പോയ വാരം അമ്പതോളം സ്‌മോൾ ക്യാപ് ഓഹരികൾ ഉയർന്നത് 43% വരെ

  • ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 1.8% ഉയർന്നു
  • കഴിഞ്ഞ ആഴ്ചയിൽ എഫ്ഐഐകൾ 8,365.53 കോടി രൂപയുടെ ഓഹരികൾ വിറ്റു
  • ഐടി മേഖലക്ക് തിരിച്ചടി, റിയൽറ്റി മേഖല ഉയർന്നു

Update: 2024-03-23 11:27 GMT

കഴിഞ്ഞ ആഴ്ച്ച കനത്ത ഇടിവ് നേരിട്ട മിഡ്ഡ്, സ്‌മോൾ ക്യാപ് സൂചികകൾ ഈ വാരം വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിലാണ്. മാത്രമല്ല ബെഞ്ച്മാർക്ക് സൂചികകൾ മറികടക്കുകയും ചെയ്തു. ബാങ്ക് ഓഫ് ജപ്പാനിൽ നിന്നുള്ള പലിശ നിരക്ക് വർദ്ധന, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ മാറ്റമില്ലാത്ത പലിശ നിരക്ക്, ഈ വർഷം നിരക്ക് കുറയ്ക്കുമെന്ന് ഫെഡ്ഡ് നൽകിയ ഉറപ്പ്, ഉയർന്ന പ്രത്യക്ഷ നികുതി പിരിവ് എന്നിവ ഉൾപ്പെടെയുള്ള ആഗോള സൂചനകൾ വിപണിയുടെ ചാഞ്ചാട്ടത്തിനു കാരണമായി. 

പോയ വാരം സെൻസെക്സ് 188.51 അഥവാ 0.25 ശതമാനം ഉയർന്ന് 72,831.94 ലും നിഫ്റ്റി 73.45 പോയിൻ്റ് അഥവാ 0.33 ശതമാനം ഉയർന്ന് 22,096.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറുകളിൽ, നിഫ്റ്റി റിയല്‍റ്റി 5.4 ശതമാനവും നിഫ്റ്റി ഓട്ടോ, മെറ്റൽ സൂചികകൾ 4 ശതമാനം വീതവും ഉയർന്നപ്പോൾ നിഫ്റ്റി ഐടി സൂചിക 6 ശതമാനവും ഇടിഞ്ഞു.

ബിഎസ്ഇ സ്മോൾ ക്യാപ്, മിഡ് ക്യാപ്, ലാർജ് ക്യാപ് സൂചികകൾ യഥാക്രമം 1.8 ശതമാനം, 1.4 ശതമാനം, 0.6 ശതമാനം എന്നിങ്ങനെ ഉയർന്നു.

കഴിഞ്ഞ ആഴ്ചയിൽ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 8,365.53 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 19,351.62 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

"ആഗോള വിപണികളിൽ നിന്നുള്ള സമ്മിശ്ര പ്രവണത നിക്ഷേപകരുടെ താല്പര്യത്തിന് മങ്ങലേല്പിച്ചു. പ്രധാനമായും സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള സുപ്രധാന നയ തീരുമാനങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾ തന്നെയാണ് കാരണം. 17 വർഷത്തിന് ശേഷം ബാങ്ക് ഓഫ് ജപ്പാൻ നടത്തിയ അപ്രതീക്ഷിത പലിശ നിരക്ക് വർദ്ധനയും നിരക്കുകൾ നിലനിർത്താനുള്ള യൂറോപ്പ്യൻ സെൻട്രൽ ബാങ്കിന്റെ തീരുമാനവും വിപണികളെ ചാഞ്ചാട്ടത്തിലേക് നയിച്ചു. ഈ വർഷം മൂന്ന് തവണകളായി പലിശനിരക്ക് കുറയ്ക്കുമെന്ന ഫെഡിന്റെ സൂചനയെത്തുടർന്ന് വിപണി വീണ്ടും ഉയർന്നു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിൻ്റെ റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

ആഭ്യന്തര, വിദേശ നിക്ഷേപകരുടെ വാങ്ങൽ മെച്ചപ്പെട്ടത് മിഡ്, സ്‌മോൾക്യാപ് സൂചികകളുടെ നഷ്ടം പകുതിയോളം വീണ്ടെടുക്കാൻ സഹായിച്ചു. ആഗോള ചെലവഴിക്കൽ കുറഞ്ഞത് മൂലം ഐടി മേഖലയ്ക്ക് തിരിച്ചടി നേരിട്ടു. നിക്ഷേപകർ റിയൽറ്റി മേഖലയിലേക്ക് ശ്രദ്ധ തിരിച്ചു, അത് സൂചികയേ ഉയർന്ന ലെവലിലേക്ക് നയിച്ചുവെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

മനോജ് വൈഭവ് ജെംസ് എന്‍ ജ്വല്ലേഴ്‌സ്, ഇമുദ്ര, വാദിലാൽ ഇൻഡസ്ട്രീസ്, ധനി സർവീസസ്, ജെൻസോൾ എഞ്ചിനീയറിംഗ്, റിലയൻസ് പവർ, ശോഭ, ദി അനൂപ് എഞ്ചിനീയറിംഗ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, സ്വാൻ എനർജി, പ്രജ് ഇൻഡസ്ട്രീസ്, സ്‌കൈപ്പർ, ജയസ്വാൾ നെക്കോ ഇൻഡസ്ട്രീസ്, ഫൈവ്-സ്റ്റാർ ബിസിനസ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ 15-42 ശതമാനം ഉയർന്നതോടെ  ബിഎസ്ഇ സ്‌മോൾ ക്യാപ് സൂചിക ഏകദേശം 2 ശതമാനം നേട്ടത്തിലെത്തി.

ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ, എംകെ പ്രോട്ടീൻസ്, ജയ് ബാലാജി ഇൻഡസ്ട്രീസ്, പിസി ജ്വല്ലർ, സൻമിത് ഇൻഫ്ര, ഗുജറാത്ത് അംബുജ എക്‌സ്‌പോർട്ട്‌സ്, ഡിബി റിയല്‍റ്റി എന്നിവ 10-20 ശതമാനം വരെ നഷ്ടം നൽകി.

Full View


Tags:    

Similar News