ഐഐഎഫ്എൽ ഓഹരികൾ രണ്ടാം ദിവസവും ലോവർ സർക്യൂട്ടിൽ

  • ഐഐഎഫ്എൽ ഫിനാൻസിൽ 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപവുമായി ഫെയർഫാക്സ് ഇന്ത്യ
  • ഫിഹ് മൗറീഷ്യസ് ഇൻവെസ്റ്റ്‌മെൻ്റ്‌സിന് ഐഐഎഫ്എൽ ഫിനാൻസിൽ 15.12% പങ്കാളിത്തമുണ്ട്
  • ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയിൽ

Update: 2024-03-06 08:08 GMT

ഐഐഎഫ്എൽ ഫിനാൻസിലെ ഏറ്റവും വലിയ ഓഹരി പങ്കാളികളായ ഫെയർഫാക്സ് ഇന്ത്യ ഹോൾഡിംഗ് കോർപ്പറേഷൻ 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുന്നു. കമ്പനിയുടെ ലിക്വിഡിറ്റി സപ്പോർട്ടിനായാണ് നിക്ഷേപമെന്നും എക്‌സ്‌ചേഞ്ച് ഫയലിംഗ് അറിയിച്ചു. എന്നാൽ ഏതു രീതിയിലായിരിക്കും നിക്ഷേപമെന്ന് വ്യക്തമാക്കിയിട്ടില്ല. ഐഐഎഫ്എൽ ഫിനാൻസിൻ്റെ സ്വർണ്ണ വായ്പാ വിതരണത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏർപ്പെടുത്തിയ ഉപരോധത്തിനിടയിലാണ് പ്രഖ്യാപനം.

ആർബിഐ നടപടിക്ക് ശേഷം കമ്പനിയിലെ നിക്ഷേപകരുടേയും വായ്പ നൽകുന്നവരുടേയും ആശങ്കകളെ തുടർന്നാണ് നിക്ഷേപമെന്നും ഫെയർഫാക്സ് ഇന്ത്യ പറഞ്ഞു. 

"ഐഐഎഫ്എൽ ഗ്രൂപ്പിലെ ദീർഘകാല നിക്ഷേപകരാണ് ഞങ്ങൾ, നിർമ്മൽ ജെയിനും ആർ വെങ്കിട്ടരാമനും നേതൃത്വം നൽകുന്ന കമ്പനിയുടെ ശക്തമായ മാനേജ്‌മെൻ്റ് ടീമിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും നിയന്ത്രണങ്ങൾ മറികടക്കുന്നതിനും കമ്പനി തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” ഫെയർഫാക്‌സ് ഇന്ത്യ ചെയർമാൻ പ്രേം വാട്‌സ പറഞ്ഞു"

ഡിസംബർ പാദത്തിലെ ഓഹരി പങ്കാളിത്തമനുസരിച്ച്, ഫെയർഫാക്‌സ് ഉപസ്ഥാപനമായ ഫിഹ് മൗറീഷ്യസ് ഇൻവെസ്റ്റ്‌മെൻ്റ്‌സിന് ഐഐഎഫ്എൽ ഫിനാൻസിൽ 15.12 ശതമാനം പങ്കാളിത്തമുണ്ട്.

ഗോൾഡ് ലോൺ പോർട്ട്‌ഫോളിയോയിലെ മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകളുടെ പേരിൽ ഐഐഎഫ്എൽ ഫിനാൻസിന്മേൽ ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കേന്ദ്ര ബാങ്കിന്റെ നിയന്ത്രണങ്ങളെ തുടർന്ന് ഐഐഎഫ്എൽ ഫിനാൻസ് ഓഹരികൾ ഇന്നും 20 ശതമാനം ലോവർ സർക്യൂട്ടിലെത്തി. ഓഹരികൾ നിലവിൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയായ 382 രൂപയിലാണ് വ്യാപാരം തുടരുന്നത്.

Tags:    

Similar News