ദീപാവലിക്ക് ' ഐപിഒ ധമാക്ക '
15000 കോടി രൂപയോളം പബ്ലിക് ഇഷ്യൂവിലൂടെ സമാഹരിക്കും;

ദലാല്‍ സ്ട്രീറ്റിനെ പ്രകാശിപ്പിക്കാന്‍ ഇപ്രാവിശ്യം ദീപാവലിക്ക് ഒരുങ്ങുന്നത് ഒരു ഡസനോളം ഐപിഒകള്‍. ഏകദേശം 15000 കോടി രൂപയോളം പബ്ലിക് ഇഷ്യൂവിലൂടെ സമാഹരിക്കും. നവംബര്‍ 12-നാണ് ദീപാവലി.
ദീപാവലിയോടനുബന്ധിച്ച് ഐപിഒ നടത്താനിരിക്കുന്ന കമ്പനികള്‍ ഇവയാണ്.
ടാറ്റ ടെക്‌നോളജീസ് (2,500 കോടി രൂപ)
എഎസ്‌കെ ഓട്ടോമോട്ടീവ് (1,000 കോടി രൂപ)
പ്രൊട്ടീന്‍ ഇ ഗവ് ടെക്‌നോളജീസ് (1,300 കോടി രൂപ)
ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1,400 കോടി രൂപ)
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (630 കോടി രൂപ)
ഫ് ളയര്‍ റൈറ്റിംഗ് ഇന്‍ഡസ്ട്രീസ് (800 കോടി രൂപ)
ക്രെഡോ ബ്രാന്‍ഡ്‌സ് മാര്‍ക്കറ്റിംഗ്
ഡോംസ് ഇന്‍ഡസ്ട്രീസ് (1,200 കോടി രൂപ)
സെല്ലോ വേള്‍ഡ് (1,900 കോടി രൂപ)
മമ എര്‍ത്ത് (1,650 കോടി രൂപ)
ബ്ലൂ ജെറ്റ് ഹെല്‍ത്ത്‌കെയര്‍ (840 കോടി രൂപ)
ഇവയില്‍ സെല്ലോ വേള്‍ഡ്, മമ എര്‍ത്ത്, ബ്ലൂ ജെറ്റ് ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ കമ്പനികള്‍ ഇതിനകം ഐപിഒ തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെയാണ് സെല്ലോ വേള്‍ഡിന്റെ ഐപിഒ. 617-648 രൂപയാണ് ഇഷ്യു പ്രൈസ്.
ബ്ലൂ ജെറ്റ് ഹെല്‍ത്ത്‌കെയറിന്റെ ഐപിഒ ഒക്ടോബര്‍ 26-27 വരെയാണ്. മമ എര്‍ത്തിന്റെ മാതൃസ്ഥാപനമായ ഹൊനാസ കണ്‍സ്യൂമറിന്റെ ഐപിഒ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെയാണ്. 308-324 രൂപയാണ് ഇഷ്യു പ്രൈസ്.
കേരളത്തില്‍ നിന്നും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും, ഫെഡറല്‍ ബാങ്കിന്റെ ഉപകമ്പനിയായ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസും ഐപിഒയ്ക്ക് തയാറെടുക്കുന്നുണ്ട്.
ഏവരും കാത്തിരിക്കുന്ന ഐപിഒ
ഏവരും കാത്തിരിക്കുന്ന ഐപിഒ ടാറ്റാ ടെക്‌നോളജീസിന്റേതാണ്. നവംബര്‍ രണ്ടാം വാരത്തിലോ, മൂന്നാം വാരത്തിലോ ഐപിഒ ഉണ്ടാകുമെന്നാണു കരുതുന്നത്. 450-500 രൂപയ്ക്കിടയിലായിരിക്കും ഇഷ്യു പ്രൈസ് എന്ന് ബ്രോക്കര്‍മാര്‍ പറയുന്നു.
20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇപ്പോള്‍ ടാറ്റാ ഗ്രൂപ്പില്‍ നിന്നും ഒരു ഐപിഒ നടക്കുന്നത്.
അവസാനമായി ടാറ്റാ ഗ്രൂപ്പില്‍ നടന്ന ഐപിഒ 2004 ലായിരുന്നു. അത് ടിസിഎസ്സിന്റേതായിരുന്നു.