമുള്ള നിരവധി ഇന്ത്യന്‍ കമ്പനികളിലേക്ക് ശ്രദ്ധ പതിയാന്‍ കാരണമായി.

ഇസ്രയേലിലുള്ള ഹയിഫ തുറമുഖത്തിന്റെ ഉടമസ്ഥരായ അദാനി പോര്‍ട്‌സിന്റെ ഓഹരി ബിഎസ്ഇയില്‍ ഒക്ടോബര്‍ 9-ന് ഇടിഞ്ഞു. ഏകദേശം അഞ്ച് ശതമാനത്തോളമാണ് താഴ്ന്നത്.

ഇസ്രായേലിന്റെ ടാരോ ഫാര്‍മസ്യൂട്ടിക്കലില്‍ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള സണ്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ ഓഹരികള്‍ ഏകദേശം 2% ഇടിഞ്ഞു.

ടെല്‍അവീവ് ആസ്ഥാനമായ ടേവ ഫാര്‍മസ്യൂട്ടിക്കല്‍സുമായി ബന്ധമുള്ളതിനാല്‍ ഡോ. റെഡ്ഡീസും, ലുപിനും നിക്ഷേപകരുടെ നിരീക്ഷണത്തിലാണ്.

ഖനന രംഗത്തുള്ള നാഷണല്‍ മിനറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (എന്‍എംഡിസി), കല്യാണ്‍ ജ്വല്ലേഴ്‌സ്, ടൈറ്റന്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കും ഇസ്രയേലുമായി ബന്ധമുണ്ട്.

എന്‍എംഡിസി ഓഹരി ഇന്ന് 2.09 ശതമാനവും കല്യാണ്‍ ജ്വല്ലേഴ്‌സ് 2.67 ശതമാനവും ടൈറ്റന്‍ 1.34 ശതമാനവും ഇടിഞ്ഞു.

ഐടി രംഗത്തെ ഭീമന്മാരായ ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് എന്നിവര്‍ക്കൊപ്പം, എസ്ബിഐ, എല്‍ ആന്‍ഡ് ടിക്കും ഇസ്രയേല്‍ ബന്ധമുള്ളവരാണ്.

വിപ്രോ 0.60 ശതമാനവും, ഇന്‍ഫോസിസ് 0.38 ശതമാനവും ഇടിഞ്ഞു. എന്നാല്‍ ടിസിഎസ് 0.32 ശതമാനം നേട്ടമുണ്ടാക്കി.

എസ്ബിഐ 1.53 ശതമാനം എല്‍ ആന്‍ഡ് ടി 0.63 ശതമാനവും ഇടിഞ്ഞു.

ഈ 14 ഇന്ത്യന്‍ ഓഹരികള്‍ക്കൊപ്പം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം എണ്ണ വിപണന കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കാരണം ഈ വര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ദ്ധനയുണ്ടായാല്‍ അതുമായി പൊരുത്തപ്പെടാന്‍ ചില്ലറ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നാണു പറയപ്പെടുന്നത്.

ജി 20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയെ യുദ്ധം ബാധിക്കുമെന്ന ആശങ്കയിലാണ് ഇര്‍കോണ്‍, ജൂപ്പിറ്റര്‍ വാഗണ്‍സ്, ആര്‍വിഎന്‍എല്‍, ഐആര്‍എഫ്‌സി തുടങ്ങിയ റെയില്‍വേ ഓഹരികള്‍.

5-6 ശതമാനം വരെയാണ് ഈ ഓഹരികള്‍ ഇടിവ് നേരിട്ടത്.

റെയില്‍വേയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കും കപ്പല്‍ നിര്‍മാണ വ്യവസായത്തിനും ഈ സാമ്പത്തിക ഇടനാഴി അനുകൂലമായി കാണപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തോടെ ഷിപ്പിംഗ് കോര്‍പ്പറേഷന്റെ ഓഹരികള്‍ ഇന്ന് ഏകദേശം 5 ശതമാനത്തോളമാണ് ഇടിഞ്ഞത്.

Tags:    

Similar News