ആഗോള സൂചനകള്‍ ശുഭം, റിലയന്‍സിന്‍റെ പാദഫലം ഇന്ന് വരുന്നു; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ്
- യുഎസ് വിപണികള്‍ നേട്ടത്തില്‍
- ഗിഫ്റ്റ് നിഫ്റ്റി നേരിയ നേട്ടത്തില്‍ തുടങ്ങി
തുടര്‍ച്ചയായ മൂന്നാം ദിനത്തിലും നഷ്ടം രേഖപ്പെടുത്തിയാണ് ബെഞ്ച് മാര്‍ക്ക് സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത് എങ്കിലും തിരികെ കയറുന്നതിന്‍റെ സൂചനകള്‍ പ്രകടമായിരുന്നു. ജനുവരി 18 ന് ബിഎസ്ഇ സെൻസെക്‌സ് 314 പോയിന്റ് താഴ്ന്ന് 71,187 ലും നിഫ്റ്റി 50 110 പോയിന്റ് താഴ്ന്ന് 21,462 ലും എത്തി, പ്രതിദിന ചാർട്ടുകള്‍ വിപണിയുടെ ചാഞ്ചാട്ടത്തെ സൂചിപ്പിക്കുന്നു.
റെക്കോഡ് ഉയരത്തില്‍ നിന്ന് 800 പോയിന്‍റോളം താഴേക്കിറങ്ങിയ ശേഷം നിഫ്റ്റ് 177 പോയിന്‍റോളം വീണ്ടെടുത്തു. വലിയ ഇടിവിലേക്കോ മുന്നേറ്റത്തിലേക്കോ പോകും മുമ്പ് വിപണിയില്‍ ഒരു ഏകീകരണം പ്രകടമായേക്കാമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
ആഗോള വിപണികളും തിരുത്തലുകള്‍ക്ക് ശേഷം പച്ചയിലേക്ക് എത്തുന്നതിന്‍റെ ശുഭ സൂചനകള്‍ നല്‍കിയിട്ടുണ്ട്. മൂന്നാംപാദ സാമ്പത്തിക ഫല പ്രഖ്യാപനങ്ങള്‍ സൃഷ്ടിക്കുന്ന മനോഭാവങ്ങളും വിപണിയില്‍ പ്രതിഫലിക്കും
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,332ലും തുടർന്ന് 21,272ലും 21,175 ലും പിന്തുണ സ്വീകരിക്കാൻ സാധ്യതയുണ്ട് എന്നാണ്. ഉയർച്ചയുടെ സാഹചര്യത്തില്‍ അത് 21,486 ലും തുടർന്ന് 21,586 ലും 21,683ലും പ്രതിരോധം കാണാനിടയുണ്ട്.
ആഗോള വിപണികളില്‍ ഇന്ന്
വ്യാഴാഴ്ച യുഎസ് ഓഹരി വിപണികള്‍ കുത്തനെ ഉയർന്നു. എസ്&പി-500 0.88 ശതമാനം ഉയർന്ന് 4,780.94 പോയിന്റിൽ സെഷൻ അവസാനിപ്പിച്ചു. നാസ്ഡാക്ക് 1.35 ശതമാനം ഉയർന്ന് 15,055.65 പോയിന്റിലെത്തി, ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.54 ശതമാനം ഉയർന്ന് 37,468.61 പോയിന്റിലെത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലെ പ്രതീക്ഷകള്‍ മൂലം എന്‍വിഡിയയിലും മറ്റ് ചിപ്പ് നിര്‍മാതാക്കളുടെ ഓഹരികളിലും ശക്തമായ വാങ്ങല്‍ പ്രകടമായി.
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ്. ഓസ്ട്രേലിയ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ജപ്പാന്‍റെ നിക്കി, ദക്ഷിണകൊറിയയുടെ കോസ്പി എന്നിവയെല്ലാം പച്ചയിലാണ്. ചൈനയുടെ ഷാങ്ഹായ് ഇടിവില്‍ വ്യാപാരം നടത്തുന്നു.
ഗിഫ്റ്റ് നിഫ്റ്റി 7 പോയിന്‍റ് നേട്ടത്തിലാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തുടക്കം ഫ്ലാറ്റായോ പോസിറ്റിവായോ ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: ഡിസംബറിൽ അവസാനിച്ച പാദത്തിൽ അനലിസ്റ്റുകളുടെ പ്രതീക്ഷയേക്കാള്‍ അൽപ്പം മെച്ചപ്പെട്ട വരുമാനം രേഖപ്പെടുത്തി. സ്‍റ്റാന്‍റ്എലോണ്‍ അറ്റാദായം 17.3 ശതമാനം വാര്‍ഷിക വര്‍ധനയോടെ 2,297.9 കോടി രൂപയായും അറ്റ പലിശ വരുമാനം 17.8 ശതമാനം ഉയർന്ന് 5,295.6 കോടി രൂപയായും ഉയർന്നു.
