ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഉറ്റുനോക്കി ഈ ഇന്ത്യന്‍ ഓഹരികള്‍
- 14 ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇസ്രയേലുമായി ബന്ധമുണ്ട്
- ഇസ്രയേലിലുള്ള ഹയിഫ തുറമുഖത്തിന്റെ ഉടമസ്ഥരാണ് അദാനി പോര്‍ട്‌സ്
- ഇറാനില്‍ ഏകദേശം 10,000-ത്തോളം ഇന്ത്യാക്കാരുണ്ടെന്നാണ് കണക്ക്. ഇസ്രയേലിലാകട്ടെ ഇന്ത്യാക്കാരുടെ എണ്ണം 18,000-ത്തോളം വരും
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷഭീതി ലോകമെമ്പാടുമുള്ള വിപണികളില്‍ സ്വാധീനം ചെലുത്തുമെന്നിരിക്കവേ, നിക്ഷേപകര്‍ ഉറ്റുനോക്കുന്നത് 14 ഇന്ത്യന്‍ ഓഹരികളെയാണ്.
14 ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്നതാണ് കാരണം.
അദാനി പോര്‍ട്‌സ്, സണ്‍ ഫാര്‍മ, ലുപിന്‍, ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എസ്ബിഐ, എല്‍ ആന്‍ഡ് ടി, ഭാരത് ഫോര്‍ജ്, ഡോ. റെഡ്ഢീസ്, ടെക് മഹീന്ദ്ര, എന്‍എംഡിസി, കല്യാണ്‍ ജ്വല്ലേഴ്‌സ്, ടൈറ്റന്‍ തുടങ്ങിയ 14 ഇന്ത്യന്‍ കമ്പനികള്‍ക്കാണ് ഇസ്രയേലുമായി ബന്ധമുള്ളത്. ഇന്ന് വ്യാപാരത്തിനിടെ ഭാരത് ഫോര്‍ജ്, എന്‍എംഡിസി ഒഴികെയുള്ള എല്ലാ ഓഹരികളും ഇടിവിലായിരുന്നു.
ഇസ്രയേലിലുള്ള ഹയിഫ തുറമുഖത്തിന്റെ ഉടമസ്ഥരാണ് അദാനി പോര്‍ട്‌സ്.
ടെല്‍അവീവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടേവ ഫാര്‍മയുമായി ബന്ധമുള്ളതാണ് ഡോ. റെഡ്ഢീസും, ലുപിനും. അതുപോലെ ഇസ്രയേലിലെ ടാരോ ഫാര്‍മയുമായി ബന്ധമുണ്ട് സണ്‍ ഫാര്‍മയ്ക്ക്.
ഇറാനിലുള്ളത് 10,000-ത്തോളം ഇന്ത്യക്കാര്‍
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഓഹരി വിപണിയെ മാത്രമല്ല, ഇന്ത്യയുടെ സമ്പദ്ഘടനയിലും സാമൂഹിക രംഗത്തും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.
ഇറാനില്‍ ഏകദേശം 10,000-ത്തോളം ഇന്ത്യാക്കാരുണ്ടെന്നാണ് കണക്ക്. ഇസ്രയേലിലാകട്ടെ ഇന്ത്യാക്കാരുടെ എണ്ണം 18,000-ത്തോളം വരും.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ന്യൂഡല്‍ഹി-ടെഹ്‌റാന്‍ ബന്ധത്തില്‍ ഊഷ്മളത ഏറി വരികയാണ്. അതിനു കാരണം ഇറാന്റെ ചബ്ഹാര്‍ തുറമുഖ വികസനമാണ്.
ഈ വര്‍ഷം ജനുവരിയില്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ എസ്. ജയശങ്കര്‍ ടെഹ്‌റാന്‍ സന്ദര്‍ശിച്ചിരുന്നു. ചബ്ഹാര്‍ തുറമുഖ വികസനത്തിനായി ഒരു 'ദീര്‍ഘകാല സഹകരണ ചട്ടക്കൂട്' സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇറാനുമായും ഇസ്രായേലുമായും ഇന്ത്യക്ക് തന്ത്രപരമായ ബന്ധമാണുള്ളത്. പതിറ്റാണ്ടുകളായി, ഇരുപക്ഷവുമായുള്ള ബന്ധം സന്തുലിത തലത്തിലാണ് ഇന്ത്യ മുന്നോട്ടു കൊണ്ടുപോകുന്നത്. പക്ഷേ, ഇറാനും-ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായാല്‍ ഇന്ത്യയ്ക്ക് സന്തുലിത നിലപാട് നിലനിര്‍ത്താന്‍ പ്രയാസമായിരിക്കും.