ക്രൂഡ് ഇടിവ്: എണ്ണ വിതരണ കമ്പനികളുടെ ഓഹരികൾ ഉയരുന്നു
നിലവിൽ ക്രൂഡ് ബാരലിന് 80 ഡോളറിലാണ് വ്യാപാരം നടക്കുന്നത്
ക്രൂഡ് വിലയിലെ ഇടിവിൽ രാജ്യത്തെ എണ്ണ വിതരണ കമ്പനികളുടെ ഓഹരികൾ ഉയരുന്നു. നവംബർ 20-ലെ വ്യപാരവസാനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിഒഎംസികളുടെ ഓഹരികൾ മുൻ മാസത്തെക്കാളും യഥാക്രമം 14.40 ശതമാനം, 13 ശതമാനം, 22.5 ശതമാനം നേട്ടം നൽകി.
നവംബറിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു. നിലവിൽ ബാരലിന് 80 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇത് കഴിഞ്ഞ മാസം ബാരലിന് 90 ഡോളറയിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധം എണ്ണ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താത്തതിനാൽ വിലയിൽ മാറ്റങ്ങളൊന്നുമുണ്ടായില്ല.
ക്രൂഡ് വിലയുടെ ഇടിവിന് പുറമേ, സെപ്റ്റംബർ പാദത്തിലെ ഒഎംസികളുടെ മികച്ച പ്രകടനവും കമ്പനികൾക്ക് അനുകൂലമായി. ഇന്ത്യൻ റിഫൈനർമാർ രണ്ടാം പാദത്തിൽ ലാഭത്തിലേക്ക് തിരിച്ചുവന്നു. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 27,295 കോടി രൂപയുടെ സംയോജിത അറ്റാദായമാണ് കമ്പനികൾ രേഖപ്പെടുത്തി.
രാജ്യത്തെ ഏറ്റവും വലിയ റിഫൈനറായ ഇന്ത്യൻ ഓയിൽ രണ്ടാം പാദത്തിൽ 12,967 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 272 കോടി നഷ്ടത്തിലായിരുന്നു. ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാൻ പെട്രോളിയവും യഥാക്രമം 8,501 കോടി രൂപയുടെയും 5,827 കോടി രൂപയുടെയും അറ്റാദായമാണ് രേഖപ്പെടുത്തിയത്.