പൂനവല്ല ഫിൻകോർപ്പ്: നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയുടെ മൂന്നാംപാദ അറ്റാദായം 76.3 ശതമാനം വാര്‍ഷിക വര്‍ധനയോടെ 265.1 കോടി രൂപയായി. ഇതേ കാലയളവിലെ പ്രവർത്തന വരുമാനം 52.1 ശതമാനം വർധിച്ച് 762.6 കോടി രൂപയായി.
മെട്രോ ബ്രാൻഡ്‍ഡ്: പാദരക്ഷകളുടെ റീട്ടെയിലറായ കമ്പനിയുടെ മൂന്നാം പാദത്തിലെ ഏകീകൃത അറ്റാദായം 12.6 ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തി 97.81 കോടി രൂപയായി. പ്രവർത്തന വരുമാനം 6.1 ശതമാനം വർധിച്ച് 635.5 കോടി രൂപയായി.
ഷോപ്പേഴ്‌സ് സ്റ്റോപ്പ്: ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ശൃംഖലയുടെ ഡിസംബറിൽ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റാദായം 41.3 ശതമാനം വാര്‍ഷിക ഇടിവോടെ 36.85 കോടി രൂപയായി. പ്രവർത്തന വരുമാനം 8.8 ശതമാനം വർധിച്ച് 1,237.5 കോടി രൂപയായി.
സുപ്രീം പെട്രോകെം: പോളിസ്റ്റൈറൈൻ പോളിമർ ഉൽപ്പാദകന്‍റെ അറ്റാദായം 24.7 ശതമാനം വാര്‍ഷിക ഇടിവോടെ ഒക്ടോബർ-ഡിസംബർ പാദത്തിൽ 67.7 കോടി രൂപയായി. പ്രവർത്തന വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 0.6 ശതമാനം വർധിച്ച് 1,187.7 കോടി രൂപയായി.
ഷാൽബി: ഗുരുഗ്രാമിലെ സനാർ ഇന്റർനാഷണൽ ഹോസ്പിറ്റൽസിന്റെ (പികെ ഹെൽത്ത് കെയർ) 87.26 ശതമാനം ഓഹരികൾ 102 കോടി രൂപയ്ക്ക് ഏറ്റെടുത്തു. പ്രാഥമിക നിക്ഷേപങ്ങളിലൂടെയും സെക്കണ്ടറി വാങ്ങലുകളിലൂടെയും ഈ ഏറ്റെടുക്കല്‍ ഒരു മാസത്തിനുള്ളില്‍ ഏറ്റെടുക്കും.
ഇന്ന് വരുന്ന റിസള്‍ട്ടുകള്‍
റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, അൾട്രാടെക് സിമൻറ്, വൺ 97 കമ്മ്യൂണിക്കേഷൻസ് (പേടിഎം), ആർബിഎൽ ബാങ്ക്, ഹിന്ദുസ്ഥാൻ സിങ്ക്, അതുൽ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സിഇഎസ്‌സി, ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്, ഹാറ്റ്‌സൺ അഗ്രോ പ്രൊഡക്റ്റ്, എച്ച്ടി മീഡിയ, സൺടെക്ക് റിയാലിറ്റി, തേജസ് നെറ്റ്‌വർക്സ്, വെബ്‌സോൾ എനർജി എന്നിവയുടെ ത്രൈമാസ വരുമാന പ്രഖ്യാപനങ്ങള്‍ ഇന്ന് നടക്കും.
ക്രൂഡ് ഓയില്‍ വില
ചൈനയിലെ മന്ദഗതിയിലുള്ള ഡിമാൻഡ് വളർച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ മൂലം വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ വില താഴേക്കിറങ്ങി. ഇന്ത്യന്‍ സമയം രാവിലെ 7.21 ആയപ്പോഴേക്കും ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 17 സെൻറ് അഥവാ 0.2 ശതമാനം കുറഞ്ഞ് ബാരലിന് 78.93 ഡോളറായി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 3 സെൻറ് ഇടിഞ്ഞ് 74.05 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ജനുവരി 18ന് ഓഹരികളില്‍ 9,901.56 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 5,977.12 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയതായി എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം