അറ്റവാങ്ങലുകാരായി എഫ്‍ഐഐകള്‍, ക്രൂഡ് വിലയില്‍ ഇടിവ്; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • സൈനിക തല ആശയവിനിമയം പുനരാരംഭിക്കാന്‍ ചൈന-യുഎസ് ധാരണ

Update: 2023-11-16 01:43 GMT

വിപണി തുറക്കും മുമ്പ് അറിയേണ്ടത്

ഒരാഴ്ചയോളം നീണ്ടു നിന്ന കണ്‍സോളിഡേഷന്‍ പരിധിയില്‍ നിന്ന് പുറത്തുകടന്ന് 1 ശതമാനത്തിനു മുകളില്‍ നേട്ടവുമായാണ് ഇന്നലെ ഓഹരി വിപണി സൂചികകള്‍ വ്യാപാര സെഷന്‍ അവസാനിപ്പിച്ചത്. നിലവിലെ നിലകളില്‍ കണ്‍സോളിഡേഷന്‍ ദൃശ്യമായേക്കുമെന്നും അതിനു ശേഷം മുകളിലേക്ക് കയറാമെന്നുമാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഇന്നലെ ബിഎസ്ഇ സെൻസെക്‌സ് 742 പോയിന്റ് ഉയർന്ന് 65,676ല്‍ എത്തി, എല്ലാ വിഭാഗങ്ങളിലെയും ഓഹരികളില്‍ മുന്നേറ്റം പ്രകടമായിരുന്നു. നിഫ്റ്റി 50 232 പോയിന്റ് അഥവാ 1.19 ശതമാനം ഉയർന്ന് 19,676 ൽ ക്ലോസ് ചെയ്തു. മാർച്ച് 31 ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ നേട്ടമാണ് ഇത്.

യുഎസില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള മികച്ച സാമ്പത്തിക ഡാറ്റകളും, യുഎസിലെ പണപ്പെരുപ്പം താഴ്ന്നത് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ അധികം വൈകാതെ താഴുമെന്ന പ്രതീക്ഷ ശക്തമാക്കിയതുമാണ് ആഗോള വിപണികളെ മുന്നോട്ടു ചലിപ്പിച്ചത്. യുഎസ് റീട്ടെയിൽ വിൽപ്പന ഒക്ടോബറിൽ ഏഴ് മാസത്തിനിടെ ആദ്യമായി ഇടിഞ്ഞുവെന്ന് ഇന്നലെ പുറത്തിറങ്ങിയ ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം ഉല്‍പ്പന്നങ്ങളുടെ ഫാക്റ്ററി വിലയിൽ കഴിഞ്ഞ മാസം മൂന്നര വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി.

ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ സമ്മേളനത്തിനിടെ യുഎസ് പ്രസിഡന്‍റ് ജോബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിംഗും ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചില സൈനിക തല ആശയവിനിമയങ്ങള്‍ പുനരാരംഭിക്കാന്‍ ധാരണയായിട്ടുണ്ട്. ലോകത്തിലെ രണ്ട് വലിയ സാമ്പത്തിക ശക്തികള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ മയപ്പെടുന്നത് ആഗോള തലത്തില്‍ നിക്ഷേപകരെ സംബന്ധിച്ച് പൊസിറ്റിവ് ആണ്.  

ആഗോള വിപണികളില്‍ ഇന്ന്

ബുധനാഴ്ച പതിവ് വ്യാപാരത്തില്‍ നേട്ടത്തിലാണ് മൂന്ന് യുഎസ് വിപണികളും വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 0.5% നേട്ടത്തോടെ ഡൗ ജോണ്‍സ് ഇന്‍റസ്ട്രിയല്‍ ആവറേജ് തുടർച്ചയായ നാലാമത്തെ വിജയ സെഷൻ പൂര്‍ത്തിയാക്കി. എസ്&പി-500 0.2 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 0.1 ശതമാനവും ഉയർന്നു. എന്നാല്‍ രാത്രി വ്യാപാരത്തില്‍ സ്റ്റോക്ക് ഫ്യച്ചറുകള്‍ നേരിയ തോതില്‍ ഇടിയുകയാണ് ഉണ്ടായത്. 

യൂറോപ്യന്‍ വിപണികള്‍ പൊതുവേ മികച്ച നേട്ടത്തിലാണ് ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. 

ഏഷ്യ പസഫിക് വിപണികളില്‍ പൊതുവേ ഇടിവിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൈനയുടെ ഷാങ്ഹായ്, ജപ്പാന്റെ നിക്കി, ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ്, ഓസ്‌ട്രേലിയയുടെ എസ്&പി/എഎസ്എക്സ് 200 എന്നിവ ഇടിവിലാണ് വ്യാപാരം നടത്തുന്നത്.

ഗിഫ്റ്റ് നിഫ്റ്റിയില്‍  6 പോയിന്‍റിന്‍റെ നേരിയ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും പൊസിറ്റിവ് തുടക്കത്തെയാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്. 

