167% നേട്ടത്തിൽ സിയാന്‍‍റ്റ് ഡിഎൽഎം ഓഹരികൾ

നിലവിൽ 5,580 കോടി രൂപയുടെ വിപണി മൂല്യമാണ് കമ്പനിക്കുള്ളത്

Update: 2023-10-18 11:40 GMT

2023 ജൂലൈ 10-ന് ലിസ്‌റ്റ് ചെയ്ത സിയാന്‍‍റ്റ് ഡിഎൽഎം ഓഹരികൾ ഇതുവരെ 167.4 ശതമാനത്തിന്റെ ഉയർച്ചയാണ് രേഖപെടുത്തിയിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാംപാദ ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ആദ്യ ദിവസം ഓഹരികൾ  8 ശതമാനത്തിലധികം ഉയർന്നു. നിലവിൽ, 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 778.90ല്‍ നിന്ന് എട്ടു ശതമാനം താഴെ 713.60 (ഒക്ടോബർ 18, 3:22) രൂപയിലാണ് ഓഹരിയുടെ വില. സ്മാൾ ക്യാപ് കമ്പനിയായ സിയാന്‍‍റ്റ് ഡിഎൽഎമ്മിന് നിലവിൽ 5,580 കോടി രൂപയുടെ വിപണി മൂല്യമാണ് ഉള്ളത്.

ബിഎസ്ഇ ഫയലിംഗ് അനുസരിച്ച്, കമ്പനിയുടെ വരുമാനം. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 71.5 ശതമാനം വാര്‍ഷിക വർധനയോടെ 291.8 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തില്‍ ഇത് 170.1 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം 7.1 കോടി രൂപയിൽ നിന്ന് 106 ശതമാനം വർധിച്ച് 14.6 കോടി രൂപയിലെത്തി.

പ്രൊമോട്ടർമാർക്ക് 66.66 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയില്‍ ഉള്ളത്.  എഫ്ഐഐകൾ 6.23 ശതമാനവും ഡിഐഐകൾ 12.29 ശതമാനവും ഓഹരികള്‍ കൈവശം വെക്കുന്നു. പൊതുജനങ്ങൾക്ക് 14.82 ശതമാനവും ഓഹരി പങ്കാളിത്തമാണ് കമ്പനിയിൽ ഉള്ളത്.

സംയോജിത ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് സിയാന്‍‍റ്റ് ഡിഎൽഎം. ഡിസൈൻ, ബിൽഡ്, മെയിന്റനൻസ് എന്നിവ പ്രദാനം ചെയ്യുന്നു.  പ്രധാനമായും പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലി (പിസിബിഎ), കേബിൾ ഹാർനെസുകൾ, ബോക്സ് ബിൽഡുകൾ എന്നിവയാണ് കമ്പനിയുടെ നിർമാണത്തിൽ ഉൾപ്പെടുന്നത്.ഫോർച്യൂൺ 500 പട്ടികയിലുള്ള 29 കമ്പനികൾ ഉൾപ്പെടെ 300-ലധികം ക്ലയന്‍റുകളുടെ നെറ്റ്‌വർക്കിലേക്ക് കമ്പനി സേവനങ്ങളും സൊലൂഷനുകളും നൽകുന്നു.

Tags:    

Similar News