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റി 19,606-ലും തുടർന്ന് 19,579-ലും 19,536-ലും പിന്തുണ നേടിയേക്കാം എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,693 പെട്ടെന്നുള്ള പ്രതിരോധം ആകാം, തുടർന്ന് 19,720ഉം 19,763ഉം.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ബജാജ് ഫിനാൻസ്: കമ്പനിയുടെ രണ്ട് വായ്പാ ഉൽപ്പന്നങ്ങളായ ഇകോം (eCOM), ഇന്‍സ്‍റ്റ ഇഎംഐ (Insta EMI) കാർഡ് എന്നിവയ്ക്ക് കീഴിലുള്ള വായ്പകളുടെ അനുമതിയും വിതരണവും ഉടനടി നിര്‍ത്തിവെക്കാന്‍ റിസർവ് ബാങ്ക് നിർദ്ദേശിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ വായ്പാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനാലാണ്  നടപടി.

സുസ്‍ലോൺ എനർജി: തങ്ങളുടെ എസ് 144, 3 മെഗാവാട്ട് - 3.15 മെഗാവാട്ട് വിൻഡ് ടർബൈൻ സീരീസിന് പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തില്‍ നിന്നുള്ള ആര്‍എല്‍എംഎം (മോഡലുകളുടെയും മാനുഫാക്ചറർമാരുടെയും പുതുക്കിയ പട്ടിക) ലിസ്റ്റിംഗ് ലഭിച്ചതായി ഇന്ത്യയിലെ ഏറ്റവും വലിയ റിന്യൂവബിൾ എനർജി സൊല്യൂഷൻസ് ദാതാവായ കമ്പനി അറിയിച്ചു.

വൺ 97 കമ്മ്യൂണിക്കേഷന്‍സ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് യാത്രാനുഭവം നവീകരിക്കുന്നതിന് ആഗോള ട്രാവൽ ടെക്നോളജി കമ്പനിയായ അമേഡിയസുമായുള്ള  പങ്കാളിത്തം പേടിഎം ഓപ്പറേറ്റര്‍ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തേക്ക്, അമേഡിയസിന്റെ വിപുലമായ യാത്രാ പ്ലാറ്റ്‌ഫോമുമായി പേടിഎമ്മിനെ സംയോജിപ്പിക്കും. 

സാറ്റിൻ ക്രെഡിറ്റ് കെയർ നെറ്റ്‌വർക്ക്: പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെയുള്ള ഫണ്ട് ശേഖരണം പരിഗണിക്കാൻ ബോർഡ് അംഗങ്ങൾ നവംബർ 20 ന് യോഗം ചേരുമെന്ന് മൈക്രോഫിനാൻസ് കമ്പനി അറിയിച്ചു.

ബേയർ ക്രോപ്‌സയൻസ്: വിള സംരക്ഷണ ഉൽപ്പന്നങ്ങളുടെ നിർമ്മാണ കമ്പനി നവംബർ 16 മുതൽ എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്യും. ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 105 രൂപയാണ്. ബേയറിനെ കൂടാതെ, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സിഗ്നിറ്റി ടെക്‌നോളജീസ്, കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, എംഎസ്‌ടിസി, സാക്‌സോഫ്റ്റ്, സുന്ദരം ഫാസ്‍റ്റനേഴ്‌സ് എന്നിവയും നവംബർ 16-ന് എക്‌സ്-ഡിവിഡന്റ് ആയി മാറും.

റേറ്റ്‍ഗെയിന്‍ ട്രാവല്‍ ടെക്നോളജീസ്: ട്രാവൽ ആൻഡ് ഹോസ്‍പിറ്റാലിറ്റി മേഖലയ്ക്ക് സോഫ്റ്റ്‌വെയർ സേവന (SaaS) സൊല്യൂഷനുകൾ നൽകുന്ന കമ്പനി നവംബർ 15-ന് ക്യുഐപി ഇഷ്യു തുറന്നു.  ഓഹരിയൊന്നിന് 676.66 രൂപയാണ് തറവിലയായി നിശ്ചയിച്ചിട്ടുള്ളത്. 

ക്രൂഡ് ഓയില്‍ താഴ്ന്നു

യുഎസ് ക്രൂഡ് സംഭരണം പ്രതീക്ഷിച്ചതിലും ഉയര്‍ന്നതും ഏഷ്യയിലെ ഡിമാൻഡിനെക്കുറിച്ചുള്ള ആശങ്കകൾ വര്‍ധിച്ചതും മൂലം ബുധനാഴ്ചയിലെ വ്യാപാരത്തില്‍ എണ്ണവില താഴ്ന്നു. ബ്രെന്റ് ഫ്യൂച്ചറുകൾ ബാരലിന് 97 സെൻറ് കുറഞ്ഞ് 81.47 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് വില 1.31 ഡോളർ കുറഞ്ഞ് 76.94 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ ഓഹരികളില്‍ 550.19 കോടി രൂപയുടെ വാങ്ങല്‍ നടത്തി. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 609.82 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയെന്നും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം

Tags:    

Similar News